'40 ലക്ഷത്തിന്‍റെ ഫുള്‍ പേജ് പരസ്യം വേണോ'? 'അബ്രഹാമിന്‍റെ സന്തതികള്‍' റിലീസ് ദിനം ഓര്‍ത്ത് നിര്‍മ്മാതാവ്

By Web TeamFirst Published Jun 17, 2021, 12:03 PM IST
Highlights

"ദൈവത്തിന് നന്ദി, പ്രേക്ഷകർക്ക് നന്ദി. ഒരായിരം നന്ദി. ഈ ധൈര്യം കിട്ടുന്നത് ദൈവവിശ്വാസം കൊണ്ടാണ്. എനിക്കറിയാവുന്ന മമ്മൂക്ക 101% ദൈവവിശ്വാസിയാണ്"

2018ലെ പ്രളയകാലത്ത് തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി ഷാജി പാടൂര്‍ സംവിധാനം ചെയ്‍ത 'അബ്രഹാമിന്‍റെ സന്തതികള്‍'. ഒപ്പം നിപ്പയുടെ സാഹചര്യവുമുണ്ടായിരുന്നു. പ്രതികൂല സാഹചര്യത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ റിലീസ് ദിനം ഓര്‍മ്മിക്കുകയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. പത്രങ്ങളില്‍ ഫുള്‍ പേജ് പരസ്യം വേണോ എന്നതടക്കമുള്ള ചോദ്യങ്ങള്‍ ആ സമയത്ത് താന്‍ നേരിട്ടുവെന്ന് ജോബി ഓര്‍ക്കുന്നു. ചിത്രത്തിന്‍റെ റിലീസിന്‍റെ മൂന്നാം വാര്‍ഷികത്തിനാണ് നിര്‍മ്മാതാവിന്‍റെ കുറിപ്പ്.

'അബ്രഹാമിന്‍റെ സന്തതികള്‍' റിലീസിനെക്കുറിച്ച് ജോബി ജോര്‍ജ്

ജൂൺ 16... 3 വര്‍ഷങ്ങള്‍... അതെ മൂന്ന് കൊല്ലം മുൻപ് ഒരു ജൂൺ 16. പെരുമഴ, പ്രളയം, നിപ്പ. എന്തു ചെയ്യണം? പലരും പറയുന്നു ഒന്നു മാറ്റിവച്ചാലോ റിലീസ്? സ്‍കൂൾ തുറന്നിരിക്കുന്നു. 15 രാത്രിയിൽ സെൻട്രൽ പിക്ചേഴ്സിലെ വിജി ചേട്ടൻ (തനി കച്ചവടക്കാരനാണെങ്കിലും, എന്തോ എന്നെ ഇഷ്‍ടമാണ്‌ വിജിച്ചേട്ടന്) വിളിക്കുന്നു. എടൊ ഈ സാഹചര്യത്തിൽ ഫുൾ പേജ് പരസ്യം വേണോ? 40ലക്ഷം മുടക്കണോ? ഞാൻ: വേണം ചേട്ടാ എന്‍റെ ഡെറിക് സാർ നിറഞ്ഞു നിൽക്കണം നാളെ പ്രഭാതത്തിൽ കേരളമുടനീളം. പിന്നെ കണ്ടത് ജൂൺ 16 മുതൽ നിറഞ്ഞും നിവർന്നും നിൽക്കുന്ന കാഴ്ചയായിരുന്നു. ദൈവത്തിന് നന്ദി, പ്രേക്ഷകർക്ക് നന്ദി. ഒരായിരം നന്ദി. ഈ ധൈര്യം കിട്ടുന്നത് ദൈവവിശ്വാസം കൊണ്ടാണ്. എനിക്കറിയാവുന്ന മമ്മൂക്ക 101% ദൈവവിശ്വാസിയാണ്. അതായിരിക്കാം ഞങ്ങൾക്കിടയിലെ ഒരുമയുടെ അല്ലായെങ്കിൽ വിജയത്തിന്‍റെ പ്രധാന കാരണം. എന്‍റെ ഓർമ്മകൾ ഉള്ളിടത്തോളം ഇതൊക്കെ സ്‍മരിച്ചുകൊണ്ടേയിരിക്കും. അപ്പോൾ ഇന്ന്‌ ഈ പതിനാറാം തിയതി നമുക്ക് നീട്ടി ഒരു സല്യൂട്ട് നൽകാം, നമ്മുടെ ഡെറിക് സാറിന്. പിന്നെ കൂടെ നിന്നവർക്കെല്ലാം ഒരു ഉമ്മയും പിന്നെ ഒരു വലിയ സല്യൂട്ടും.

click me!