
2013 ജൂൺ മൂന്നിന് രാത്രി എന്തു ചെയ്യണം എന്ന് ജിയ തീരുമാനിച്ചിരുന്നു. 'ഗെയിം ഓഫ് ത്രോൺസ്' കണ്ടിരിക്കണം, ലണ്ടനിൽ നിന്നെത്തുന്ന സഹോദരിയെ കാത്തിരിക്കണം. അലസമായ ഒരു വൈകുന്നേരവും രാത്രിയും വീട്ടിൽ സ്വസ്ഥമായിരിക്കുക. അത്ര തന്നെ. വിമാനത്തിൽ കയറുവോളം അവൾ സഹോദരിക്ക് മെസ്സേജുകൾ അയച്ചുകൊണ്ടേയിരുന്നു. വാങ്ങിവെച്ച സമ്മാനത്തെ കുറിച്ചും ഒന്നിച്ചുള്ള ദിവസങ്ങളിൽ എന്തൊക്കെ ചെയ്യണമെന്നും ചർച്ച ചെയ്തു. സുഹൃത്തുക്കൾക്കൊപ്പം പുറത്ത് വിരുന്നിന് പോയ അമ്മ റാബിയ ഇടക്ക് മകളെ വിളിച്ചിരുന്നു, ടിവിയും കണ്ടിരിക്കരുത്, ഭക്ഷണം കഴിക്കണം എന്ന് ഓർമപെടുത്താൻ. ഒമ്പതര കഴിഞ്ഞപ്പോഴായിരുന്നു ആ വിളി. മകൾ അമ്മയോട് ശരിയെന്നും പറഞ്ഞു. ധാരണയിലെത്തിയ ഒരു സിനിമയിലെ വേഷത്തിന് കുറച്ചു തടി വെക്കണമായിരുന്നു. അതുകൊണ്ട് ഫുഡ് നല്ലോണം തട്ടണമെന്ന് അമ്മ, ശരിയെന്ന് ചിരിയോടെ മകൾ. സ്നേഹിതരുടെ ഇടയിൽ നിന്ന് പതിന്നൊരക്ക് മുമ്പ് വീട്ടിലെത്തിയ റാബിയ ജിയയെ കാണുന്നത് കിടപ്പുമുറിയിലെ ഫാനിലെ ദുപ്പട്ടക്കുരുക്കിന്റെ വട്ടക്കണ്ണിയിലാണ്. അന്ന് ഉള്ളിൽ കയറിക്കൂടിയ വേദനയും നൊമ്പരവും അവിശ്വസനീയതയും റാബിയയെ ഇന്നും വിട്ടുമാറിയിട്ടില്ല (Jiah Khan).
ന്യൂയോർക്കിൽ ജനിച്ച് ലണ്ടനിൽ വളർന്ന ജിയയെ ബോളിവുഡിന്റെ മാസ്‍മരികലോകത്ത് എത്തിച്ചത് സിനിമാമോഹമാണ്. 80കളിൽ ചില സിനിമകളിൽ അഭിനയിച്ചിട്ടുള്ള റാബിയയിൽ നിന്ന് തന്നെയാവണം നഫീസ എന്ന ജിയക്ക് സിനിമയോടുള്ള താത്പര്യം കിട്ടിയത്. കഥക്കും ജാസ്സും തുടങ്ങി നിരവധി നൃത്തരൂപങ്ങൾ പഠിച്ചതും അതുകൊണ്ടുതന്നെ. പതിനാറാംവയസ്സിൽ മഹേഷ് ഭട്ടിന്റെ 'തുംസാ നഹീ ദേഖാ' എന്ന ചിത്രത്തിൽ അഭിനയിക്കാൻ കരാറായി. പക്ഷേ ജിയ പിന്നീട് പിൻമാറി. കുറച്ചധികം മുതിർന്ന കഥാപാത്രമെന്ന് വിലയിരുത്തിയായിരുന്നു അത്. പിന്നീട് 2007ലാണ് ജിയ ബോളിവുഡിൽ മുഖം കാണിക്കുന്നത്. 'നിശ്ശബ്‍ദി'ൽ സഹപാഠിയുടെ അച്ഛനോട് താത്പര്യം തോന്നുന്ന കൗമാരക്കാരിയുടെതായിരുന്നു വേഷം. ഹോളിവുഡ് ഹിറ്റ് 'അമേരിക്കൻ ബ്യൂട്ടി'യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതായിരുന്നു സിനിമ. വിവാദങ്ങളും വിമർശനങ്ങളും നേരിട്ട സിനിമ വലിയ വിജയമായില്ലെങ്കിലും സാക്ഷാൽ അമിതാഭ് ബച്ചന്റെവയൊപ്പം പിടിച്ചുനിന്ന ജിയയെ നിരൂപകർ ശ്രദ്ധിച്ചു. പ്രേക്ഷകരും. 'ഗജിനി'യിൽ അമീർഖാനൊപ്പം, 'ഹൗസ് ഫുള്ളി'ൽ അക്ഷയ് കുമാറിനൊപ്പം.തീർന്നു ആ കൊച്ചുജീവിതത്തിലുണ്ടായത് മൂന്നേ മൂന്ന് സിനിമകൾ. 'ഗജിനി'യും 'ഹൗസ് ഫുള്ളും' സൂപ്പർ ഹിറ്റുകളായിരുന്നു. ബോളിവുഡിലെ മത്സരത്തിൽ ഓടിയെത്താനുള്ള സാമർത്ഥ്യം ജിയക്ക് കുറവായിരുന്നുവെന്നും സമ്മർദം താങ്ങാൻ വയ്യായിരുന്നുവെന്നും ഒക്കെ സിനിമകളുടെ എണ്ണക്കുറവിന് കാരണമായി പറഞ്ഞുകേട്ടിരുന്നു. എന്തായാലും മറ്റു ചില സിനിമകളുടെ ചർച്ചകൾ സജീവമായി നടക്കുന്നതിനിടെയാണ് ജിയ പോയത്. സാഹചര്യം അതായിരുന്നതു കൊണ്ടും ജിയയുടെ ശരീരത്തിൽ കണ്ട ചില മുറിപ്പാടുകളും മറ്റ് ചില സംശയങ്ങളുമാണ് മകൾ ആത്മഹത്യ ചെയ്‍തതല്ലെന്നും കൊന്നതാണെന്നും റാബിയക്ക് തോന്നാൻ കാരണം.
ആദ്യം അന്വേഷിച്ച മുംബൈ പൊലീസും പിന്നീട് റാബിയയുടെ ആവശ്യത്തിൻമേൽ ഹൈക്കോടതി ഉത്തരവിട്ട പ്രകാരം അന്വേഷിച്ച സിബിഐയും കണ്ടെത്തിയത് ജിയയുടേത് ആത്മഹത്യ തന്നെയാണ് എന്നാണ്. അതിപ്പോഴും ജിയയുടെ കുടുംബം വിശ്വസിക്കുന്നില്ല, അംഗീകരിക്കുന്നുമില്ല. സൂരജിന് പങ്കുള്ള കൊലപാതകമെന്ന് റാബിയ വിളിച്ചുപറഞ്ഞു. കുടുംബം തെളിവുകൾ നശിപ്പിച്ചെന്നും. പഞ്ചോളി കുടുംബം മാനനഷ്‍ടക്കേസ് കൊടുത്തു. ജിയ വൈകാരികമായി ദുർബല ആയിരുന്നെന്നും മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും ആരോപിച്ചു. കേസിലെ നടപടികളും കേസിന് പുറത്തുള്ള തർക്കങ്ങളും ജനശ്രദ്ധ ആകർഷിച്ചു. വാർത്തകളിൽ നിറഞ്ഞു. ജിയയുടേതായി ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിരുന്നില്ല.
പക്ഷേ മരണത്തിന് ഏതാണ്ട് ഒരാഴ്‍ചയ്‍ക്ക് ശേഷം ജിയയുടെ കയ്യക്ഷരത്തിലുള്ള ആറുപേജ് കത്ത് സഹോദരി കണ്ടെടുത്തു. ആർക്കെന്നോ എന്നെഴുതിയത് എന്നോ വ്യക്തമായിരുന്നില്ലെങ്കിലും വായിച്ചുനോക്കുന്നവർക്ക് അത് ജിയ കാമുകൻ സൂരജ് പഞ്ചോലിക്ക് എഴുതിയതാണെന്ന് വ്യക്തമായിരുന്നു. അവരുടെ ബന്ധത്തിന്റെു സമ്മർദങ്ങളെ പറ്റിയും സൂരജ് ഉപദ്രവിക്കുന്നതിനെ പറ്റിയും സൂരജിന് ബന്ധത്തിൽ പഴയ താത്പര്യമില്ലെന്നുമൊക്കെ കത്തിൽ പറയുന്നുണ്ടായിരുന്നു. ജിയ അബോർഷൻ നടത്തിയ കാര്യവും പുറത്തുവന്നു. പൊലീസ് സൂരജിനെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്‍തു. ഒരു മാസത്തിന് ശേഷം ഹൈക്കോടതിയിൽ നിന്നാണ് സൂരജിന് ജാമ്യം കിട്ടിയത്. എന്നെന്നോ ആർക്കെന്നോ വ്യക്തമല്ലാത്ത കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സൂരജിനെ ഉത്തരവാദിയാക്കാൻ പറ്റില്ലെന്ന് വ്യക്തമാക്കിയാണ് സെഷൻസ് കോടതി നൽകാതിരുന്ന ജാമ്യം ഹൈക്കോടതി നൽകിയത്. പിന്നീട് റാബിയയുടെ ഹർജിയിൽ മേൽ ഉത്തരവിട്ട സിബിഐ അന്വേഷണവും ജിയ ആത്മഹത്യ ചെയ്‍തതു തന്നെയാണെന്ന് കണ്ടെത്തി. സമാധാനം കിട്ടാതിരുന്ന റാബിയ വിദേശത്ത് നിന്ന് സ്വന്തം നിലക്ക് ഫോറൻസിക് വിദഗ്‍ധരെ വിളിച്ചുവരുത്തി പരിശോധന നടത്തിച്ചു. 2016 സെപ്തംബർ 20ന് നൽകിയ റിപ്പോർട്ടിൽ ബ്രിട്ടീഷ് ഫോറൻസിക് വിദഗ്ധൻ ജേസൺ പേയ്ൻ ജെയിംസ് രേഖപ്പെടുത്തിയിരിക്കുന്നത് ജിയയുടെ മുഖത്തും കഴുത്തിലുമുള്ള മുറിപ്പാടുകൾ ആത്മഹത്യാവാദം ഉറപ്പിക്കുന്നതല്ല എന്നാണ്. 2017ജനുവരിയിൽ പ്രോസിക്യൂഷൻ സൂരജിനെതിരെ ലൈംഗികാതിക്രമവും കൊലപാതകവും ചുമത്താൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. 2018 ജനുവരിയിൽ സൂരജിനെതിരെ കോടതി ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി. കേസിന്റെ നിയമനടപടികൾ ഇനിയും തീർന്നിട്ടില്ല.
മകളെ കൊന്നതാണെന്ന് തന്നെ റാബിയ ഇപ്പോഴും വിശ്വസിക്കുന്നു. അതിന് അവർക്ക് പറയാൻ കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം ആദ്യം സംഭവസ്ഥലത്ത് എത്തിയ പൊലീസുദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയതും പിന്നീട് അന്വേഷണത്തുടർച്ച ഉണ്ടാകാഞ്ഞതുമായ ചില കാര്യങ്ങളാണ്. ജിയയുടെ മുഖത്തും കയ്യിലുമുണ്ടായിരുന്ന ചില മുറിപ്പാടുകൾ, ഒരു മേശവലിപ്പിന്റെ കൈപ്പിടി പൊട്ടിയിരുന്നത്,മുറിയിൽ കണ്ട രക്തത്തുള്ളികൾ, ബാൽക്കണി ജനാലകൾ തുറന്നിരുന്നത്. ജിയയുടെ കഴുത്തിൽ കെട്ടിയ വെള്ള ദുപ്പട്ടയും മരിക്കുന്നതിനു അരമണിക്കൂർ മുമ്പ് ജിയ ധരിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്ന ട്രാക്ക് സ്യൂട്ടും കാണാതായതിലെ ദുരൂഹതയും റാബിയ ഉന്നയിക്കുന്നു.
സംഭവദിവസം അമ്മയുമായി സംസാരിച്ച ശേഷം ജിയ ഒന്നുരണ്ട് തവണ സൂരജുമായി ഫോണിൽ സംസാരിച്ചിരുന്നു. രണ്ടുപേരും തർക്കിച്ചതായി കേട്ടെന്ന് സാക്ഷിമൊഴികളുണ്ട്. പത്ത് മണി അടുപ്പിച്ച് ജിയക്ക് പാഴ്‍സലായി ഒരു പൂച്ചെണ്ട് എത്തുന്നതും പിന്നാലെ ജിയ ഗേറ്റ് കീപ്പറെ വിളിച്ച് അത് ചവറ്റുകൊട്ടയിലെറിയാൻ ഏൽപിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ആശംസകളോടെ സൂരജ് എന്നെഴുതിയ ആ പൂച്ചെണ്ട് പൊലീസ് പിന്നീട് കണ്ടെടുത്തിരുന്നു. ജിയയുമായുള്ള സംഭാഷണങ്ങൾ സൂരജ് ബ്ലാക്ക്ബെറി മെസ്സഞ്ചറിൽ നിന്ന് വൈകീട്ട് മായ്ച്ചുകളഞ്ഞത് അന്വേഷണത്തിന് ബുദ്ധിമുട്ടായിരുന്നു. ജിയയോട് അവസാനമായി സംസാരിച്ച ആളാവുക, കാമുകനാവുക, വഴക്കുണ്ടാക്കുകയും ഉപദ്രവിക്കുകയുമൊക്കെ ചെയ്യുന്ന കാമുകനാവുക ഒപ്പം ജിയയുടെ കത്തും. സൂരജിലേക്ക് കേസും അന്വേഷണവും ആരോപണങ്ങളും എത്തുക സ്വാഭാവികമായിരുന്നു.
ജിയയുടെ മരണം കഴിഞ്ഞ് ഇത്രയും വർഷമായി. സൂരജിന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടില്ല. ജിയക്ക് എന്തുപറ്റിയതാണെന്ന് കുടുംബത്തിനെങ്കിലും ബോധ്യം വരുന്ന ഒരുത്തരം കൃത്യമായി കിട്ടിയിട്ടില്ല. കോടതിനടപടികൾ തീർന്നിട്ടില്ല. ജിയയുടെ കുടുംബത്തിനും സൂരജിന്റെ. കുടുംബത്തിനും സമാധാനം പൂർണമായി തിരിച്ചുകിട്ടിയിട്ടില്ല. ബന്ധങ്ങളുടെ ഇഴയടുപ്പത്തിലെ അകൽച്ചയാണോ അതോ മത്സരങ്ങളുടെ വാശിയും വീറുമാണോ അതോ എല്ലാ സമ്മർദങ്ങളും കൂടി നേരിടാനും അതിജീവിക്കാനും വയ്യാതെ കാലിടറിയതാണോ... അറിയില്ല. എന്തായാലും ജിയ പോയി. അഭ്രപാളിയിൽ തിളങ്ങാൻ വന്ന് നക്ഷത്രലോകത്തേക്ക് മടങ്ങിയ ജിയക്കായി മാത്രം ആകാശത്തെ ലക്ഷക്കണക്കിന് താരങ്ങളിലൊന്ന് തിളങ്ങുന്നുണ്ട്. നഫീസ എന്നാണ് ആ നക്ഷത്രത്തിന്റെ പേര്. ജിയ മണ്ണിലേക്ക് മടങ്ങിയതിന് പിന്നാലെ വന്ന പിറന്നാൾ ദിനത്തിലൊന്നിൽ റാബിയയും മക്കളായ കരിഷ്‍മയും കവിതയും വാങ്ങിയ സമ്മാനമതാണ്.