
കോട്ടയം: വയനാട്ടിലെ മേരിമാതാ കോളജിലെ ചടങ്ങിൽ തന്റെ പ്രസംഗത്തിനിടയ്ക്ക് കൂവിയ ഒരു കോളജ് വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി കൂവിപ്പിച്ച ചലചിത്ര താരം ടൊവിനോയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍ എസ് യു നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. നിങ്ങൾ അവിടെ കാട്ടിയത് ഹീറോയിസമല്ല മറിച്ചൊരു സെലിബ്രിറ്റിയുടെ സാഡിസത്തോടു കൂടിയ ഹ്യുമിലിയേഷനാണെന്ന് രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
മുൻപൊരിക്കലൊരു ആരാധകനെ തെറി വിളിച്ചപ്പോഴും മറ്റൊരു ആരാധാകൻ നുള്ളിയതിന്റെ പേരിൽ അയാളെ അടിച്ചപ്പോഴും പ്രത്യേകിച്ച് അവമതിപ്പൊന്നും തോന്നിയില്ല, മറിച്ച് ജൂനിയർ ആർട്ടിസ്റ്റിൽ തുടങ്ങി നായക നടൻ വരെയെത്തിയ നടന്റെ സ്ട്രഗിൾ ഫുൾ ലൈഫിന്റെ ഭാഗമായ ഡിപ്ലോമസിയില്ലാത്ത പച്ചയായ സ്വഭാവമായിട്ടാണ് തോന്നിയത്. നിർബന്ധിപ്പിച്ച് ബലം ഉപയോഗിച്ച് പിടിച്ചു നിർത്തി കൂവിച്ച ഏർപ്പാട് ശുദ്ധ തോന്നിവാസവും മാടമ്പിത്തരവുമായി പോയി. ഇനി കൂവുന്നതിൽ ടോവിനോയ്ക്കിത്ര അസ്വസ്തയുണ്ടെങ്കിൽ , കൂതറയും ഇടയ്ക്കാട് ബറ്റാലിയനും മറഡോണയും അടക്കമുള്ള താങ്കളുടെ പടങ്ങൾ തീയറ്ററിൽ പോയി താങ്കൾ കാണാഞ്ഞത് നന്നായി. അല്ലെങ്കിൽ ആ സിനിമകൾക്ക് കൂവിയവരെയത്രയും ഒറ്റയ്ക്ക് വരുത്തി കൂവിക്കാൻ താങ്കൾക്കീ മനുഷ്യായുസ്സ് മതിയാകാതെ വന്നേനേയെന്ന് രാഹുല്‍ ചൂണ്ടിക്കാണിക്കുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ടോവിനോ തോമസ്, കഴിഞ്ഞ കുറച്ച് വർഷങ്ങൾ കൊണ്ട് മലയാളികളുടെ പ്രത്യേകിച്ച് ചെറുപ്പക്കാരുടെ മനം കവർന്ന നായക നടനാണ്. മായാനദിയും എന്ന് നിന്റെ മൊയ്തീനും ഗപ്പിയും ഒക്കെ കണ്ട ശേഷം എനിക്കുമേറെ ഇഷ്ടമാണയാളെ. ഒരു കംപ്ലീറ്റ് ആക്ടർ ഒന്നുമല്ലെങ്കിലും ഒരു മെതേഡ് ആക്ടർ എന്ന നിലയിൽ അയാൾക്ക് മലയാള സിനിമയിൽ ഒരു സ്പേസുണ്ട് താനും.
മുൻപൊരിക്കലൊരു ആരാധകനെ തെറി വിളിച്ചപ്പോഴും മറ്റൊരു ആരാധാകൻ നുള്ളിയതിന്റെ പേരിൽ അയാളെ അടിച്ചപ്പോഴും പ്രത്യേകിച്ച് അവമതിപ്പൊന്നും തോന്നിയില്ല, മറിച്ച് ജൂനിയർ ആർട്ടിസ്റ്റിൽ തുടങ്ങി നായക നടൻ വരെയെത്തിയ നടന്റെ സ്ട്രഗിൾ ഫുൾ ലൈഫിന്റെ ഭാഗമായ ഡിപ്ലോമസിയില്ലാത്ത പച്ചയായ സ്വഭാവമായിട്ടാണ് തോന്നിയത്.
പക്ഷേ കഴിഞ്ഞ ദിവസം വയനാട്ടിലെ മേരിമാതാ കോളജിലെ ചടങ്ങിൽ തന്റെ പ്രസംഗത്തിനിടയ്ക്ക് കൂവിയ ഒരു കോളജ് വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി നിർബന്ധിപ്പിച്ച് ബലം ഉപയോഗിച്ച് പിടിച്ചു നിർത്തി കൂവിച്ച ഏർപ്പാട് ശുദ്ധ തോന്നിവാസവും മാടമ്പിത്തരവുമായി പോയി. നിങ്ങൾ അവിടെ കാട്ടിയത് ഹീറോയിസമല്ല മറിച്ചൊരു സെലിബ്രിറ്റിയുടെ സാഡിസത്തോടു കൂടിയ ഹ്യുമിലിയേഷനാണ്.
ടോവിനോച്ചായനെ കൂവിയവനെ സ്റ്റേജിൽ വരുത്തി മൈക്കിൽ കൂടി കൂവിച്ചതല്ലേ, അതിലെന്താ ഇത്ര കുഴപ്പം എന്ന് ചോദിക്കുന്ന ഫാൻസിനോട് ഞാൻ ഒരു കഥ പറയാം. പണ്ട് ഞങ്ങളുടെ കാതോലിക്കേറ്റ് കോളജിൽ കടമ്മനിട്ട മാഷ് ഒരു പരിപാടിക്ക് വന്ന് പ്രസംഗിച്ചപ്പോൾ പിള്ളാര് ഭയങ്കര കൂവൽ. മാഷ് ഒട്ടും വിട്ടുകൊടുക്കാതെ അതിനേക്കാൾ ഉച്ചത്തിൽ മൈക്കിൽ കൂടി തിരിച്ചു കൂവി. അത് അന്തസ്സ്, ക്ലാസ്സ് പക്ഷേ ടോവിനോ ഇക്കാണിച്ചത് ശുദ്ധ ഭോഷ്ക്ക്.
ഇനി കൂവുന്നതിൽ ടോവിനോയ്ക്കിത്ര അസ്വസ്തയുണ്ടെങ്കിൽ , കൂതറയും ഇടയ്ക്കാട് ബറ്റാലിയനും മറഡോണയും അടക്കമുള്ള താങ്കളുടെ പടങ്ങൾ തീയറ്ററിൽ പോയി താങ്കൾ കാണാഞ്ഞത് നന്നായി. അല്ലെങ്കിൽ ആ സിനിമകൾക്ക് കൂവിയവരെയത്രയും ഒറ്റയ്ക്ക് വരുത്തി കൂവിക്കാൻ താങ്കൾക്കീ മനുഷ്യായുസ്സ് മതിയാകാതെ വന്നേനേം
ടോവിനോ പ്രളയത്തിൽ കൈലിയുടുത്ത് രക്ഷാ പ്രവർത്തനം നടത്തിയതല്ലേ, ദേശിയ സമ്മതിദാനാവകാശത്തിന്റെ വേദിയിൽ കൂവാമോ തുടങ്ങിയ ന്യായീകരണവുമായി വരുന്നവരോട് ഒന്നേ പറയാനൊള്ളു ആ വാദമൊക്കെ തൊണ്ട തൊടാതെ വിഴുങ്ങാൻ ഞാൻ ഫാൻസ് അസോസിയേഷൻ മെമ്പറല്ല.
ടോവിനോ തോമസെ, "മുണ്ടുടുക്കാനും അറിയാം ആവശ്യം വന്നാൽ മടക്കി കുത്താനും അറിയുന്നതും, മലയാളം പറയാനും അറിയാം വേണ്ടി വന്നാൽ നല്ല രണ്ട് തെറിപറയാനും അറിയുന്നതും നിങ്ങൾക്ക് മാത്രമല്ല ആ പയ്യനടക്കമുള്ള എല്ലാ മലയാളികൾക്കുമറിയാം...
മായാനദിയിലെ മാത്തനെ ഇഷ്ടമാണെന്ന് കരുതി വെറും പോത്തനാകരുത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ