Latest Videos

ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ യോഗത്തിന് ക്ഷണിച്ച് രജനീകാന്ത്; നാളെ നിര്‍ണ്ണായക പ്രഖ്യാപനമെന്ന് സൂചന

By Web TeamFirst Published Nov 29, 2020, 11:54 AM IST
Highlights

വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ കരുനീക്കങ്ങള്‍ ലക്ഷ്യമാക്കിയുള്ള ചര്‍ച്ചകള്‍ക്കായി കഴിഞ്ഞയാഴ്ച ചെന്നൈയില്‍ എത്തിയ അമിത് ഷാ രജനീകാന്തുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാതെ, രാഷ്ട്രീയ കാര്യത്തില്‍ തന്‍റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു രജനീകാന്ത്.

ചെന്നൈ: തന്‍റെ ആരാധകരുടെ സംഘടനയായ രജനി മക്കള്‍ മണ്‍ട്രം പ്രവര്‍ത്തകരെ യോഗത്തിന് ക്ഷണിച്ച് രജനീകാന്ത്. തിങ്കളാഴ്ച രാവിലെ ഒന്‍പതിന് രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് യോഗം. വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനീകാന്ത് മത്സരിക്കുമോ എന്നതു സംബന്ധിച്ച് യോഗത്തില്‍ രജനി നിലപാട് ആറിയിക്കുമെന്നാണ് കരുതപ്പെടുന്നത്. 

2017 ഡിസംബറിലാണ് താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചത്. എന്നാല്‍ തുടര്‍വര്‍ഷങ്ങളില്‍ അത് സംഭവിക്കാത്തതിനാല്‍ രജനി തീരുമാനം മാറ്റിയതാവുമെന്നും കരുതപ്പെട്ടു. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ രാഷ്ട്രീയനിലപാട് രജനി വീണ്ടും വിശദീകരിച്ചു. വരുന്ന നിലമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ താനില്ലെന്നും എന്നാല്‍ ഉടന്‍ രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആവുമെന്നും രജനി പറഞ്ഞിരുന്നു. വിദ്യാഭ്യാസവും അനുകമ്പയുമുള്ള യുവരക്തത്തെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ താന്‍ നിര്‍ദേശിക്കുകയെന്നും രജനി അന്നു വ്യക്തമാക്കിയിരുന്നു. ഒക്ടോബറില്‍ തന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുണ്ടായ പ്രചരണത്തില്‍ അദ്ദേഹം പ്രതികരിച്ചിരുന്നു. കൊവിഡ് കാലത്ത് ആളുകളുമായി ഇടപെടുന്നതും പ്രചരണത്തിനിറങ്ങുന്നതും തന്‍റെ ആരോഗ്യസ്ഥിതി പരിഗണിക്കുമ്പോള്‍ ദോഷകരമാണെന്ന് ഡോക്ടര്‍ പറഞ്ഞതായി രജനി അറിയിച്ചിരുന്നു. 

അതേസമയം വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ കരുനീക്കങ്ങള്‍ ലക്ഷ്യമാക്കിയുള്ള ചര്‍ച്ചകള്‍ക്കായി കഴിഞ്ഞയാഴ്ച ചെന്നൈയില്‍ എത്തിയ അമിത് ഷാ രജനീകാന്തുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങാതെ, രാഷ്ട്രീയ കാര്യത്തില്‍ തന്‍റെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു രജനീകാന്ത്. അതേസമയം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നടി ഖുശ്ബുവിന് പിന്നാലെ കൂടുതല്‍ താരങ്ങളെ ഒപ്പമെത്തിക്കാനും പ്രാദേശിക പാര്‍ട്ടികളെ ഉള്‍പ്പെടുത്തി സഖ്യം വിപുലീകരിക്കാനുമാണ് ബിജെപി നീക്കം. 

click me!