
തെലുങ്ക് സൂപ്പർതാരം അല്ലു അർജുനും ബ്ലോക്ക്ബസ്റ്റർ സംവിധായകൻ അറ്റ്‌ലിയും ഒന്നിക്കുന്ന പുതിയ ചിത്രം 'രാക്ക'യുടെ തീം സോങായി എത്തിയിരിക്കുന്ന 'മേക്ക് വേ ഫോർ ദ കിംഗ്' തുടങ്ങുന്ന വരികളോടെയുള്ള ലിറിക്കൽ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. സായ് അഭ്യങ്കർ ആണ് ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും. യുവ സംഗീത പ്രതിഭ സായ് അഭ്യങ്കർ ഒരുക്കിയ ആവേശമുണർത്തുന്ന ഈ തീം സോങ് ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനകം നാൽപത് ലക്ഷത്തിലധികം കാഴ്ചക്കാരാണ് തീം സോങ്ങിന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ദൃശ്യഭംഗിയും അല്ലു അർജുന്‍റെ മാസ് പ്രകടനവും സൂചിപ്പിക്കുന്ന തരത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന ഐക്കൺ സ്റ്റാർ അല്ലു അർജുൻ - അറ്റ്‌ലി കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ടൈറ്റിൽ താരത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് അടുത്തിടെയാണ് പുറത്തിറക്കിയത്. ദീപിക പദുക്കോണാണ് ചിത്രത്തിൽ നായികയായെത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യമായാണ് അല്ലു അർജുനും ദീപിക പദുക്കോണും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഈ കരുത്തുറ്റ താരജോഡികളെ സ്ക്രീനിൽ കാണാൻ വലിയ ആകാംക്ഷയിലാണ് പ്രേക്ഷകർ.
മൊട്ടയടിച്ച തലയും, കണ്ണ് എഴുതിയ തീക്ഷ്ണമായ നോട്ടവും, തലയിലെ ടാറ്റൂകളും ചേർന്ന് ആരെയും അമ്പരപ്പിക്കുന്ന ലുക്കിലാണ് ചിത്രത്തിൽ അല്ലു എത്തുന്നത്. കൈകളിൽ മൃഗങ്ങളുടേതിന് സമാനമായ നഖങ്ങളുമായി വേറിട്ട ലുക്കിൽ അല്ലു എത്തുന്ന ചിത്രം 'പുഷ്പ 2' വിന് ശേഷം അല്ലു അർജുന്‍റെ കരിയറിലെ തന്നെ ഏറെ വേറിട്ട വേഷമായിരിക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
'ജവാൻ' എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കലാനിധി മാരന്‍റെ സൺ പിക്ചേഴ്സ് ആണ്. ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വൽ ഇഫക്റ്റുകളും വേൾഡ് ബിൽഡിംഗുമാണ് ചിത്രത്തിനായി അറ്റ്‌ലി ഒരുക്കുന്നത്. ഇന്ത്യൻ സംസ്കാരത്തിൽ ഊന്നിയുള്ള കഥാപരിസരമാണ് ചിത്രത്തിനുള്ളതെന്നാണ് സൂചനകൾ. മറ്റ് താരങ്ങളെയും അണിയറ പ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
'പുഷ്പ'യുടെ രണ്ട് ഭാഗങ്ങളുടെ ആഗോള വിജയത്തിന് പിന്നാലെ, ദേശീയ അവാർഡ് ജേതാവായ അല്ലു അർജുൻ തന്‍റെ തനതായ ശൈലിയുമായി ഈ വമ്പൻ പ്രോജക്റ്റിലേക്ക് എത്തുകയാണ്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള വിഷ്വൽ ഇഫക്റ്റുകളും വേൾഡ് ബിൽഡിംഗുമായി അറ്റ്‌ലി ഒരുക്കുന്ന 'രാക്ക' ഒരു വലിയ സാങ്കേതിക വിസ്മയമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജാ റാണി, തെരി, മെർസൽ, ബിഗിൽ തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങൾക്കും ജവാൻ എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്‍ലി ഒരുക്കുന്നതാണ് ചിത്രം. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയൻസ് ഫിക്ഷൻ ഗണത്തിൽപെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. അറ്റ്ലീ ഇതുവരെ ചെയ്തിട്ടുള്ള ജോണറുകളിൽ വ്യത്യസ്തമായെത്തുന്ന ചിത്രത്തിൽ സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്നുമുള്ള റിപ്പോർട്ടുകളുണ്ട്. അല്ലു അർജുന്‍റെ ഇരുപത്തിരണ്ടാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണ് ഈ പാൻ-ഇന്ത്യൻ സയൻസ് ഫിക്ഷൻ ചിത്രം. പിആർഒ: ആതിര ദിൽജിത്ത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ