
സമീപകാലത്ത് മറുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടിയ മലയാള ചിത്രമായിരുന്നു മാര്‍ക്കോ. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 20 നാണ് തിയറ്ററുകളില്‍ എത്തിയത്. ഈ വാരാന്ത്യത്തിലാണ് ചിത്രത്തിന്‍റെ കന്നഡ പതിപ്പ് തിയറ്ററുകളില്‍ എത്തിയത്. ഒടിടി റിലീസ് തീയതി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ ചിത്രം കണ്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് തെലുങ്ക് താരം റാണ ദഗുബാട്ടി.
മാര്‍ക്കോ കണ്ട് റാണ ദഗുബാട്ടി പറയുന്നത് ഇങ്ങനെ- "ഗംഭീരമായി വയലന്‍റ് ആയിരിക്കുന്ന ഒരു ചിത്രം കാണാന്‍ ഇടയായി- മാര്‍ക്കോ. ഉണ്ണി മുകുന്ദന്‍, നിങ്ങളൊരു ലഹളയാണ്. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. സംവിധായകന്‍ ഹനീഫിനും അഭിനേതാക്കള്‍ക്കും, പിന്നെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദിന് പ്രത്യേകിച്ചും. നിങ്ങള്‍ ഗംഭീരമായിട്ടുണ്ട്, റാണ ദഗുബാട്ടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. ചിത്രത്തിന്‍റെ പോസ്റ്ററിനൊപ്പമാണ് റാണയുടെ വാക്കുകള്‍", ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി റാണ കുറിച്ചു.
മലയാളികള്‍ കഴിഞ്ഞാല്‍ ചിത്രം ഏറ്റവുമധികം ഏറ്റെടുത്തത് ഉത്തരേന്ത്യന്‍ പ്രേക്ഷകരായിരുന്നു. മലയാളം പതിപ്പിനൊപ്പം ഡിസംബര്‍ 20 ന് തന്നെയായിരുന്നു ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന്‍റെയും റിലീസ്. ആദ്യ ദിനം ചെറിയ കളക്ഷനില്‍ ആരംഭിച്ച ഹിന്ദി പതിപ്പ് ദിനം പ്രതി കൂടുതല്‍ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിക്കാന്‍ തുടങ്ങി. മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം പണം വാരുന്ന ഹിന്ദി പതിപ്പ് ആയും മാര്‍ക്കോ മാറി. 10 കോടിക്ക് മുകളിലാണ് മാര്‍ക്കോ ഹിന്ദി പതിപ്പ് നേടിയത്. ഫെബ്രുവരി 14 ന് സോണി ലിവിലൂടെയാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്. ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെയും ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.