3 മിനിറ്റ് 47 സെക്കൻഡ് ദൈർഘ്യം! കാത്തിരിപ്പിന് വിരാമമിട്ട് 'രണബാലി' ട്രെയിലർ ഇന്ന്

Published : Oct 08, 2026, 08:13 AM IST
ranabaali trailer release today vijay devarakonda Rashmika Mandanna

Synopsis

ഒക്ടോബർ 16-ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ചിത്രത്തിൽ അർണോൾഡ് വോസ്‌ലൂ ആണ് വില്ലനായി എത്തുന്നത്.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'രണബാലി'യുടെ ട്രെയ്‍ലര്‍ റിലീസ് ഇന്ന്. വൈകീട്ട് 6:03 നാണ് ചിത്രത്തിന്‍റെ ഒഫിഷ്യൽ ട്രെയ്ലര്‍ പുറത്തിറങ്ങുക. 3 മിനിറ്റും 47 സെക്കൻഡും ദൈർഘ്യമുള്ള, തികച്ചും റോ ആന്‍ഡ് റൂട്ടഡ് ശൈലിയിലുള്ള ദൃശ്യവിരുന്നാണ് അണിയറപ്രവർത്തകർ ട്രെയിലറിലൂടെ വാഗ്ദാനം ചെയ്യുന്നത് എന്നാണ് അറിയിച്ചിരിക്കുന്നത്. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം വിജയദശമിയോടനുബന്ധിച്ച് ഒക്ടോബർ 16-നാണ് വേൾ‍ഡ് വൈഡ് റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ, ചുവന്ന രക്തത്തുള്ളികൾ മാത്രം വേറിട്ടുനിൽക്കുന്ന തരത്തിലാണ് ട്രെയിലർ റിലീസ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. കൂർത്ത മീശയും ചിതറിയ മുടിയിഴകളും മാറിൽ മാലയും ധരിച്ച് ചുരുട്ടിപിടിച്ച മുഷ്ടികളുമായി അതിശക്തവും ഗൗരവമുള്ളതുമായ ഭാവത്തിലാണ് വിജയ് ദേവരകൊണ്ട പോസ്റ്ററിലുള്ളത്. വസ്ത്രത്തിലും കൈകളിലും രക്തം പുരണ്ട രീതിയിലുള്ള ഡിസൈൻ ചിത്രത്തിലെ രക്തരൂക്ഷിതമായ രംഗങ്ങളുടെ സൂചനയാണ് നൽകിയിരിക്കുന്നത്. ചിത്രത്തിൽ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ട് 'എൻന്തയ്യ സാമി' ഗാനം പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു.

പ്രേക്ഷകരിൽ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയിൽ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് സിനിമയുടെ മുമ്പ് പുറത്തിറങ്ങിയ ടീസറിൽ വിജയ് ദേവരകൊണ്ട എത്തിയിട്ടുള്ളത്. 1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമർപ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. ഇന്ത്യയിൽ അക്കാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

"സിംഗനമല ബൊബ്ബിലി രണബാലി" എന്ന വീരയോദ്ധാവായി വിജയ് ദേവരകൊണ്ട ഞെട്ടിക്കുമെന്നാണ് സൂചന. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം ടി-സീരീസ് ആണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ വിജയ് ദേവരകൊണ്ടയോടൊപ്പം കരുത്തുറ്റ പ്രതിനായക കഥാപാത്രമായാണ് 'ദ മമ്മി', 'ദ മമ്മി റിട്ടേൺസ്', 'ബ്ലഡ് ഡയമണ്ട്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അർണോൾഡ് വോസ്‌ലൂ എത്തുന്നത്. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം വേഷമിടുന്നത്.

വിജയ് ദേവരകൊണ്ടയുടേയും രശ്മിയുടേയും കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും 'രണബാലി'യിലേത് എന്നാണ് സൂചന. വിവാഹ ശേഷം ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രവുമാണിത്. പിരിയോഡിക് ഡ്രാമയായി എത്തുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. ചിത്രത്തിൽ 'രണബാലി' എന്ന പോരാളിയായി തീപ്പൊരി ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. 'ഗീതാ ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഗുൽഷൻ കുമാർ, ഭൂഷൻ കുമാർ, ടി സീരീസ് എന്നിവര്‍ ചേർന്നാണ് അവതരിപ്പിക്കുന്നത്. ഇതൊരു ബയോപിക് അല്ലെന്നും മറിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. പാൻ-ഇന്ത്യൻ തലത്തിൽ പുറത്തിറങ്ങുന്ന 'രണബാലി' ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ പ്രോജക്റ്റുകളിൽ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

നിർമ്മാതാക്കൾ: നവീൻ യേർനേനി വൈ രവിശങ്കർ, സഹ നിർമ്മാതാവ്: അനുരാഗ് പർവ്വതനേനി, സഹ നിർമ്മാതാവ്: ശിവ ചനാന, പ്രസിഡൻ്റ് (ടി-സീരീസ്): നീരജ് കല്യാൺ, സിഇഒ: ചെറി, സംഗീതം: അജയ് - അതുൽ, ക്യാമറ: നീരവ് ഷാ, ജിഷ്‌ണു ഭട്ടാചാര്യ, എഡിറ്റിംഗ്: കാർത്തിക ശ്രീനിവാസ് ആർ, രചന: പ്രമോദ് തമ്മിനേനി, പ്രൊഡക്ഷൻ ഡിസൈനർ: ശിവം റാവു നാഗസൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചെമ്പോലു സായി ആദിത്യ, കൊറിയോഗ്രാഫി ഡയറക്ടർ: കൃതി മഹേഷ്, കോസ്റ്റ്യൂം ഡിസൈനർ: അർച്ചന റാവു, കലാസംവിധായകൻ: വിത്തൽ കോസാനം, VFX സൂപ്പർവൈസർ: സുനിൽ രാജു ചിന്ത, ആക്ഷൻ കൊറിയോഗ്രാഫർമാർ: യാനിക്ക് ബെൻ, ആൻഡി ലോംഗ് ഗുയെൻ, റോബിൻ സുബ്ബു, സൗണ്ട് ഡിസൈനർ: രഘുനാഥ് കെമിഷെട്ടി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലിയ, പി.ആർ.ഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

നടൻ നാനാ പടേക്കർ അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം
'വാഴ' സംവിധായകന്‍റെ പുതിയ ചിത്രം; മഞ്ജു വാര്യരും മുകേഷും ഒന്നിക്കുന്ന 'ഹാപ്പി ലൂപ്പി'ന്‍റെ ഫസ്റ്റ് ലുക്ക് എത്തി