പ്രവാസികളെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കാന്‍ വീട് വിട്ടുനല്‍കാന്‍ തയ്യാര്‍: അനൂപ് ചന്ദ്രന്‍

By Web TeamFirst Published May 6, 2020, 10:42 PM IST
Highlights

നേരത്തേ അടുത്ത പ്രവാസി സുഹൃത്തിന്‍റെ അനുഭവം പറഞ്ഞ് പ്രവാസികളെ തിരികെയെത്തിക്കേണ്ട ആവശ്യകതയെക്കുറിച്ച് വിശദീകരിച്ച് സ്വന്തം ഫേസ്ബുക്ക് പേജിലൂടെയും അനൂപ് ചന്ദ്രന്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്‍തിരുന്നു.

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് തിരികെയെത്തിക്കുന്ന പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യമൊരുക്കാന്‍ ആവശ്യമെങ്കില്‍ സ്വന്തം വീടൊഴിഞ്ഞുകൊടുക്കാന്‍ തയ്യാറെന്ന് നടന്‍ അനൂപ് ചന്ദ്രന്‍. "ഓരോ പ്രവാസിയും ഓരോ കുടുംബനാഥന്മാരാണ്. അതുകൊണ്ടാണ് എത്രയും പെട്ടെന്ന് അവരെ കൊണ്ടുവരണമെന്ന് പറയുന്നത്", അനൂപ് ചന്ദ്രന്‍ പറഞ്ഞു. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് നടത്തിയ ഫേസ്ബുക്ക് ലൈവില്‍ ചലച്ചിത്ര സംവിധായകന്‍ എം മോഹനനുമായി സംവദിക്കവെയാണ് അനൂപ് ചന്ദ്രന്‍റെ അഭിപ്രായ പ്രകടനം. 

നേരത്തേ അടുത്ത പ്രവാസി സുഹൃത്തിന്‍റെ അനുഭവം പറഞ്ഞ് പ്രവാസികളെ തിരികെയെത്തിക്കേണ്ട ആവശ്യകതയെക്കുറിച്ച് വിശദീകരിച്ച് സ്വന്തം ഫേസ്ബുക്ക് പേജിലൂടെയും അനൂപ് ചന്ദ്രന്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്‍തിരുന്നു. "ഒരു ഫ്ലാറ്റില്‍ പതിനാലും പതിനഞ്ചും പേരൊക്കെ താമസിക്കുന്ന സാഹചര്യമുണ്ട് അവിടെ. അക്കൂട്ടത്തില്‍ പല ദേശക്കാരുണ്ടാവും. അതില്‍ ഏതെങ്കിലുമൊരാള്‍ക്ക് രോഗം പിടിപെട്ടാല്‍ മതി. ആലോചിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്", അനൂപ് ചന്ദ്രന്‍ പറഞ്ഞിരുന്നു.

അതേസമയം പ്രവാസികളെയും വഹിച്ചെത്തുന്ന ആദ്യ വിമാനങ്ങള്‍ നാളെ കൊച്ചിയിലും കരിപ്പൂരിലുമെത്തും. അബുദബി-കൊച്ചി വിമാനവും ദുബായ്-കോഴിക്കോട് വിമാനവുമാണ് നാളെ എത്തുക. ഉച്ചയ്ക്ക് 12.30ന് കേരളത്തില്‍ നിന്ന് തിരിക്കുന്ന വിമാനങ്ങളാണ് പ്രവാസികളെ കയറ്റി ഉടന്‍ മടങ്ങുക. വിമാനങ്ങള്‍ രാത്രി 9.40ന് എത്തുമെന്നാണ് വിവരം. 

click me!