വിജീഷ് മണിയുടെ 'പുഴയമ്മ'; ജിയോ സിനിമയിലൂടെ ജൂലൈ ഒന്നിന്

By Web TeamFirst Published Jun 30, 2021, 12:04 AM IST
Highlights

പുഴയില്‍ മാത്രം ചിത്രീകരിച്ച പരിസ്ഥിതി ചിത്രമെന്ന് അണിയറക്കാര്‍

ബേബി മീനാക്ഷി, ഹോളിവുഡ് നടി ലിന്‍ഡ അര്‍ സാനിയോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിജീഷ് മണി ചിത്രം 'പുഴയമ്മ' ജിയോ സിനിമയിലൂടെ ജൂലൈ ഒന്നിന്. ലോകസിനിമയില്‍ ആദ്യമായി പുഴയില്‍ മാത്രം ചിത്രീകരിച്ച പരിസ്ഥിതി ചിത്രമെന്നാണ് അണിയറക്കാര്‍ സിനിമയെ വിശേഷിപ്പിക്കുന്നത്. പുഴ, പരിസ്ഥിതി, മഴ, പ്രളയം എന്നിവയൊക്കെ പ്രമേയമാക്കുന്ന ഇന്‍ഡോ അമേരിക്കന്‍ പ്രോജക്റ്റ് ആണിത്.

ദേശീയ, അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള വിജീഷ് മണി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ശ്രീഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. തമ്പി ആന്‍റണി, പ്രകാശ് ചെങ്ങൽ, ഉണ്ണിരാജ, റോജി പി കുര്യൻ, കെപിഎസി ലീലാകൃഷ്ണൻ, സനിൽ പൈങ്ങാടൻ, ഡൊമനിക് ജോസഫ്, ആഷ്‍ലി ബോബൻ, മാസ്റ്റർ വിരാട് വിജീഷ് എന്നിവർ അഭിനയിക്കുന്നു. ഇവരോടൊപ്പം പ്രശസ്ത സാമൂഹ്യ പ്രവർത്തക ബഹ്റിൻ സ്വദേശി ഫാത്തിമ അൽ മൻസൂരി അതിഥി താരമായും പുഴയമ്മയിൽ അഭിനയിക്കുന്നുണ്ട്. 

ഛായാഗ്രഹണം എസ് ലോകനാഥന്‍. തിരക്കഥ, സംഭാഷണം പ്രകാശ് വാടിക്കല്‍. ഗാനരചന വയലാർ ശരത്ചന്ദ്രവർമ്മ. സംഗീതം കിളിമാനൂർ രാമവർമ്മയും. എഡിറ്റിംഗ് രാഹുൽ. മേക്കപ്പ് പട്ടണം റഷീദ്. വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയന്‍. പിആർഒ  ആതിര ദിൽജിത്ത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!