റിലീസ് 12,000 സ്ക്രീനുകളില്‍! 'പുഷ്‍പ 2' അഡ്വാന്‍സ് ബുക്കിം​ഗ് ആരംഭിച്ചു

Published : Dec 01, 2024, 04:22 PM IST
റിലീസ് 12,000 സ്ക്രീനുകളില്‍! 'പുഷ്‍പ 2' അഡ്വാന്‍സ് ബുക്കിം​ഗ് ആരംഭിച്ചു

Synopsis

വന്‍ വിജയം നേടിയ പുഷ്‍പയുടെ രണ്ടാം ഭാഗം

ഇന്ത്യന്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2: ദ റൂളി'ന്‍റെ അഡ്വാന്‍സ് ബുക്കിം​ഗ് ആരംഭിച്ചു. ഡിസംബര്‍ 5 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ മുന്‍കൂര്‍ ബുക്കിം​ഗ് കേരളത്തിലും തുടങ്ങി. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി എന്നിങ്ങനെ ആറ് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ലോകം മുഴുവനുമായി 12,000 സ്ക്രീനുകളിലും ഐമാക്സിലും ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. 

'പുഷ്പ ഇനി നാഷണല്ല, ഇന്‍റർനാഷണൽ!' എന്ന ഡയലോഗുമായി എത്തിയിരുന്ന ട്രെയിലർ ഇതിനകം സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്നു കഴിഞ്ഞിട്ടുണ്ട്. ആദ്യ ഭാഗത്തേക്കാൾ പതിന്മടങ്ങ് ആക്ഷൻ പാക്ക്ഡ് എന്‍റർടെയ്നറായിട്ടാണ് രണ്ടാം ഭാഗം എത്തുന്നതെന്ന് അടിവരയിടുന്നതായിരുന്നു ട്രെയിലർ. പുഷ്പരാജായി അല്ലു അർജ്ജുനും ഭൻവർസിംഗ് ഷെഖാവത്തായി ഫഹദ് ഫാസിലും രണ്ടാം ഭാഗത്തിൽ ​ഗംഭീരമാക്കിയിട്ടുണ്ടെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്. ശ്രീവല്ലിയായി രശ്മികയുടേയും മനോഹരമായ അഭിനയമുഹൂർത്തങ്ങൾ രണ്ടാം ഭാഗത്തിലുമുണ്ടെന്നാണ് സൂചന. 

'പുഷ്പ ദ റൂളി'നായുള്ള കാത്തിരിപ്പിന് ആവേശം ഇരട്ടിപ്പിക്കാനുള്ളതെല്ലാം ട്രെയിലറിൽ ഉണ്ടായിരുന്നു. കുറിക്കുകൊള്ളുന്ന മാസ് ഡയലോഗുകളും കളർഫുൾ ദൃശ്യമികവും മാസ്മരിക സംഗീതവും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ വിരുന്നും എല്ലാം ഉള്‍ക്കൊള്ളിച്ചുള്ള കംപ്ലീറ്റ് പാക്കേജായിരിക്കും രണ്ടാം ഭാഗമെന്നാണ് ഏവരുടേയും കണക്കുകൂട്ടൽ. 

തെലുങ്കാനയുടെ മണ്ണിൽ നിന്നും പുഷ്പരാജിനെ കേരളത്തിലെത്തിക്കാൻ കച്ചമുറുക്കിയിരിക്കുകയാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നു കഴി‍ഞ്ഞിരുന്നു 'പുഷ്പ ദ റൂൾ' ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്നാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അറിയിച്ചിട്ടുള്ളത്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും പദ്ധതിയിടുന്നത്.

ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'പുഷ്പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് ഐക്കൺ സ്റ്റാർ അല്ലു അർജുനും സെൻസേഷണൽ സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്. ആദ്യ ഭാഗത്തിന്‍റെ അപാരമായ ജനപ്രീതിയെ തുടര്‍ന്ന് അല്ലു അർജുൻ ടൈറ്റിൽ റോളിൽ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേക്ഷക - നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. അതിനാൽ തന്നെ ടോട്ടൽ ആക്ഷനും മാസുമായി ഒരു ദൃശ്യ ശ്രവ്യ വിസ്മയം തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. 

ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ചാ വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂൾ' ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

ALSO READ : മധു ബാലകൃഷ്‍ണന്‍റെ ആലാപനം; 'സ്വച്ഛന്ദമൃത്യു'വിലെ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മൂന്നാം IFFK മുതൽ മുപ്പത് വരെ'| Ranjeet Munshi | IFFK 2025
IFFK വിവാദങ്ങളിൽ വിശദീകരണവുമായി റസൂൽ പൂക്കുട്ടിIFFK 2025 | Resul Pookutty