കുപ്പിച്ചില്ലിന്‍റെ മൂര്‍ച്ഛയുള്ള സിനിമ; 'അപ്പനെ'ക്കുറിച്ച് രഘുനാഥ് പലേരി

Published : Apr 04, 2022, 05:40 PM IST
കുപ്പിച്ചില്ലിന്‍റെ മൂര്‍ച്ഛയുള്ള സിനിമ; 'അപ്പനെ'ക്കുറിച്ച് രഘുനാഥ് പലേരി

Synopsis

ഡാര്‍ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്

സണ്ണി വെയ്ന്‍ (Sunny Wayne), അലന്‍സിയര്‍ (Alencier) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന അപ്പന്‍ (Appan) സിനിമയെക്കുറിച്ച് മികച്ച അഭിപ്രായവുമായി പ്രശസ്‍ത തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരി. കുപ്പിച്ചില്ലിന്‍റെ മൂര്‍ച്ഛയുള്ള സിനിമയാണ് ഇതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്‍ശനത്തിനു ശേഷമാണ് രഘുനാഥ് പലേരിയുടെ അഭിപ്രായ പ്രകടനം.

അപ്പന്‍ സിനിമയെക്കുറിച്ച് രഘുനാഥ് പലേരി

കുപ്പിച്ചില്ലിന്റെ മൂർച്ഛയുള്ള ഒരു സിനിമ കണ്ടു. പേര് അപ്പൻ. സംവിധാനം മജു. ആർ ജയകുമാറും മജുവും ചേർന്നുള്ളൊരു എഴുത്ത്. ഏത് പ്രതലത്തിലാവും റിലീസ് എന്നറിയില്ല. ഏതിലായാലും വല്ലാത്തൊരു മൂർച്ചയുള്ള അനുഭവമാകും. മനസ്സടി മുറിഞ്ഞു ചിതറുന്ന മകനായ് സണ്ണി വെയ്നും എത്ര തീറ്റ കിട്ടിയിട്ടും വെറി മാറാത്ത വ്യാഘ്രരൂപമായൊരു അപ്പനായി അലൻസിയറും. ആദ്യമായാണ് സിനിമയിൽ ഇങ്ങിനെ ഒരപ്പനേയും മകനേയും കാണുന്നത്. പതിയെ ഊർന്നൂന്ന് മുറിക്കുന്നൊരു ഈർച്ചവാൾ സിനിമ. ഒരിടത്തും അശേഷം ഡാർക്കല്ലാത്തൊരു സിനിമ. വരുമ്പോൾ കാണുക. വ്യത്യസ്ഥമായ സിനിമകൾ ഇറങ്ങട്ടെ. അടുത്ത സിനിമയും എടുത്ത് മജുവും വേഗം വരട്ടെ.

ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ അപ്പനെ അവതരിപ്പിച്ചിരിക്കുന്നത് അലന്‍സിയര്‍ ആണ്. ഡാര്‍ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. 'വെള്ളം' എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ ജോസ്‍കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്‍സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സണ്ണി വെയ്ൻ പ്രൊഡക്ഷൻസുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അനന്യ, ഗ്രേസ് ആന്‍റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, ദ്രുപദ് കൃഷ്‍ണ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനൊപ്പം ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം പപ്പു, എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം  ഡോൺ വിൻസെന്‍റ്, ഗാനരചന അൻവർ അലി, സിങ്ക് സൗണ്ട് ലെനിൻ വലപ്പാട്, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീപു ജി പണിക്കർ, മേക്കപ്പ് റോണെക്സ് സേവ്യർ, കലാസംവിധാനം കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷൻ മാനേജർ സുരേഷ്, സ്റ്റിൽസ് റിച്ചാർഡ്, ഡിസൈൻസ് ഓൾഡ് മങ്ക്സ് , പിആർഒ മഞ്ജു ഗോപിനാഥ്. തൊടുപുഴ ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. 

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍