1000 കോടിയില്‍ 10 സിനിമകള്‍; വന്‍ പ്രഖ്യാപനവുമായി റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റും ടി സിരീസും

By Web TeamFirst Published Sep 13, 2021, 9:00 PM IST
Highlights

മൂന്ന് ചിത്രങ്ങള്‍ ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങുന്നവ 

വിനോദ വ്യവസായ രംഗത്ത് രാജ്യത്തെ മുന്‍നിര പേരുകാരായ റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും ടി സിരീസും ഒന്നിക്കുന്നു. വരുന്ന മൂന്ന് വര്‍ഷത്തിനിടെ 1000 കോടി മുതല്‍മുടക്കില്‍ ചെറുതും വലുതുമായ 10 സിനിമകള്‍ നിര്‍മ്മിക്കാനാണ് ഇരു കമ്പനികളുടെയും കൂട്ടായ പദ്ധതി. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിക് റെക്കോര്‍ഡ് ലേബലായ ടി സിരീസ് സിനിമാ സംഗീത മേഖലയില്‍ റിലയന്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റുമായി നേരത്തേ സഹകരിക്കുന്നുണ്ട്. പക്ഷേ സിനിമാ നിര്‍മ്മാണത്തിലെ കൂട്ടായ്‍മ ആദ്യമായാണ്.

വന്‍ വിജയം നേടിയ ഒരു തമിഴ് ചിത്രത്തിന്‍റെ റീമേക്ക്, ആക്ഷന്‍ ത്രില്ലറുകള്‍, ഒരു മെഗാ ഹിസ്റ്റോറിക് ബയോപിക്, സ്പൈ ത്രില്ലര്‍, കോര്‍ട്ട്റൂം ഡ്രാമ, സറ്റയര്‍ കോമഡി, റൊമാന്‍സ് ഡ്രാമ, യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയ ഒരു ചിത്രം എന്നിവയൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഇതില്‍ മൂന്ന് ചിത്രങ്ങള്‍ ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങുന്നവ ആയിരിക്കും. ചിത്രങ്ങള്‍ ചര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലാണ്. പുഷ്‍കര്‍-ഗായത്രി, വിക്രംജീത് സിംഗ്, മംഗേഷ് ഹഡാവാലെ, ശ്രീജിത്ത് മുഖര്‍ജി, സങ്കല്‍പ് റെഡ്ഡി എന്നിവര്‍ പരിഗണനയിലുള്ള സംവിധായകരാണെന്ന് അറിയുന്നു.

ഇന്ത്യയിലെ പല മുന്‍നിര താരങ്ങളും അണിനിരക്കുന്ന അഞ്ചോളം ചിത്രങ്ങള്‍ക്ക് ആഗോള തിയട്രിക്കല്‍ റിലീസ് ആണ് ഉദ്ദേശിക്കുന്നത്. അവ അടുത്ത വര്‍ഷം മുതല്‍ പ്രദര്‍ശനത്തിനെത്തും. സിനിമാ നിര്‍മ്മാണത്തിലെ ഇരുകമ്പനികളുടെയും കൂട്ടായ്‍മയെ ഏറെ ആവേശത്തോടെയാണ് കാണുന്നതെന്ന് ടി സിരീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഭൂഷണ്‍ കുമാറും റിലയന്‍സ് എന്‍റര്‍ടെയ്‍മെന്‍റ് ഗ്രൂപ്പ് സിഇഒ ഷിബാസിഷ് സര്‍ക്കാരും പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!