'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും

Published : Dec 08, 2025, 10:38 PM IST
Rajinikanth

Synopsis

രജനികാന്തിന്റെ 1999ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'പടയപ്പ' റീ-റിലീസിന് ഒരുങ്ങുകയാണ്. ഇതിനൊപ്പം ചിത്രത്തിന് രണ്ടാം ഭാഗം വരുമെന്നും രജനികാന്ത് വെളിപ്പെടുത്തി. സിനിമയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നെന്നും രജനികാന്ത് അറിയിച്ചു.

1999 റിലീസ് ചെയ്ത് ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ ചിത്രമാണ് പടയപ്പ. രജനികാന്തിന്റെ പടയപ്പ എന്ന കഥാപാത്രവും രമ്യ കൃഷ്ണന്റെ നീലാംമ്പരി എന്ന വേഷവുമായിരുന്നു സിനിമയിലെ വലിയ ഹൈലൈറ്റ്. ഇന്നും ഈ സിനിമയ്ക്കും കഥാപാത്രങ്ങൾക്കും സംഭാഷണങ്ങൾക്കും ആരാധകർ ഏറെയാണ്. നിലവിൽ റീ റിലിസിന് ഒരുങ്ങുകയാണ് പടയപ്പ. ഈ അവസരത്തിൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രജനികാന്ത്. ഒപ്പം ടൈറ്റിലും പ്രഖ്യാപിച്ചിട്ടുണ്ട്.

"50 വർഷത്തെ എന്റെ സിനിമാ ജീവിതത്തിൽ, തിയേറ്റർ ഗേറ്റെല്ലാം തകർത്ത് അകത്തുകയറി സ്ത്രീകൾ കണ്ട ഒരേയൊരു സിനിമ പടയപ്പയാണ്. 2.0, ജയിലർ 2 ഒക്കെ വന്ന വേളയിൽ എന്തുകൊണ്ട് പടയപ്പ 2 ചെയ്തു കൂടാ എന്ന തോന്നൽ എനിക്ക് വന്നു. അടുത്ത ജന്മത്തിൽ നിന്നെ പഴി വാങ്ങാതെ വിടില്ലെന്ന് നീലാംബരി പറയുന്നുണ്ട്. അതുപോലെ സിനിമയുടെ പേര് നീലാംബരി- പടയപ്പ 2. കഥയെ കുറിച്ച് ചർച്ചകൾ നടക്കുകയാണ്. എല്ലാം നല്ല രീതിയിൽ വന്നാൽ പടയപ്പ പോലൊരു സിനിമ സംഭവിക്കും. രസികർക്ക് തിരുവിളയാകും", എന്ന് രജനികാന്ത് പറഞ്ഞു.

"ഞാനാണ് പടയപ്പ നിർമിച്ചത്. ഒരു ഒടിടിക്കോ സാറ്റലൈറ്റിനോ ഈ പടം ഞാൻ കൊടുത്തിട്ടില്ല. സൺ ടിവിക്ക് രണ്ട് തവണ കൊടുത്തു. അല്ലാതെ ഒന്നുമില്ല. ജനങ്ങൾ തിയറ്ററിൽ ആഘോഷിക്കേണ്ട സിനിമയാണത്. ഒടുവിൽ എന്റെ സിനിമാ ജീവിതത്തിലെ 50-ാം വർഷം റിലീസ് ചെയ്യണം എന്ന് തീരുമാനിച്ചു", എന്നും രജനികാന്ത് കൂട്ടിച്ചേർത്തു. റീ റിലീസിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പുതിയ വീഡിയോയിൽ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

ഡിസംബർ 12നാണ് പടയപ്പ് വീണ്ടും തിയറ്ററിൽ എത്തുന്നത്. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് റീ റിലീസ്. കെ.എസ്. രവികുമാറിന്റെ സംവിധാനത്തിൽ 1999ൽ റിലീസ് ചെയ്ത ചിത്രമാണ് പടയപ്പ. ആക്ഷനും ഇമോഷനും മാസും എല്ലാം കോർത്തിണക്കിയ ചിത്രത്തിൽ രജനീകാന്തിനൊപ്പം സൗന്ദര്യ, രമ്യ കൃഷ്ണൻ, ശിവാജി ഗണേശൻ, നാസർ, ലക്ഷ്മി, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ