'മുന്നോട്ട് പോകാനാകില്ല, താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം'; നിര്‍മ്മാതാക്കള്‍

By Web TeamFirst Published Jun 5, 2020, 4:35 PM IST
Highlights

താരങ്ങൾ സ്വമേധയാ പ്രതിഫലം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അസോസിയേഷന്‍ അറിയിച്ചു. നിര്‍മ്മാണ ചിലവ് കുറയ്ക്കുന്നത്  സംബന്ധിച്ച് അമ്മ, ഫെഫ്ക സംഘടനകളുമായി ചർച്ച നടത്താനാണ് തീരുമാനം.

കൊച്ചി: കൊവിഡ് പശ്ചാത്തലത്തില്‍ സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്‍ക്കണമെന്ന് നിര്‍മ്മാതാക്കള്‍. വരാനുള്ള സിനിമകളുടെ നിർമ്മാണ ചെലവ് പകുതിയായി കുറയ്‍ക്കണം, ഇല്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം രജ്ഞിത്ത് പറഞ്ഞു. സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങൾ പിന്തുണക്കുമെന്ന് മമ്മൂട്ടിയും മോഹൻലാലും അറിയിച്ചിട്ടുണ്ട്. താരങ്ങൾ സ്വമേധയാ പ്രതിഫലം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിഫലം കുറയ്ക്കുമെന്ന് ഏതാനും താരങ്ങൾ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു.

നിര്‍മ്മാണ ചിലവ് കുറയ്ക്കുന്നത്  സംബന്ധിച്ച് അമ്മ, ഫെഫ്ക സംഘടനകളുമായി പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്‍ ചർച്ച നടത്തും. തുടർ ചർച്ച ആവശ്യപ്പെട്ട് ഇന്ന് തന്നെ മറ്റ് ചലച്ചിത്ര സംഘടനകൾക്ക് കത്ത് അയക്കും.ഓണ്‍ലൈന്‍ റിലീസുകളോട് എതിര്‍പ്പില്ലെന്നും വളര്‍ന്ന് വരുന്ന പ്ലാറ്റ്‍ഫോമാണിതെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.  

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒരു സിനിമയ്ക്ക് കോടികളാണ് പ്രതിഫലം നല്‍കുന്നത്. സാറ്റലൈറ്റ് വിലയുള്ള മറ്റ് നടൻമാര്‍ക്ക് 75 ലക്ഷത്തിന് മുകളിലും. എന്നാല്‍ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇനി ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നു. ഇൻഡോര്‍ ഷൂട്ടിംഗിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇൻഡോര്‍, ഔട്ട്ഡോര്‍ ഷൂട്ടുകള്‍ ഒരുമിച്ച് നടന്നില്ലെങ്കില്‍ സാമ്പത്തിക നഷ്‍ടമുണ്ടാകുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.

click me!