'മരണം സംഭവിക്കാനുള്ള സാധ്യത 30 ശതമാനമായിരുന്നു'; രോഗകാലത്തെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് റാണ ദഗുബാട്ടി

By Web TeamFirst Published Nov 24, 2020, 6:15 PM IST
Highlights

പ്രഭാസിനെപ്പോലെ 'ബാഹുബലി'യുടെ വിജയം കരിയറില്‍ വലിയ ബ്രേക്ക് നല്‍കിയ നടനാണ് റാണ ദഗുബാട്ടി. ഒരിക്കല്‍ സോഷ്യല്‍ മീഡിയയിലൂടെ  സ്വന്തം ചിത്രം പങ്കുവച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന് എന്തെങ്കിലും അനാരോഗ്യമുണ്ടോ എന്ന് ആരാധകര്‍ ചോദിച്ചുതുടങ്ങിയത്. 

രോഗപീഡയിലൂടെ കടന്നുപോയ കാലത്തെക്കുറിച്ച് ഇതാദ്യമായി തുറന്നുപറഞ്ഞ് തെലുങ്ക് സൂപ്പര്‍താരം റാണ ദഗുബാട്ടി. നടി സാമന്ത അക്കിനേനി അവതാരകയായെത്തുന്ന ചാറ്റ് ഷോ 'സാം ജാമി'ല്‍ പങ്കെടുക്കവെയാണ് റാണ തന്‍റെ രോഗകാലത്തെക്കുറിച്ച് വിശദീകരിച്ചത്. ഒടിടി പ്ലാറ്റ്ഫോം ആയ അഹ വീഡിയോയുടെ ഒറിജിനല്‍ ഷോയുടെ എപ്പിസോഡില്‍ സംവിധായകന്‍ നാഗ് അശ്വിനും റാണയ്ക്കൊപ്പം പങ്കെടുത്തു.

"ജീവിതം ഫാസ്റ്റ് ഫോര്‍വേഡില്‍ ആയിരിക്കുമ്പോള്‍ പൊടുന്നനെ ഒരു 'പോസ്' ബട്ടന്‍ വരികയാണ്. രക്തസമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഹൃദയത്തിനു ചുറ്റും കാല്‍സിഫിക്കേഷന്‍ സംഭവിച്ചിരുന്നു. വൃക്കകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. ഹൃദയാഘാതമോ രക്തസ്രാവമോ സംഭവിക്കാനുള്ള സാധ്യത 70 ശതമാനം ആയിരുന്നു. മരണത്തിനുള്ള സാധ്യത 30 ശതമാനവും", റാണ ദഗുബാട്ടി പറഞ്ഞു. എന്നാല്‍ തന്നെ സംബന്ധിച്ച് ഒരു സൂപ്പര്‍ഹീറോയാണ് റാണ എന്നായിരുന്നു സാമന്തയുടെ വിലയിരുത്തല്‍. അതിന്‍റെ കാരണവും സാമന്ത പറഞ്ഞു- "ചുറ്റുമുള്ളവര്‍ തകരുന്ന സമയത്ത് നിങ്ങള്‍ ഒരു പാറ പോലെ ഉറച്ചുനിന്നു. കണ്‍മുന്നില്‍ ഞാന്‍ കണ്ടതാണ് അത്. അതുകൊണ്ടാണ് ഇദ്ദേഹം എനിക്കൊരു സൂപ്പര്‍ഹീറോ ആവുന്നത്."

പ്രഭാസിനെപ്പോലെ 'ബാഹുബലി'യുടെ വിജയം കരിയറില്‍ വലിയ ബ്രേക്ക് നല്‍കിയ നടനാണ് റാണ ദഗുബാട്ടി. ഒരിക്കല്‍ സോഷ്യല്‍ മീഡിയയിലൂടെ  സ്വന്തം ചിത്രം പങ്കുവച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന് എന്തെങ്കിലും അനാരോഗ്യമുണ്ടോ എന്ന് ആരാധകര്‍ ചോദിച്ചുതുടങ്ങിയത്. സാധാരണയിലും മെലിഞ്ഞായിരുന്നു ചിത്രത്തില്‍ കാണപ്പെട്ട റാണ. തുടര്‍ന്ന് പലതരം ഊഹാപോഹങ്ങളും സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച് പ്രചരിച്ചു. എന്നാല്‍ അക്കാലത്ത് അവ നിഷേധിക്കുകയാണ് റാണ ചെയ്തത്. "എന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിചിത്രമായ പല കാര്യങ്ങളും പ്രചരിക്കുന്നത് കേള്‍ക്കുന്നു. രക്തസമ്മര്‍ദവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളല്ലാതെ എനിക്ക് യാതൊരു കുഴപ്പവുമില്ല സുഹൃത്തുക്കളെ. അത് വൈകാതെ ഭേദപ്പെടും. നിങ്ങളുടെ കരുതലിന് നന്ദി. പക്ഷേ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്", റാണ ഒരിക്കല്‍ ട്വിറ്ററില്‍ കുറിച്ചു.

മറ്റൊരിക്കല്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ റാണ ഇങ്ങനെ പറഞ്ഞു- "ആരോഗ്യകാര്യത്തെക്കുറിച്ച് വിശദീകരണം നടത്തി ഞാന്‍ മടുത്തു. ഞാന്‍ ഹൈദരാബാദിനു പുറത്തേക്ക് പോകുമ്പോഴൊക്കെ ഓരോരോ പ്രചരണങ്ങള്‍ നടക്കും. അതേസമയം ആളുകളുടെ കരുതലില്‍ ഞാന്‍ ഏറെ നന്ദിയുള്ളവനുമാണ്". വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി റാണ വിദേശത്തേക്ക് പോയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത നിഷേധിച്ചിരുന്നു. വരാനിരിക്കുന്ന സിനിമയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് അദ്ദേഹം വിദേശ സന്ദര്‍ശനം നടത്തിയത് എന്നായിരുന്നു അടുത്ത വൃത്തങ്ങളുടെ വിശദീകരണം.

അതേസമയം ഓഗസ്റ്റ് മാസത്തിലായിരുന്നു റാണയുടെ വിവാഹം. സംരംഭകയായ മിഹീക ബജാജിനെയാണ് റാണു വിവാഹം കഴിച്ചത്. മെയ് മാസത്തില്‍ തന്നെ വിവാഹിതനാകുന്ന വിവരം റാണ ആരാധകരുമായി പങ്കുവച്ചിരുന്നു.

click me!