
രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത 'പുഴ മുതല്‍ പുഴ വരെ' അമേരിക്കയിൽ റിലീസിന് ഒരുങ്ങുന്നു. സംവിധായകൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. 'പുഴ അമേരിക്കയിലേക്കൊഴുകാൻ പോകുന്നു', എന്നാണ് രാമസിംഹൻ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.
ഈ മാസം ആദ്യവാരമാണ് 'പുഴ മുതല്‍ പുഴ വരെ' റിലീസ് ചെയ്തത്. മലബാര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് രാമസിംഹൻ ചിത്രം ഒരുക്കിയിരിക്കുന്നത്. 2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതൽ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. 'മമ ധര്‍മ്മ'യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴി ആയിരുന്നു നിർമ്മാണം.
തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തിയത്. ജോയ് മാത്യുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചത്. ഏഴ് കട്ടുകള്‍ ആണ് സിനിമയ്ക്ക് സെൻസർ ബോർഡ് നിർദ്ദേശിച്ചത്.
1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമസിംഹനും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. എന്നാൽ നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നത കാരണം ആഷിക് അബുവും പൃഥ്വിരാജും സിനിമയിൽ നിന്നും പിന്മാറി.
'ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ 9 ദിവസമായി പണിപ്പെടുന്ന സഹോദരങ്ങൾ'
റിലീസ് കഴിഞ്ഞ് രാമസിംഹന്‍ പറഞ്ഞത്
സന്തോഷം. ഒരു തിയറ്ററിൽ പോലും സിനിമ ഇറങ്ങില്ലെന്ന് അവർ പറഞ്ഞു. പക്ഷേ ഒരുപാട് തിയറ്ററിൽ ഇറങ്ങി. ഇത് കാണാൻ ആളുകൾ ഉണ്ടാകില്ല എന്നവർ പറഞ്ഞു. അരുവി പതിയെ പുഴയായി മാറി. കോഴിക്കോടും എറണാകുളത്തുമെല്ലാം തിയറ്ററുകൾ നിറഞ്ഞ് കവിയുന്നത് കാണുമ്പോൾ എനിക്ക് സന്തോഷമുണ്ട്. എവിടെയും വീണിട്ടില്ല കേട്ടോ. ഈ സീസണിൽ മറ്റെല്ലാ സിനിമകളും തകർന്ന് അടിഞ്ഞപ്പോൾ, ആരും തിയറ്ററിലേക്ക് വരാത്ത സീസണിൽ പുഴ ഒഴുകുന്നുണ്ടെങ്കിൽ നമ്മൾ വിജയിച്ചു. നമ്മൾ എന്ത് ഉദ്ദേശിച്ചോ അത് സംഭവിച്ചു. ചിലർ പോസ്റ്റർ വലിച്ചു കീറി. തിയറ്ററിൽ പടം എത്തുന്നതിന് മുന്നെ പ്രിവ്യു ചെയ്തു. എല്ലാവിധ കൊനഷ്ട് വിദ്യകൾ പ്രയോഗിച്ചിട്ടും പുഴ ഒഴുകി. അത് കുറെ ഹൃദയങ്ങൾ കണ്ടു. കണ്ടു കൊണ്ടേയിരിക്കുന്നു. ഈ സിനിമ ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞപ്പോൾ, ഇത് നടന്നിരിക്കുന്നു എന്ന് നമ്മൾ പറഞ്ഞു. ആ നമ്മൾ ആരാണ് ? ഒരു പൊതു സമൂഹമാണ്. ഒരു ചെറിയ സമൂഹമാണ് സിനിമ നിർമ്മിച്ചത്. ഒരിക്കലും സിനിമ ഇറങ്ങില്ല, സെൻസർ സർട്ടിഫിക്കറ്റ് കിട്ടില്ല, ഉള്ള പൈസ മുഴുവൻ രാമസിംഹൻ അടിച്ചുമാറ്റി എന്നിങ്ങനെയുള്ള പ്രചരണങ്ങളെ അതിജീവിച്ച് ചിത്രം തിയറ്ററിലെത്തി. മലപ്പുറത്തും പാലക്കാടും എല്ലായിടത്തും പടമെത്തി. ഒരു പത്രപരസ്യമോ ടിവി പരസ്യമോ ഇല്ലായിരുന്നു. എന്നിട്ടും ഒട്ടിച്ച പോസ്റ്റർ വലിച്ച് കീറിയിട്ടും ഈ സിനിമ ഓടുന്നുണ്ടെങ്കിൽ അത് വിജയം തന്നെയാണ്. ഈ മൂന്നാം ദിവസവും ഒട്ടും മോശമല്ലാത്ത രീതിയിൽ ഓടുന്നു. ഞാനല്ല പബ്ലിസിറ്റി കൊടുക്കുന്നത്. സിനിമ കണ്ടവർ മറ്റുള്ളവരോട് പറഞ്ഞ് പറഞ്ഞ് ആയിരങ്ങൾ ഈ സിനിമ കണ്ടു കഴിഞ്ഞു. പതിയെ ഇന്ത്യ മുഴുവൻ സിനിമ കാണിക്കും. ശേഷം ലോകം മുഴുവൻ. പിന്നെ ഒടിടിയിൽ ശേഷം ഓരോ വീടുകളിലും.