'ആര്‍ഡിഎക്സി'ന് ശേഷം എന്ത്? നാല് ചിത്രങ്ങളുടെ വമ്പന്‍ പ്രഖ്യാപനവുമായി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്

Published : Sep 16, 2023, 04:54 PM IST
'ആര്‍ഡിഎക്സി'ന് ശേഷം എന്ത്? നാല് ചിത്രങ്ങളുടെ വമ്പന്‍ പ്രഖ്യാപനവുമായി വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്

Synopsis

അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് ആരംഭിച്ചു

നിര്‍മ്മാണ കമ്പനികളുടെ പേര് നോക്കി സിനിമകള്‍ക്ക് ആള് കയറുന്ന ഒരു കാലമുണ്ടായിരുന്നു മലയാളത്തില്‍. മികച്ച ഉള്ളടക്കവും പ്രതിഭാധനരുടെ നിരയുമൊക്കെ സ്ഥിരമായി എത്തിക്കുന്ന കമ്പനികളാണ് പ്രേക്ഷകരില്‍ ഇത്തരത്തിലുള്ള താല്‍പര്യം ഉണ്ടാക്കിയിരുന്നത്. പുതുകാലത്ത് അത്തരത്തില്‍ സിനിമകളൊരുക്കുന്ന അപൂര്‍വ്വം കമ്പനികളിലൊന്നാണ് സോഫിയ പോള്‍ നേതൃത്വം നല്‍കുന്ന വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ബാം​ഗ്ലൂര്‍ ഡെയ്സിന്‍റെ നിര്‍മ്മാണ പങ്കാളികളായി 2014 ല്‍ സിനിമാരം​ഗത്തെത്തിയ ബാനര്‍ കഴിഞ്ഞ പതിറ്റാണ്ടിനിടെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, മിന്നല്‍ മുരളി, ആര്‍ഡിഎക്സ് തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. ഇപ്പോഴിതാ തങ്ങളുടെ പത്താം വര്‍ഷത്തില്‍ പുതിയ പ്രോജക്റ്റുകളുമായി എത്തുകയാണ് കമ്പനി. ഒന്നല്ല, നാല് ചിത്രങ്ങളാണ് അവര്‍ ഒരേ ദിവസം പ്രഖ്യാപിക്കുന്നത്.

ആര്‍ഡിഎക്സിലെ ഒരു ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആന്‍റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്നതാണ് ഇതില്‍ ആദ്യ ചിത്രം. സാം സി എസ് ആണ് സംഗീതം പകരുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം ജാനെമന്‍, മഞ്ഞുമ്മല്‍ ബോയ്സ് എന്നിവയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്ടാമത്തേത്. ആര്‍ഡിഎക്സ് സംവിധായകന്‍ നഹാസ് ഹിദായത്തിന്‍റേത് തന്നെയാണ് മൂന്നാമത്തെ പ്രോജക്റ്റ്. അടുത്ത പ്രോജക്റ്റ് വൈകിട്ട് ആറിന് പ്രഖ്യാപിക്കും.

ഇതില്‍ അജിത്ത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം കടലിന്‍റെ പശ്ചാത്തലത്തിലുള്ള ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ്. പ്രശസ്ത തമിഴ് സംവിധായകൻ എസ് ആർ പ്രഭാകരൻ, സലീൽ- രഞ്ജിത്ത്, (ചതുർമുഖം), ഫാന്റം പ്രവീൺ (ഉദാഹരണം സുജാത), പ്രശോഭ് വിജയൻ (അന്വേഷണം) തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച അനുഭവപരിചയവുമായാണ് അജിത് മാമ്പള്ളി സ്വതന്ത്ര സംവിധായകനായി എത്തുന്നത്. ആർഡിഎക്സ് പോലെ തന്നെ വിശാലമായ കാന്‍വാസില്‍ വലിയ മുതല്‍മുടക്കുള്ള ചിത്രമായിരിക്കും ഇത്. ആർഡിഎക്‌സിൽ മിന്നും പ്രകടനം കാഴ്ച്ചവച്ച ആൻ്റണി വർഗീസിന് അതിശക്തമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള അവസരം ചിത്രത്തിലൂടെ വീണ്ടും ലഭിക്കുകയാണ്. മാനുവൽ എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്‍റെ പേര്. മലയാളത്തിലെ പ്രമുഖ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇവരുടെ നിർണ്ണയം പൂർത്തിയായി വരുന്നു. 

 

റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരുടേതാണ് തിരക്കഥ. സംഗീതം, പശ്ചാത്തല സംഗീതം സാം സി എസ്, ഛായാഗ്രഹണം ജിതിൻ സ്റ്റാൻസിലോസ്, കലാസംവിധാനം മനു ജഗത്, മേക്കപ്പ് അമൽ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈൻ നിസാർ അഹമ്മദ്, നിർമ്മാണ നിർവ്വഹണം ജാവേദ് ചെമ്പ്, ഫിനാൻസ് സൈബൺ സി സൈമൺ, സ്റ്റിൽസ് വിഷ്ണു എസ് രാജൻ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പി ആർ ഒ ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഒക്ടോബർ പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് രാമേശ്വരം, കൊല്ലം, വർക്കല, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലായി പൂർത്തിയാകും. 

ഇന്ന് കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെ ഈ ചിത്രത്തിന് ആരംഭം കുറിച്ചു. സുപ്രിയ പൃഥ്വിരാജ്, ആൻ്റണി വർഗീസ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. പോൾ ജയിംസ് സ്വിച്ചോൺ കർമ്മവും സെഡിൻ പോൾ ഫസ്റ്റ് ക്ലാപ്പും നൽകി. ആർ ഡി എക്സിൻ്റെ സംവിധായകൻ നഹാസ് ഹിദായത്ത്, അനശ്വര രാജൻ, അലക്സ് ജെ പുളിക്കൽ എന്നിങ്ങനെ നിരവധി പ്രമുഖരും ഈ ചടങ്ങിൽ പങ്കെടുത്തു.

ALSO READ : എഴുത്തുകാരനും മുന്‍ മഹാരാജാസ് പ്രിന്‍സിപ്പലുമായ സി ആര്‍ ഓമനക്കുട്ടന്‍ ഓര്‍മ്മയായി

WATCH >> "മമ്മൂക്ക പറഞ്ഞത് ഞാന്‍ മറക്കില്ല"; മനോജ് കെ യു അഭിമുഖം: വീഡിയോ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളത്തിലെ ത്രില്ലിംങ്ങ് മിസ്റ്ററി ചിത്രം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു
പതിനെട്ടാം ദിവസം 16.5 കോടി, കളക്ഷനില്‍ അത്ഭുതമായി ധുരന്ദര്‍