Latest Videos

കൊടുംവരൾച്ച; ചെന്നൈയിൽ വെള്ളം വിതരണം ചെയ്ത് രജനികാന്തിന്റെ ഫാൻസ് അസോസിയേഷൻ

By Web TeamFirst Published Jun 22, 2019, 6:41 PM IST
Highlights

കുടിവെള്ളക്ഷാമം രൂക്ഷമായ ചെന്നൈയിലെ കോടമ്പക്കത്ത് ശനിയാഴ്ചയാണ് രജനി മക്കൾ മൻട്രം പ്രവർത്തകർ വെള്ളം വിതരണം ചെയ്തത്.  

ചെന്നൈ: കൊടും വരൾച്ചയിൽ ദുരിതമനുഭവിക്കുന്ന ചെന്നൈ ന​ഗരത്തിലെ ജനങ്ങൾക്ക് നടൻ രജനികാന്തിന്റെ ഫാൻസ് അസോസിയേഷനായ രജനി മക്കൾ മൻട്രം വെള്ളം വിതരണം ചെയ്തു. കുടിവെള്ളക്ഷാമം രൂക്ഷമായ ചെന്നൈയിലെ കോടമ്പക്കത്ത് ശനിയാഴ്ചയാണ് രജനി മക്കൾ മൻട്രം പ്രവർത്തകർ വെള്ളം വിതരണം ചെയ്തത്.

ടാങ്കുകളിൽ വെള്ളം കൊണ്ടുവന്നാണ് പ്രവർത്തകർ ജനങ്ങൾക്ക് വിതരണം ചെയ്തത്. രജനികാന്തിന്റേയും രജനി മക്കള്‍ മന്‍ട്രത്തിന്റെ മറ്റ് നേതാക്കളുടെയും ചിത്രങ്ങൾ പതിച്ച ബാനറുകളും ടാങ്കറുകളിൽ പതിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്ന രജനികാന്തിന്റെ ഫാൻസ് അസോസിയേഷനാണ് രജനി മക്കള്‍ മന്‍ട്രം.

മൂന്നരവര്‍ഷം മുമ്പ് മഹാപ്രളയത്തെ നേരിട്ട ചെന്നൈയാണ് ഇന്ന് കടുത്ത ജലക്ഷാമം നേരിടുന്നത്. കുഴല്‍കിണറുകളുടെ ആഴം കൂട്ടിയിട്ടും രക്ഷയില്ല. പശ്ചിമഘട്ടത്തോട് ചേര്‍ന്ന മേഖലയില്‍ പോലും ഭൂഗര്‍ഭ ജലവിതാനം താഴ്ന്നത് രണ്ടുമീറ്ററിലധികം. ജലാശയങ്ങളില്‍ ചെറുജീവികളും മീനുകളും ചത്തുകിടക്കുന്നു. ശുദ്ധജലത്തിന്‍റെ അളവ് അപകടകരമായി കുറയുന്നതിന്‍റെ ലക്ഷണമാണ് ചെന്നൈയിലെ കൊടും വരള്‍ച്ചയെന്നാണ് പരിസ്ഥിതി ഗവേഷകര്‍ ചൂണ്ടികാട്ടുന്നത്. ഭൂഗര്‍ഭ ജലത്തില്‍ ഉപ്പിന്‍റെ അളവ് കൂടാൻ ഇതിടയാക്കും.  

പ്രളയത്തിന് ശേഷം മഴയുടെ അളവില്‍ കുറവുണ്ടായി. മുന്‍വര്‍ഷത്തേക്കാളും മഴയിൽ അറുപത്തിനാല് ശതമാനത്തിലേറെ കുറവാണുണ്ടായത്. പ്രളയത്തില്‍ ഒഴുകിയെത്തിയ മണലും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും തടാകങ്ങളുടെ ഗതിമാറ്റി. പെയ്ത മഴ മണ്ണിലേക്ക് ആഴ്ന്ന് ഇറങ്ങാന്‍ മടിച്ചു.മഴപെയ്താല്‍ വെള്ളം പോകേണ്ട വഴികളെല്ലാം മാലിന്യം നിറഞ്ഞ് അടഞ്ഞ‌ു.ഓരോ തുള്ളിയും കരുതി വയ്ക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങളില്ലാത്തതിന്‍റെ ദുരിതമാണ് ചെന്നൈ ഇന്ന് നേരിടുന്നത്. 
 

click me!