
കൊവിഡ് രണ്ടാം തരംഗത്തിനുശേഷം തുറന്ന തിയറ്ററുകള്‍ 'കുറുപ്പ്' റിലീസോടെ സജീവമായിരിക്കുകയാണ്. ഈ വാരം മുതല്‍ മറ്റു പല റിലീസുകളുമുണ്ട്. വരാനിരിക്കുന്നവയില്‍ സുരേഷ് ഗോപിയുടെ കാവലും മോഹന്‍ലാലിന്‍റെ മരക്കാറുമുണ്ട്. ആദ്യം ഒടിടി റിലീസ് പ്രഖ്യാപിച്ച് പിന്നീട് തിയറ്ററുകളിലൂടെ പുറത്തിറക്കാന്‍ തീരുമാനിച്ച മരക്കാര്‍ ഇതിനകം വന്‍ ഹൈപ്പ് ലഭിച്ച ചിത്രമാണ്. നിരവധി റിലീസുകള്‍ എത്തുന്നതിനാല്‍ മരക്കാറിന് എത്ര തിയറ്ററുകള്‍ ലഭിക്കും എന്നത് സിനിമാഗ്രൂപ്പുകളിലെ ചര്‍ച്ചയാണ്. ഇപ്പോഴിതാ കാവല്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ച ഒരു ചോദ്യവും അതിന് അദ്ദേഹം നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്.
കാവലിലെ സുരേഷ് ഗോപിയുടെ ഒരു പോസ്റ്റര്‍ ഇന്നലെ അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‍തിരുന്നു. 'മരക്കാര്‍ വരുന്നതോടെ കാവലിന്‍റെ തിയറ്റര്‍ കൗണ്ട് കുറയില്ലേയെന്നും ആയതിനാല്‍ ചിത്രത്തിന്‍റെ റിലീസ് നീട്ടാമായിരുന്നില്ലേ' എന്നുമായിരുന്നു ഒരാളുടെ ചോദ്യം. അതിന് ജോബി ജോര്‍ജ് നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു- മോനെ ഞാൻ നേരത്തെ പ്ലാൻ ചെയ്തതാ, അത് മാത്രമല്ല പല കമ്മിറ്റ്മെന്‍റ്സ് ഉണ്ട്. ദയവായി മനസിലാക്കൂ". കാവലിന്‍റെ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചതായതിനാല്‍ റിലീസ് നീട്ടിവെക്കേണ്ട ചിന്ത ഉദിക്കുന്നില്ലെന്ന് പിന്തുണയുമായി സുരേഷ് ഗോപി ആരാധകരും പോസ്റ്റിന്‍റെ കമന്‍റ് ബോക്സില്‍ എത്തുന്നുണ്ട്. കാവലിന്‍റെ റിലീസ് ഈ മാസം 25നും മരക്കാര്‍ എത്തുന്നത് ഡിസംബര്‍ 2നുമാണ്.
സുരേഷ് ഗോപി ആരാധകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് കാവല്‍. പഞ്ച് ഡയലോഗുകളും മാസ് സീക്വന്‍സുകളുമുള്ള ഒരു നായകനെ ഒരിടവേളയ്ക്കു ശേഷമാണ് സുരേഷ് ഗോപി സ്ക്രീനിലെത്തിക്കുന്നത്. 'തമ്പാന്‍' എന്നാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്‍റെ കഥ പറയുന്ന ചിത്രമാണിത്. ആക്ഷൻ ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ആണ്. രണ്‍ജി പണിക്കരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണൻ രാജൻ പി ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായർ, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാർവ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ