'സംവിധായകന്‍ അറിയാതെയാണോ ഫസ്റ്റ് ലുക്ക് പുറത്തിറക്കേണ്ടത്?' 'ലക്ഷ്മി ബോംബി'ല്‍ നിന്ന് പിന്മാറുന്നുവെന്ന് രാഘവ ലോറന്‍സ്

By Web TeamFirst Published May 19, 2019, 3:28 PM IST
Highlights

രാഘവ ലോറന്‍സിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തെത്തിയ തമിഴ് ഹൊറര്‍ കോമഡി ചിത്രമായിരുന്നു കാഞ്ചന. ശരത്കുമാറിനും ലക്ഷ്മി റായ്ക്കുമൊപ്പം ലോറന്‍സും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
 

തമിഴില്‍ വന്‍ വിജയം നേടിയ 'കാഞ്ചന'യുടെ ഹിന്ദി റീമേക്കിന്റെ സംവിധായക സ്ഥാനത്തുനിന്ന് താന്‍ പിന്മാറുകയാണെന്ന് രാഘവ ലോറന്‍സ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയ കാര്യം പോലും മൂന്നാമതൊരാള്‍ പറഞ്ഞിട്ടാണ് അറിഞ്ഞതെന്നും പിന്മാറ്റത്തിന്റെ എല്ലാ കാരണങ്ങളും ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും രാഘവ ലോറന്‍സ്. ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് വിശദീകരണം.

രാഘവ ലോറന്‍സ് പറയുന്നു

'ബഹുമാനം കിട്ടാത്ത ഒരു വീട്ടിലേക്ക് കടന്നുചെല്ലരുത് എന്ന് അര്‍ഥം വരുന്ന ഒരു തമിഴ് ചൊല്ലുണ്ട്. പണത്തിനും പ്രശസ്തിക്കുമൊക്കെ അപ്പുറം ഈ ലോകത്ത് ആത്മാഭിമാനം എന്ന ഒന്നുണ്ട്. അതിനാല്‍ കാഞ്ചനയുടെ ഹിന്ദി റീമേക്കായ ലക്ഷ്മി ബോംബില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. പല കാരണങ്ങളുള്ളത് ഇവിടെ പറയാനാവില്ല. പക്ഷേ അതിലൊന്ന് പറയാം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എന്നെ അറിയിക്കാതെയാണ് പുറത്തുവിട്ടിരിക്കുന്നത്. മൂന്നാമതൊരാളാണ് ഇതേക്കുറിച്ച് എന്നെ അറിയിച്ചത്. തന്റെ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെക്കുറിച്ച് മറ്റൊരാള്‍ പറഞ്ഞ് അറിയാനിടവരുന്നത് ഒരു സംവിധായകനെ സംബന്ധിച്ച് വേദനാജനകമാണ്. അപമാനിക്കപ്പെട്ടതായാണ് എനിക്ക് തോന്നുന്നത്. അതില്‍ വേദനയുണ്ട്. പോസ്റ്ററിന്റെ ഡിസൈനിലും എനിക്ക് അതൃപ്തിയുണ്ട്. ഒരു സംവിധായകനും ഇതുപോലെ സംഭവിക്കരുത്.

Dear Friends and Fans..!I
In this world, more than money and fame, self-respect is the most important attribute to a person's character. So I have decided to step out of the project, Hindi remake of Kanchana
pic.twitter.com/MXSmY4uOgR

— Raghava Lawrence (@offl_Lawrence)

എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ താന്‍ പിന്‍വലിക്കുന്നില്ലെന്നും അത് പ്രൊഫഷണലിസമല്ലെന്ന് അറിയാമെന്നും ലോറന്‍സ്. 'എനിക്ക് എന്റെ തിരക്കഥയും വേണമെങ്കില്‍ പിന്‍വലിക്കാം. കാരണം അത് സംബന്ധിച്ച കരാറുകളൊന്നും ഇതുവരെ ഒപ്പ് വച്ചിട്ടില്ല. പക്ഷേ അത് പ്രൊഫഷണലിസമല്ലെന്നാണ് കരുതുന്നത്. പിന്നെ വ്യക്തിപരമായി അക്ഷയ് കുമാര്‍ സാറിനോട് ബഹുമാനവുമുണ്ട്. എനിക്ക് പകരം അവര്‍ ആഗ്രഹിക്കുന്ന ഒരു സംവിധായകനെ അവര്‍ കൊണ്ടുവരട്ടെ.' ഉടന്‍തന്നെ അക്ഷയ് കുമാറിനെ നേരിട്ടുകണ്ട് തിരക്കഥ കൈമാറുമെന്നും രാഘവ ലോറന്‍സ് പറയുന്നു.

Bringing you one bomb of a story, starring & yours truly!Bursting in cinemas on 5th June,2020💥
Fox Star Studios Presents
A Cape of Good Films Production in association with Shabinaa Entertainment & Tusshar Entertainment House
Directed by Raghava Lawrence pic.twitter.com/vlXyK4HkNE

— Akshay Kumar (@akshaykumar)

രാഘവ ലോറന്‍സിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തെത്തിയ തമിഴ് ഹൊറര്‍ കോമഡി ചിത്രമായിരുന്നു കാഞ്ചന. ശരത്കുമാറിനും ലക്ഷ്മി റായ്ക്കുമൊപ്പം ലോറന്‍സും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കാഞ്ചനയുടെ രണ്ടാംഭാഗം 2015ലും മൂന്നാംഭാഗം കഴിഞ്ഞ മാസവും തീയേറ്ററുകളിലെത്തി.

click me!