രാം ഗോപാല്‍ വര്‍മ്മയുടെ ജീവിതം മൂന്ന് ഭാഗങ്ങളിലായി വെള്ളിത്തിരയിലേക്ക്; ആദ്യഭാഗം ചിത്രീകരണം തുടങ്ങി

By Web TeamFirst Published Sep 16, 2020, 3:35 PM IST
Highlights

സിനിമാ ത്രയത്തിലെ മൂന്ന് ഭാഗങ്ങളുടെ പേരുകളും അവയുടെ ഉള്ളടക്കവും പ്രഖ്യാപനസമയത്തുതന്നെ പുറത്തുവിട്ടിരുന്നു രാമു. രാം ഗോപാല്‍ വര്‍മ്മയ്ക്ക് 20 വയസ്സുണ്ടായിരുന്നപ്പോഴത്തെ കാലമാണ് ഇന്ന് ചിത്രീകരണം ആരംഭിച്ച, പരമ്പരയിലെ ആദ്യ ചിത്രത്തില്‍

കൊവിഡ് കാലത്ത് എണ്ണമറ്റ പ്രഖ്യാപനങ്ങളുമായി അമ്പരപ്പിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. ഏറ്റവുമൊടുവില്‍ അദ്ദേഹം പ്രഖ്യാപിച്ചത് സ്വന്തം ജീവിതം ആവിഷ്കരിക്കുന്ന ബയോപിക് ട്രിലജി ആയിരുന്നു. മൂന്ന് ഭാഗങ്ങളിലായി ആറ് മണിക്കൂറില്‍ ഒരുങ്ങുന്ന ചലച്ചിത്ര ത്രയത്തിലെ ആദ്യഭാഗത്തിന്‍റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു.

ക്യാമറയുടെ സ്വിച്ചോണ്‍ നിര്‍വ്വഹിച്ചത് രാം ഗോപാല്‍ വര്‍മ്മയുടെ അമ്മ സൂര്യവതി ആയിരുന്നു. സഹോദരി വിജയ ആണ് ഫസ്റ്റ് ക്ലാപ്പ് നല്‍കിയത്. ചലച്ചിത്ര ത്രയം സംവിധാനം ചെയ്യുന്ന ദൊര സായ് തേജയാണ് ആദ്യഭാഗത്തില്‍ രാം ഗോപാല്‍ വര്‍മ്മയായി അഭിനയിക്കുന്നതും. രാം ഗോപാല്‍ വര്‍മ്മ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബൊമ്മകു ക്രിയേഷന്‍സിന്‍റെ ബാനറില്‍ ബൊമ്മകു മുരളി ആണ്.

സിനിമാ ത്രയത്തിലെ മൂന്ന് ഭാഗങ്ങളുടെ പേരുകളും അവയുടെ ഉള്ളടക്കവും പ്രഖ്യാപനസമയത്തുതന്നെ പുറത്തുവിട്ടിരുന്നു രാമു. രാം ഗോപാല്‍ വര്‍മ്മയ്ക്ക് 20 വയസ്സുണ്ടായിരുന്നപ്പോഴത്തെ കാലമാണ് ഇന്ന് ചിത്രീകരണം ആരംഭിച്ച, പരമ്പരയിലെ ആദ്യ ചിത്രത്തില്‍. വിജയവാഡയിലെ കോളെജ് ദിനങ്ങളും ആദ്യം ചിത്രം ശിവ സംവിധാനം ചെയ്യുന്നതുമൊക്കെ ആദ്യ ചിത്രത്തില്‍ ഉള്‍പ്പെടും. രാം ഗോപാല്‍ വര്‍മ്മ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ചിത്രം പെണ്‍കുട്ടികളും അധോലോകനേതാക്കളും അമിതാഭ് ബച്ചനുമൊക്കെയുള്ള തന്‍റെ മുംബൈ ജീവിതം ആയിരിക്കുമെന്നും രാമു പറയുന്നു. മറ്റൊരു നടനായിരിക്കും ഈ ഭാഗത്തിലെ നായകന്‍. 'ആര്‍ജിവി- ദി ഇന്‍റലിജന്‍റ് ഇഡിയറ്റ്' എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ചിത്രത്തില്‍ രാം ഗോപാല്‍ വര്‍മ്മ തന്‍റെ നായകനെ അവതരിപ്പിക്കും. തന്‍റെ പരാജയങ്ങളെക്കുറിച്ചും ദൈവം, രതി. സമൂഹം എന്നിവയെക്കുറിച്ചുള്ള തന്‍റെ ചിന്തകളെക്കുറിച്ചുമാവും മൂന്നാം ഭാഗമെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു. ചിത്രം വിവാദമാകുമെന്ന് പ്രഖ്യാപന സമയത്തുതന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട് സംവിധായകന്‍.
 

click me!