
തെലുങ്ക് സിനിമാപ്രേമികള്‍(Tollywood) ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും'(Ayyappanum Koshiyum) എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ(Sachi) അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും(Pawan Kalyan) റാണ ദഗുബാട്ടിയുമാണ്( Rana Daggubati). കഴിഞ്ഞ ദിവസ പുറത്തുവിട്ട ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെയും പവൻ കല്യാണിനെയും പ്രശംസിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് രാം ചരൺ.
ട്രെയിലർ ആവേശം ഉണർത്തുന്നതാണ് എന്നാണ് രാം ചരൺ ട്വിറ്റ് ചെയ്തത്.'പവൻ കല്യാണിന്റെ ഓരോ ഡയലോഗും ആക്ഷനും അതിശക്തമാണ്. എന്റെ സുഹൃത്ത് റാണ ദഗുബാട്ടിയുടെ സാന്നിധ്യം മികച്ചു നിന്നു', എന്ന് രാം ചരൺ ട്വീറ്റ് ചെയ്തു.
ചിത്രം ഫെബ്രുവരി 25ന് പ്രദര്‍ശത്തിനെത്തും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് പലതവണയായി മാറ്റിയിരുന്നു. 'ഞങ്ങൾ വാക്ക് നൽകിയത് പോലെ ഭീംല നായക് മികച്ച തിയറ്റർ അനുഭവം തന്നെയായിരിക്കും. ഈ മഹാമാരി കാലം അവസാനിച്ച ശേഷം ഞങ്ങൾ ചിത്രം തിയറ്ററുകളിൽ എത്തിക്കും. ഫെബ്രുവരി 25നോ ഏപ്രിൽ ഒന്നിനോ ചിത്രം റിലീസ് ചെയ്യാമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്', എന്നാണ് നേരത്തെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്.
പവന്‍ കല്ല്യാണാണ് ബിജു മേനോന്‍റെ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ റാണ ദഗുബാട്ടിയാണ് അവതരിപ്പിക്കുന്നത്. നിത്യ മേനോനും സംയുക്താ മേനോനുമാണ് നായികമാർ.സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. ചിത്രത്തിന് രവി.കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. റാം ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി.
രണ്ട് ടൈറ്റില്‍ കഥാപാത്രങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമായിരുന്നു സച്ചി സംവിധാനം ചെയ്‍ത അയ്യപ്പനും കോശിയുമെങ്കില്‍ തെലുങ്കില്‍ പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം. ഹൈദരാബാദ് ഗച്ചിബൗളിയിലുള്ള അലൂമിനിയം ഫാക്റ്ററിയില്‍ സെറ്റ് ഇട്ടാണ് സിനിമയില്‍ ഏറെ പ്രാധാന്യമുള്ള ഫൈറ്റ് സീന്‍ പ്ലാന്‍ ചെയ്‍തിരിക്കുന്നത്.
ഹിന്ദിയിലും അയ്യപ്പനും കോശിയും റീമേക്ക് ചെയ്യുന്നുണ്ട്. ബോളിവുഡിലിലെ അയ്യപ്പനും കോശിയുമായി എത്തുന്നത് ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ആണെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതനുസരിച്ചാണെങ്കിൽ 13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജോൺ എബ്രഹാമും അഭിഷേകും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ടാകും.
തമിഴിൽ കാര്‍ത്തിയും പാര്‍ഥിപനുമാണ് പൃഥ്വിരാജും ബിജു മേനോനും അവതരിപ്പിച്ച ടൈറ്റില്‍ റോളുകളില്‍ എത്തുകയെന്നാണ് വിവരം.