
താന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ഒ ബേബിയെക്കുറിച്ച് സത്യന്‍ അന്തിക്കാട് കുറിച്ച അഭിനന്ദന പോസ്റ്റിലെ പരാമര്‍ശത്തിന് വിമര്‍ശനവുമായി രഞ്ജന്‍ പ്രമോദ്. തന്‍റെ പോസ്റ്റില്‍ കെ ജി ജോര്‍ജ് ചിത്രം ഇരകളെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. ഇതിനെയാണ് രഞ്ജന്‍ പ്രമോദ് എതിര്‍ക്കുന്നത്. ചിത്രത്തിന്‍റെ ഒടിടി റിലീസിന് പിന്നാലെ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍റെ പ്രതികരണം.
സത്യന്‍ അന്തിക്കാടിന്‍റെ അഭിനന്ദന പോസ്റ്റിലെ ഇരകള്‍ പരാമര്‍ശത്തെക്കുറിച്ച് സൂചിപ്പിച്ച് അത്തരത്തില്‍ സ്വാധീനം ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് രഞ്ജന്‍ പ്രമോദിന്‍റെ പ്രതികരണം ഇങ്ങനെ- "കെ ജി ജോര്‍ജ്, അടൂര്‍ ഗോപാലകൃഷ്ണന്‍, പത്മരാജന്‍, ഐ വി ശശി, ജോണ്‍ എബ്രഹാം തുടങ്ങിയ സംവിധായകരുടെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഇതൊരു മോശം പ്രവണതയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു കാര്യവുമില്ലാതെ ഇരകള്‍ എന്ന സിനിമയുമായി ഒ ബേബിയെയോ ജോജിയെയോ ഒക്കെ താരതമ്യപ്പെടുത്തുന്നത് ഒരു നല്ല മനോഭാവമായി തോന്നുന്നില്ല എനിക്ക്. അത് സത്യേട്ടന്‍ പറഞ്ഞാലും ആര് പറഞ്ഞാലും ശരി അതൊരു സിനിമയെ തകര്‍ക്കലാണ് സത്യത്തില്‍. കാരണം ഉള്ളടക്കത്തിലോ ട്രീറ്റ്മെന്‍റിലോ പശ്ചാത്തലത്തിലോ ഒന്നും ഒരു ബന്ധവും ഓ ബേബിക്ക് ഇരകളുമായിട്ട് ഇല്ല", രഞ്ജന്‍ പ്രമോദ് പറയുന്നു
"ഇരകള്‍ എന്ന സിനിമ ഒരു എസ്റ്റേറ്റിലാണ് നടന്നിരിക്കുന്നത് എന്ന് മാത്രമേ ഉള്ളൂ. അതും ഒരു ഏലക്കാട് ഒന്നും അല്ല. ഒരു റബ്ബര്‍ തോട്ടമാണ്. ആ റബ്ബര്‍ തോട്ടം അതിന് ചുറ്റിലും ഉണ്ടെങ്കിലും ആ വീടിനകത്ത് നടക്കുന്ന കഥയാണ് അത്. ഒരു തരത്തിലും ഓ ബേബിയെ ജോര്‍ജ് സാറിന്‍റെ ആ സിനിമയുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല. അന്നത്തെ സൗകര്യങ്ങളോ ടെക്നോളജിയോ ഒന്നുമല്ല ഇന്നുള്ളത്. ജോര്‍ജ് സാറിന് ലഭ്യമായിരുന്ന ഒരു ടെക്നോളജി വച്ചിട്ട് ഓ ബേബി പോലെ ഒരു സിനിമ ഷൂട്ട് ചെയ്യാന്‍ പോലും പറ്റില്ല. ഞാന്‍ ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് അവിടേക്ക് ജനറേറ്ററോ ഔട്ട്ഡോര്‍ യൂണിറ്റോ ഒന്നും പോവില്ല. പണ്ടത്തെ ലൈറ്റും ക്യാമറയും ഫിലിമും ഒക്കെ ആയിരുന്നെങ്കില്‍ നമുക്കിത് പ്രായോഗികമായി സാധ്യമല്ല. ഡിജിറ്റല്‍ ടെക്നോളജി ഉണ്ടാവുന്നതുകൊണ്ടും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍ വന്നതുകൊണ്ടുമാണ് ആ തരത്തിലുള്ള ലൊക്കേഷനുകളില്‍ ചിത്രീകരിക്കാന്‍ പറ്റുന്നത്", രഞ്ജന്‍ പ്രമോദിന്‍റെ വാക്കുകള്‍.
സത്യന്‍ അന്തിക്കാടിന്‍റെ കുറിപ്പ് ഇങ്ങനെ ആയിരുന്നു
കാലാവസ്ഥയിലെ ന്യൂനമർദ്ദം പോലെയാണ് രഞ്ജൻ പ്രമോദ്. വിചാരിക്കാത്ത നേരത്ത് ആർത്തലച്ചങ്ങ് പെയ്യും. പിന്നെ മഷിയിട്ട് നോക്കിയാൽ ആളെ കാണില്ല. തിയറ്ററിൽ കാണാൻ പറ്റാതെ പോയ സിനിമയായിരുന്നു 'ഓ ബേബി'. ഇന്നലെ ആമസോൺ പ്രൈമിൽ ആ പടം കണ്ടു.
നമുക്ക് പരിചയമുള്ള സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ചിത്രം. സിനിമക്ക് വേണ്ടി എഴുതിയുണ്ടാക്കിയതാണെന്ന് ഒരിക്കലും തോന്നാത്ത രംഗങ്ങൾ. പടം തുടങ്ങി അവസാനിക്കും വരെ നമ്മൾ ആ കാട്ടിലും ഏലത്തോട്ടത്തിലുമാണെന്ന് തോന്നിപ്പോകും. എസ്റ്റേറ്റിനകത്തെ ഇരുണ്ട ജീവിതം നമ്മളെ ആദ്യം കാണിച്ചു തന്നത് കെ.ജി. ജോർജ്ജാണ്. ഇരകളിൽ. അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ, "എടാ മോനേ ! " എന്നും പറഞ്ഞ് രഞ്ജൻ പ്രമോദിനെ നെഞ്ചോട് ചേർത്ത് അഭിനന്ദിച്ചേനേ.
സിനിമ കണ്ട ആഹ്ളാദത്തില്‍ രഞ്ജനെ ഞാൻ വിളിച്ചിരുന്നു. ഔട്ട്ഡോർ യൂണിറ്റും കാരാവാനും ജനറേറ്ററും കടന്നു ചെല്ലാത്ത ലൊക്കേഷനിൽ വച്ച് ഈ സിനിമ എങ്ങനെയെടുത്തുവെന്ന് ഞാൻ ചോദിച്ചു. ദിലീഷ് പോത്തനടക്കമുള്ള എല്ലാ നടീനടന്മാരും ക്യാമറാമാനും മറ്റു സാങ്കേതിക പ്രവർത്തകരും ഒരേ മനസ്സോടെ കൂടെ നിന്നതു കൊണ്ടാണെന്ന് രഞ്ജൻ പറഞ്ഞു. അവരെയെല്ലാം ഞാൻ മനസ്സ് കൊണ്ട് നമിക്കുന്നു. സിനിമയുടെ ആർഭാടങ്ങളിൽ അഭിരമിക്കാത്തവരുണ്ടെങ്കിലേ വ്യത്യസ്തമായ സിനിമകളുണ്ടാക്കാൻ കഴിയൂ. സ്വാഭാവികമായി സംഭവിക്കുന്നു എന്ന് തോന്നുന്ന രംഗങ്ങളാണ് സിനിമയിൽ മുഴുവൻ. ഒരു കൗമാരക്കാരിയുടെ മനസ്സിനെ പ്രണയം വന്ന് കുത്തി നോവിക്കുന്ന അനുഭവമൊക്കെ എത്ര മനോഹരമായാണ് രഞ്ജൻ ആവിഷ്കരിച്ചിരിക്കുന്നത്. എനിക്ക് തട്ടാൻ ഭാസ്കരനേയും സ്നേഹലതയേയും തന്ന രഘുനാഥ് പലേരിയടക്കം എല്ലാവരും അനായാസമായി അഭിനയിച്ചു. രഞ്ജൻ പ്രമോദിന്റെ അടുത്ത പെയ്ത്തിനായി ഞാൻ കാത്തിരിക്കുന്നു.
ALSO READ : 'മറിമായം' ടീമിനൊപ്പം സലിം കുമാര്‍; 'പഞ്ചായത്ത് ജെട്ടി'ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ