
പ്രണയം പകയും ചതിയുമാകുമ്പോൾ ചിറകറ്റുവീഴുന്ന നിരവധി പേരുടെ വാർത്തകൾ നമുക്ക് ചുറ്റുമുണ്ട്. ഹൃദയം തകർന്ന് അലമുറയിട്ട് കരയുന്ന ഉറ്റവർ. പ്രണയ നൈരാശ്യവും ഒഴിവാക്കലും വില്ലനാകുമ്പോൾ തനിച്ചാകുന്ന കുടുംബങ്ങൾ. പ്രണയിച്ചതിന്റെ പേരിൽ മക്കളെ കൊലപ്പെടുത്തുന്ന മാതാപിതാക്കൾ.. അങ്ങനെ പോകുന്നു വാർത്താതലക്കെട്ടുകൾ. ഇത്തരം പ്രണയപ്പകയുടെ കഥ പറഞ്ഞ നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അവയിൽ നിന്നും വ്യത്യസ്തമായൊരു പ്രമേയവുമായി എത്തിയ ചിത്രമാണ് രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത 'ഒ.ബേബി'.
'രക്ഷാധികാരി ബൈജു'വിന് ശേഷം രഞ്ജൻ പ്രമോദ് ഒരുക്കുന്ന സിനിമ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ഒ. ബേബിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ദിലീഷ് പോത്തൻ ആണ്. ടൈറ്റിൽ കഥാപാത്രമായാണ് ദിലീഷ് എത്തുന്നത്. മിനി, ബേബി, ബേബിയുടെ മകൻ ബേസിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
2020 കൊവിഡ് സമയമാണ് ചിത്രത്തിന്റെ കാലഘട്ടം. മലയോര മേഖലയിലെ പ്രമാണിമാരാണ് തിരുവാച്ചോൽ തറവാടുകാർ. പാപ്പി മുതലാളിയാണ് കാരണവർ. ഇവിടെ കാര്യസ്ഥനെ പോലെ തോട്ടത്തിലെ കാര്യങ്ങളും മറ്റും നോക്കി നടക്കുന്ന ആളാണ് ബേബി. പാപ്പിയുടെ മകന്റെ മകളാണ് മിനി. മുതലാളിക്കും വീട്ടുകാർക്കും വേണ്ടി എന്തിനും ഏതിനും തയ്യാറായി നിൽക്കുന്ന വിശ്വസ്തനാണ് ബേബി. പക്ഷേ ഈ മുതലാളിത്വത്തോട് പൂർണമായും വിയോജിപ്പുള്ള ആളാണ് ബേസിൽ. ഒരപ്രതീക്ഷിത നിമിഷത്തിൽ മിനിയ്ക്ക് ബേസിലിനോട് ഇഷ്ടം തോന്നുന്നു. മിനിയെ സുഹൃത്തായി കണ്ട ബേസിൽ പതിയെ അവളെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇതിന് മുൻപ് തന്നെ തിരുവാച്ചോൽ കുടുംബം ബേസിലിനെ കൊല്ലാൻ ബേബിയോട് തന്നെ പറയുന്നു. ഇവരുടെ പ്രണയം മുതലെടുത്ത് സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുന്ന മരുമകൻ. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ആദ്യം മുതൽ അവസാനം വരെ ത്രില്ലർ മൂഡിൽ തന്നെ സിനിമ കൊണ്ടുപോകാൻ രഞ്ജൻ പ്രമോദിന് സാധിച്ചിട്ടുണ്ട്. ഓരോ നിമിഷവും എന്ത് സംഭവിക്കും എന്ന ആകാംക്ഷ പ്രേക്ഷകരിൽ ഉണർത്തി കൊണ്ടേയിരുന്നു. കാണികൾക്ക് മുൻവിധികൾക്ക് അവസരം കൊടുക്കാത്ത തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ല്. മനുഷ്യന്റെയും കാടിന്റെയും വന്യത എത്രത്തോളം ആയിരിക്കുമെന്ന് ഒ. ബേബി വരച്ചു കാട്ടുന്നു. മലയോര മേഖലകളിലെ തൊഴിലാളികള്‍ക്ക് മേലുള്ള മുതലാളിത്വവുമെല്ലാം ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്.
സിനിമയിലെ മൻനിര കഥാപാത്രങ്ങൾ മുതൽ ചെറിയ വേഷത്തിൽ എത്തിയവർ വരെ തങ്ങളുടെ ഭാഗങ്ങൾ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. മിനി, ബേസിൽ എന്നീ കഥാപാത്രങ്ങൾ ഉൾപ്പടെ അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖങ്ങളാണ്. ഭേദപ്പെട്ട രീതിയിൽ തന്നെ തങ്ങളുടെ ഭാഗങ്ങൾ അവർ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. വിശ്വസ്തനായ ജോലിക്കാരനായും സ്വന്തം മകന്റെ ജീവന് വേണ്ടി പോരാടുന്ന അച്ഛനുമായും ദിലീഷ് പോത്തൻ കസറിയിട്ടുണ്ട്. ദുർഘടം നിറഞ്ഞ മലയോര മേഖലകളിലെ ശ്രമകരമായ ചിത്രീകരണം ആണ് ഛായാഗ്രഹകൻ അരുൺ ചാൽ നടത്തിയിരിക്കുന്നത്. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ കാടിന്റെ മനോഹാരിതയും അദ്ദേഹം ക്യാമറകളിൽ ഒപ്പിയെടുത്ത് കയ്യടി നേടി.
നായകനാകുന്നതിനൊപ്പം ദിലീഷ് പോത്തൻ നിർമ്മാതാവുമാകുന്ന ചിത്രം എന്ന പ്രത്യേകതയും ഒ. ബേബിയ്ക്ക് ഉണ്ട്. ലീഷ് പോത്തൻ, അഭിഷേക് ശശിധരൻ, പ്രമോദ് തേർവാർപ്പള്ളി എന്നിവർ ചേർന്ന് ടർടിൽ വൈൻ പ്രൊഡക്ഷൻസ്, കളർ പെൻസിൽ ഫിലിംസ്, പകൽ ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം. എക്‌സിക്യുട്ടിവ് പ്രൊഡ്യൂസർ രാഹുൽ മേനോൻ. രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്‍ണൻ, വിഷ്‍ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരിക്കൽ കൂടി 'വൈഎസ്ആര്‍' ആകാൻ മമ്മൂട്ടി; 'യാത്ര 2'ൽ നടന്റെ പ്രതിഫലം ഇങ്ങനെ
ലിജിൻ ബാംബിനോയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സംഗീതം നൽകിയിരിക്കുന്നത് വരുൺ കൃഷ്‍ണയും പ്രണവ് ദാസും ചേർന്നാണ്. സൗണ്ട് ഡിസൈൻ ഷമീർ അഹമ്മദാണ്. എഡിറ്റർ സംജിത്ത് മുഹമ്മദ്, കലാസംവിധാനം ലിജിനേഷ്, മേക്കപ്പ് നരസിംഹ സ്വാമി, വസ്ത്രാലങ്കാരം ഫെമിന ജബ്ബാർ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ സിദ്ധിക്ക് ഹൈദർ, അഡിഷണൽ ക്യാമറ എ കെ മനോജ്. സംഘട്ടനം ഉണ്ണി പെരുമാൾ. പോസ്റ്റർ ഡിസൈൻ ഓൾഡ് മോങ്ക്, ഡിജിറ്റൽ മാർക്കറ്റിംഗ് റോജിൻ കെ റോയ് എന്നിവരുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..