വിലക്ക് നീക്കി; ഷെയ്ന്‍ നിഗമിന് ഏപ്രിൽ 15 മുതൽ പുതിയ സിനിമകളില്‍ അഭിനയിക്കാമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന

By Web TeamFirst Published Mar 4, 2020, 4:43 PM IST
Highlights

ആദ്യം വെയിൽ സിനിമയായിരിക്കും ഷെയിന്‍ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് ഈ മാസം 31ന് കുര്‍ബാനി സിനിമയുടെ സെറ്റില്‍ ചേരുമെന്നും ആന്‍റോ ജോസഫ് പറഞ്ഞു

കൊച്ചി: യുവനടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി.  32 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ ഷെയ്ൻ തയ്യാറായതോടെയാണ് മൂന്ന് മാസം നീണ്ട പ്രതിസന്ധി അവസാനിച്ചത്. വെയില്‍, കുര്‍ബാനി സിനിമകളുടെ ഷൂട്ടിംഗ് വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും. ഏപ്രിൽ 15 മുതൽ ഷെയ്ന്‍ നിഗത്തിന് പുതിയ സിനിമകളില്‍ അഭിനയിക്കാമെന്നും നിര്‍മ്മാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച് നിര്‍മ്മാതാവ് ആന്‍റോ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യം വെയിൽ സിനിമയായിരിക്കും ഷെയിന്‍ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് ഈ മാസം 31ന് കുര്‍ബാനി സിനിമയുടെ സെറ്റില്‍ ചേരുമെന്നും ആന്‍റോ ജോസഫ് പറഞ്ഞു. നിര്‍മ്മാതാക്കളുടെ സംഘടനയും താരസംഘടനയായ അമ്മയും ഷെയിന്‍ നിഗവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്നപരിഹാരത്തിന് വഴി തെളിഞ്ഞത്. അമ്മയുടേയും ഫെഫ്കയുടേയും ഇടപെടലാണ് പ്രശ്ന പരിഹാരത്തിന് വഴിയൊരുക്കിയത്. ഇന്ന് നടത്തിയ അവസാന വട്ട ചര്‍ച്ചയില്‍ ആന്‍റോ ജോസഫ്, ഇടവേള ബാബു, ബി ഉണ്ണികൃഷ്ണൻ എന്നിവര്‍ പങ്കെടുത്തു. ഷെയ്ൻ നിഗത്തേയും ചിത്രീകരണം മുടങ്ങിയ വെയില്‍ സിനിമയുടെ സംവിധായകൻ ശരത്തിനേയും കുര്‍ബാനിയുടെ സംവിധായകൻ വി ജിയോയെയും വിളിച്ചുവരുത്തിയിരുന്നു.

ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ നല്ല രീതിയില്‍ അവസാനിക്കുമെന്ന് ഇന്നലെ അമ്മ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം മോഹന്‍ലാല്‍ അറിയിച്ചിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം എന്തായാലും അംഗീകരിക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ പറഞ്ഞിരുന്നു. ഷൂട്ടിംഗ് മുടങ്ങിയ വെയില്‍, കുര്‍ബാനി സിനിമകളഉടെ നിര്‍മ്മാതാക്കള്‍ക്ക് 32 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള സന്നദ്ധതയും ഷെയ്ന്‍ ഇന്നലെ അമ്മ യോഗത്തെ അറിയിച്ചിരുന്നു.

click me!