
കോളിവുഡില്‍ നിന്ന് ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് ലിയോ. പ്രതീക്ഷയുടെ അമിതഭാരവുമായി ആദ്യദിനം തിയറ്ററുകളിലെത്തിയ കാണികളില്‍ നിന്ന് സമ്മിശ്ര അഭിപ്രായമാണ് ഉയര്‍ത്തനെങ്കിലും ഓപണിംഗ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തിരിക്കുകയാണ് ചിത്രം. കേരളമുള്‍പ്പെടെയുള്ള ഇടങ്ങളിലെ വിജയ് ആരാധകര്‍ ഡിജെ പാര്‍ട്ടിയും പുലര്‍ച്ചെ 4 മണിക്കുള്ള ഫസ്റ്റ് ഷോയുമൊക്കെയായി റിലീസ് ആഘോഷിച്ചപ്പോള്‍ നിയന്ത്രങ്ങളുടെ പേരില്‍ തങ്ങള്‍ക്ക് അത് സാധിക്കാതെപോയതില്‍ നിരാശരാണ് തമിഴ്നാട്ടിലെ വിജയ് ആരാധകര്‍. ഇപ്പോഴിതാ സൂപ്പര്‍താരം രജനികാന്ത് എക്സില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഫാന്‍ ഫൈറ്റ് നടക്കുകയാണ്.
ഇന്ന് റിലീസ് ആവുന്ന ബോളിവുഡ് ചിത്രം ഗണപതിന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു രജനിയുടെ ട്വീറ്റ്. ടൈഗര്‍ ഷ്രോഫിനും ഗണപതിന്‍റെ മറ്റെല്ലാ അണിയറക്കാര്‍ക്കും താരങ്ങള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ചിത്രം ഒരു വന്‍ വിജയമായിത്തീരട്ടെ, എന്നായിരുന്നു രജനിയുടെ പോസ്റ്റ്. എന്നാല്‍ ലിയോ റിലീസിന് തൊട്ടുപിറ്റേന്ന് അതിന് ആശംസ നേരാതെ ഒരു ബോളിവുഡ് ചിത്രത്തിന് വിജയാശംസ പറഞ്ഞത് ശരിയായില്ലെന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് വിജയ് ആരാധകര്‍. ലഭ്യമായ കണക്കുകളനുസരിച്ച് കോളിവുഡിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപണിംഗ് ആണ് ലിയോ നേടിയിരിക്കുന്നത്. ഇതിന്‍റെ അസൂയയാണ് രജനിക്കെന്നും വേദികളില്‍ എല്ലാ തമിഴ് ചിത്രങ്ങളും വിജയിക്കട്ടെയെന്ന് പറഞ്ഞ് നല്ലപിള്ള ചമഞ്ഞ രജനിയുടെ യഥാര്‍ഥ മനസ് ഇപ്പോള്‍ പുറത്തായെന്നുമൊക്കെ കനത്ത ഭാഷയിലുള്ള വിമര്‍ശനങ്ങളാണ് കമന്‍റ് ബോക്സില്‍ എത്തുന്നത്.
എന്നാല്‍ ടൈഗര്‍ ഷ്രോഫുമായുള്ള രജനിയുടെ സൌഹൃദവും അമ്മ അയേഷ ഷ്രോഫ് ഒരു രജനി ആരാധികയാണെന്ന കാര്യവും ചൂണ്ടിക്കാട്ടി ഈ ആശംസ സ്വാഭാവികമാണെന്ന വാദമാണ് രജനി ആരാധകര്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ലിയോയുടെ റിലീസിന് മുന്‍പ് ചിത്രത്തിന് രജനി ആശംസകള്‍ നേര്‍ന്നിരുന്നു. എന്നാല്‍ ഇതൊരു സോഷ്യല്‍ മീഡിയ പോസ്റ്റ് ആയിരുന്നില്ല. മറിച്ച് താന്‍ നായകനാവുന്ന പുതിയ ചിത്രം തലൈവര്‍ 170 ന്‍റെ ചിത്രീകരണത്തിനായി തൂത്തുക്കുടിയിലെത്തിയ രജനി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ലിയോയെക്കുറിച്ച് പറഞ്ഞത്. വിജയ് ചിത്രം വലിയ വിജയം നേടണം. അതിന് വേണ്ടി താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നായിരുന്നു വിജയിയുടെ വാക്കുകള്‍.
എന്നാല്‍ തന്‍റെ ചിത്രത്തിന്‍റെ പ്രീ റിലീസ് പ്രചരണത്തിന് ബലം കിട്ടാന്‍ വിജയ് ആവശ്യപ്പെട്ടതനുസരിച്ചാണ് രജനി ചിത്രത്തെക്കുറിച്ച് പറഞ്ഞതെന്ന് ഒരു പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇതിനെ തള്ളിക്കളഞ്ഞുകൊണ്ട് ഇരുവരുടെയും പിആര്‍ഒ ആയ റിയാസ് കെ അഹമ്മദ് പരസ്യമായി രംഗത്തെത്തുകയുമുണ്ടായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക