ബിഗ് സ്ക്രീനില്‍ വീണ്ടും അടികൂടാന്‍ ആന്‍റണി വര്‍ഗീസ്; 'ആര്‍ഡിഎക്സി'ന് ഇന്ന് ആരംഭം

By Web TeamFirst Published Dec 15, 2022, 6:31 PM IST
Highlights

മൂന്ന് കേന്ദ്ര കഥാപാത്രങ്ങളുടെ പേരുകളുടെ ചുരുക്കെഴുത്താണ് ചിത്രത്തിന്‍റെ ടൈറ്റില്‍

യുവനിര നായകന്മാരില്‍ ആന്റണി വര്‍ഗീസിനോളം സക്സസ് റേറ്റ് ഉള്ള മറ്റൊരാളില്ല. ആന്റണിയുടെ അരങ്ങേറ്റമായിരുന്ന, ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് മുതല്‍ അദ്ദേഹം നായകനായി ഇതുവരെ പ്രദര്‍ശനത്തിനെത്തിയ എല്ലാ ചിത്രങ്ങളും ഹിറ്റാണ്. അവയൊക്കെ ആക്ഷന് പ്രാധാന്യമുള്ള ചിത്രങ്ങളുമായിരുന്നു. എന്നാല്‍ ആക്ഷന്‍ ഹീറോ ഇമേജ് മാറ്റിവച്ചുള്ള ചില ചിത്രങ്ങളും ആന്‍റണി അടുത്ത കാലത്ത് കമ്മിറ്റ് ചെയ്‍തിട്ടുണ്ട്. ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്, പൂവന്‍, ഓ മേരി ലൈല തുടങ്ങിയ ചിത്രങ്ങളൊക്കെ അത്തരത്തിലുള്ളതാണ്. എന്നാല്‍ ആന്‍റണി വീണ്ടും ആക്ഷന് പ്രാധാന്യമുള്ള ഒരു ചിത്രത്തിലേക്ക് എത്തുകയാണ്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍ഡിഎക്സ് എന്ന ചിത്രമാണിത്. നേരത്തെ പ്രഖ്യാപിക്കപ്പെട്ട ഈ സിനിമയുടെ ചിത്രീകരണം ഇന്ന് കൊച്ചിയില്‍ തുടങ്ങും.

മൂന്ന് കേന്ദ്ര കഥാപാത്രങ്ങളുടെ പേരുകളുടെ ചുരുക്കെഴുത്താണ് ചിത്രത്തിന്‍റെ ടൈറ്റില്‍. റോബര്‍ട്ട്, ഡോണി, സോവ്യര്‍ എന്നിങ്ങനെയാണ് ആ കഥാപാത്രങ്ങളുടെ പേരുകള്‍. ആന്‍റണി വര്‍ഗീസിനൊപ്പം നീരജ് മാധവും ഷെയ്ന്‍ നിഗവുമാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടി തുടങ്ങട്ടെ എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍.

ALSO READ : ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 സിനിമകള്‍

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ്. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവരുടേതാണ് തിരക്കഥ. ഐമ റോസ്മിയും മഹിമാ നമ്പ്യാരുമാണ് നായികമാർ. ലാൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സാം  സി എസ് ആണ്. ദക്ഷിണേന്ത്യയിലെ വമ്പൻ സിനിമകളുടെ ആക്ഷൻ കോറിയോഗ്രാഫറായ അൻപറിവാണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. അലക്സ് ജെ പുളിക്കീലാണ് ഛായാഗ്രാഹകൻ. കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, അസോസിയേറ്റ് ഡയറക്ടർ വിശാഖ്, നിർമ്മാണ നിർവ്വഹണം ജാവേദ് ചെമ്പ്, പിആര്‍ഒ വാഴൂർ ജോസ്.

click me!