
സിനിമാ ജീവിതത്തിന്റെ ആദ്യ കാലത്ത് തനിക്ക് കാസ്റ്റിംഗ് കൌച്ച് നേരിടേണ്ടി വന്നെന്ന് നടനും എംപിയുമായ രവി കിഷൻ. എന്നാല്‍ അതില്‍ താൻ കുടുങ്ങിയില്ലെന്നും രവി കിഷൻ വെളിപ്പെടുത്തി. പ്രമുഖ ടെലിവിഷൻ ഷോയ ആയ 'ആപ്‍കി അദാല'ത്തിലായിരുന്നു രവി കിഷൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമാ മേഖലയില്‍ ഇന്ന് വളരെ സ്വാധീനമുള്ള ഒരു സ്‍ത്രീ ആണ് തന്നെ സമീപീച്ചത് എന്നതിനാല്‍ പേര് വെളിപ്പെടുത്താനാകില്ലെന്നും ഭോജ്‍പുരി സൂപ്പര്‍ സ്റ്റാറായ രവി കിഷൻ പറഞ്ഞു.
സിനിമ മേഖലയിലെ മോശം സാഹചര്യങ്ങളെ കുറിച്ച് പരാമര്‍ശിക്കവേയാണ് രവി കിഷൻ സ്വന്തം അനുഭവവും വെളിപ്പെടുത്തിയത്. അവരുടെ പേര് എനിക്ക് പറയാനാകില്ല, കാരണം അവര്‍ ഇന്ന് വളരെ സ്വാധീനമുള്ളയാളാണ്. ഒരു കപ്പ് കോഫി കുടിക്കാൻ ഇന്ന് രാത്രി വരണമെന്നാണ് അവര്‍ പറഞ്ഞത്. സാധാരണ ആളുകള്‍ പകലാണ് കാപ്പി കുടിക്കാൻ വിളിക്കാറുള്ളത് എന്നതിനാല്‍ അവരുടെ ആവശ്യം എനിക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ അവരുടെ ആവശ്യം ഞാൻ തള്ളിക്കളയും ചെയ്‍തു. തന്റെ കഴിവില്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും രവി കിഷൻ പറഞ്ഞു.
സ്വന്തം ജോലിയെ സത്യസന്ധതയോടെ സമീപിക്കണം എന്നാണ് എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചിരുന്നത്. എന്തായാലും എനിക്ക് ഒരു കുറുക്കു വഴി വേണ്ടായിരുന്നു. ഞാൻ പ്രതിഭയുള്ളയാളാണ് എന്ന് തനിക്ക് അറിയാമായിരുന്നുവെന്നും രവി കിഷൻ പറഞ്ഞു. രവി കിഷന്റെ വെളിപ്പെടുത്തല്‍ സിനിമാ മേഖലയില്‍ സംസാരവിഷയമായിരിക്കുകയാണ്.
രവി കിഷൻ ആദ്യമായി വേഷമിട്ടത് ഹിന്ദിയില്‍ 1992ല്‍ പ്രദര്‍ശനത്തിന് എത്തിയ 'പീതാംമ്പരി'ലായിരുന്നു. ബോളിവുഡില്‍ പേരുകേട്ട ശേഷം ഭോജ്‍പുരിയുടെ സൂപ്പര്‍സ്റ്റാറായും മാറി രവി കിഷൻ. 'ആര്‍മി', 'ഹേരാ ഫേരി', 'തേരാ നാം, ലക്ക്', 'ഏജന്റ് വിനോദ്' തുടങ്ങിയവയാണ് രവി കിഷന്റെ പ്രധാന ചിത്രങ്ങള്‍. 'കാക്കി : ദ ബിഹാര്‍ ചാപ്റ്റര്‍ട എന്ന വെബ്‍സീരിസിലും വേഷമിട്ടു. രവി കിഷൻ ഗൊരഖ്‍പുരില്‍ നിന്നുള്ള എംപിയുമാണ്.