'അന്ധാധുന്‍' റീമേക്ക്? 'ഭ്രമം' ഫോര്‍ട്ട് കൊച്ചിയില്‍ തുടങ്ങി

By Web TeamFirst Published Jan 27, 2021, 12:37 PM IST
Highlights

ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബ്ലാക്ക് കോമഡി ത്രില്ലര്‍ ചിത്രം 'അന്ധാധുനി'ന്‍റെ റീമേക്ക് ആണ് പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

രവി കെ ചന്ദ്രന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ഭ്രമം' ഫോര്‍ട്ട് കൊച്ചിയില്‍ തുടങ്ങി. എ പി ഇന്‍റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും മംമ്ത മോഹന്‍ദാസും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് ബാലന്‍റേതാണ് തിരക്കഥ. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. സംഗീതം ജേക്സ് ബിജോയ്. 

ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബ്ലാക്ക് കോമഡി ത്രില്ലര്‍ ചിത്രം 'അന്ധാധുനി'ന്‍റെ റീമേക്ക് ആണ് പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. എന്നാല്‍ ചിത്രത്തിന് തുടക്കമിട്ട ഇന്ന് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റ് ഇക്കാര്യം സ്ഥിരീകരിക്കുന്നതാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 'പിയാനോ ക്ലാസ്സുകള്‍' എന്നാണ് ഒരു പിയാനോയുടെ ചിത്രത്തിനൊപ്പം പൃഥ്വി കുറിച്ചിരിക്കുന്നത്. 'അന്ധാധുനി'ല്‍ ആയുഷ്‍മാന്‍ ഖുറാന അവതരിപ്പിച്ച നായക കഥാപാത്രം ഒരു പിയാനിസ്റ്റ് ആയിരുന്നു.

Latest Videos

 

'അന്ധകന്‍' എന്ന പേരില്‍ ചിത്രത്തിന്‍റെ തമിഴ് റീമേക്ക് നേരത്തെ പ്രദര്‍ശനത്തിന് എത്തിയിരുന്നു. പ്രശാന്തും സിമ്രനുമായിരുന്നു ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിഥിന്‍, തമന്ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു തെലുങ്ക് റീമേക്കും നിര്‍മ്മാണഘട്ടത്തിലാണ്. അതേസമയം റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ, ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന തുടങ്ങിയവരും ഭ്രമത്തില്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഇന്ത്യയിലെ തന്നെ പ്രമുഖ ഛായാഗ്രാഹകരില്‍ ഒരാളായ രവി കെ ചന്ദ്രന്‍ നിരവധി പ്രശസ്ത സിനിമകളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. ഏകലവ്യന്‍, ദി കിംഗ്, മിന്‍സാര കനവ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ദില്‍ ചാഹ്താ ഹെ, കന്നത്തില്‍ മുത്തമിട്ടാല്‍, കോയി മില്‍ ഗയാ, ബോയ്സ്, ബ്ലാക്ക്, ഗജിനി, മൈ നെയിം ഈസ് ഖാന്‍ എന്നിങ്ങനെ നീളുന്നതാണ് അദ്ദേഹത്തിന്‍റെ ഫിലിമോഗ്രഫി. ജീവയെ നായകനാക്കി യാന്‍ എന്ന ചിത്രം തമിഴില്‍ സംവിധാനം ചെയ്തിട്ടുണ്ട്. പൃഥ്വിരാജിന്‍റെ ഷാജി കൈലാസ് ചിത്രം 'കടുവ'യുടെയും ഛായാഗ്രഹണം അദ്ദേഹമാണ്. 

click me!