'സ്റ്റൈല്‍ മന്നനും' 'തലയും' പൊലീസ് വേഷത്തില്‍, തമിഴകത്ത് ആവേശം!

By Web TeamFirst Published Oct 12, 2019, 7:23 PM IST
Highlights

രജനികാന്തും അജിത്തും വെള്ളിത്തിരയില്‍ വീണ്ടും പൊലീസ് വേഷത്തില്‍.

തമിഴകത്തെ, ഏറ്റവും ആരാധകരുള്ള രണ്ട് താരങ്ങളാണ് സ്റ്റൈല്‍ മന്നൻ രജനികാന്തും തല അജിത്തും. രണ്ടുപേരുടെയും സിനിമകള്‍ ആരാധകര്‍ക്ക് ആഘോഷമാണ്. ഇവരുടെ സിനിമകളുടെ പോസ്റ്ററുകള്‍ ഓണ്‍ലൈനിലും തരംഗമാകാറുണ്ട്. രണ്ടു പേരുടെയും പുതിയ സിനിമകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. രണ്ടുപേരും പൊലീസ് വേഷത്തിലാണ് പുതിയ സിനിമയില്‍ അഭിനയിക്കുന്നത് എന്നതാണ് ആ പ്രത്യേകത.

തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറാണ് രജനികാന്തിന്റെ പുതിയ സിനിമ. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. ഏറെക്കാലത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നത്. 1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്.

എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.  ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം. അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.  സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

അതേസമയം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് അജിത് പൊലീസ് വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിലായിരിക്കില്ല അജിത്. സിനിമയുടെ പ്രമേയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികള്‍ നടക്കുകയാണ്. മുമ്പ് അജിത്ത് പൊലീസ് ഓഫീസറായി എത്തിയ മങ്കാത്തയും യെന്നെ അറിന്ധാലുമൊക്കെ സൂപ്പര്‍ ഹിറ്റായിരുന്നു.

click me!