
എറണാകുളം: വൈറ്റിലയില്‍ കോൺഗ്രസ് (Congress) ഇന്ധനവില വർദ്ധനയ്ക്ക് (Fuel Price Hike) എതിരെ നടത്തിയ സമരം നടന്‍ ജോജുവിന്‍റെ (Joju George) ഇടപെടലിന് പിന്നാലെ നാടകീയ രംഗങ്ങളിൽ കലാശിച്ചതില്‍ പ്രതികരണവുമായി എംപി രമ്യ ഹരിദാസ് (Remya Haridas) രംഗത്ത്. നടന്‍ ജോജു ജോര്‍ജിനെതിരെ ശക്തമായ ഭാഷയിലാണ് രമ്യയുടെ പ്രതികരണം. പാവപ്പെട്ടവന് അത് തീവ്ര പ്രശ്നമാണ്.ടാക്സി,ബസ് തൊഴിലാളികൾ പട്ടിണിയിലാണ്.. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുന്നു ..അത് മറക്കരുത്...ആർഭാടത്തിലെ തിളപ്പിനിടയിൽ പാവപ്പെട്ടവനെ കാണാതെ പോകരുത്...കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കൂ.. നിങ്ങൾ ഒരു മലയാളി അല്ലേ..? -തുടങ്ങിയ ചോദ്യങ്ങളാണ് എംപി ചോദിക്കുന്നത്.
ഇന്ന് രാവിലെ വൈറ്റില ബൈപ്പാസില്‍ ഇന്ധന വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ വണ്ടി ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി ഏറെ നേരമായതോടെ നടൻ ജോജു ജോർജ് ഇറങ്ങി വന്നു. വഴി തടഞ്ഞുള്ള സമരത്തിനെതിരെ പ്രതിഷേധിച്ചു. തന്‍റെ കാറിനടുത്തുള്ള വാഹനത്തിൽ കീമോ തെറാപ്പി ചെയ്യാൻ പോകുന്ന ഒരു കുട്ടിയാണുള്ളതെന്നും, തൊട്ടപ്പുറത്തുള്ള കാറിൽ ഒരു ഗർഭിണി സ്കാനിംഗിനായി പോകുകയാണെന്നും, ഇവരുടെയൊക്കെ വഴി തടഞ്ഞിട്ട് ഇതെന്ത് സമരമാണെന്നും ജോജു. ഒടുവിൽ ജോജുവും കോൺഗ്രസുകാരും തമ്മിൽ സംഘർഷമാകുകയും, ജോജുവിന്‍റെ വണ്ടി തല്ലിതകര്‍ക്കുകയുമായിരുന്നു.
എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
മിസ്റ്റർ സിനിമാതാരം
താങ്കൾക്ക് തെറ്റി...ഇത് കേരളമാണ്. അനീതിക്കെതിരെ പ്രതികരണവും പ്രതിഷേധവും രക്തത്തിലലിഞ്ഞവരാണ് മലയാളികൾ..കോൺഗ്രസുകാർ.......... അത് മറക്കേണ്ട..
അവിടെയുള്ള ഒരു കോൺഗ്രസുകാരനും പ്രതിഷേധിച്ചത് വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല..സമൂഹത്തിനു വേണ്ടി ആണെന്ന് നിങ്ങൾ മറക്കാൻ പാടില്ലായിരുന്നു
ഒരു സിനിമയ്ക്ക് നിങ്ങൾ കോടികളോ ലക്ഷങ്ങളോ പ്രതിഫലം വാങ്ങിക്കുന്നുണ്ടാകും..
തെരുവിൽ ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും കഷ്ടപ്പെടുന്നവന്റെ വിയർപ്പ് തുള്ളിയാണ് നിങ്ങൾ പടുത്തുയർത്തിയ വീടും ഉണ്ണുന്ന ചോറും എന്ന് മറക്കണ്ട. രായ്ക്കുരാമാനം വില കൂട്ടുന്ന ഇന്ധനവില നിങ്ങൾക്ക് പ്രശ്നമല്ലായിരിക്കാം.അന്നന്നത്തെ അന്നത്തിന് വേണ്ടി അധ്വാനിക്കുന്ന
പാവപ്പെട്ടവന് അത് തീവ്ര പ്രശ്നമാണ്.ടാക്സി,ബസ് തൊഴിലാളികൾ പട്ടിണിയിലാണ്.. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുന്നു ..അത് മറക്കരുത്...ആർഭാടത്തിലെ തിളപ്പിനിടയിൽ പാവപ്പെട്ടവനെ കാണാതെ പോകരുത്...കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കൂ..
നിങ്ങൾ ഒരു മലയാളി അല്ലേ..?
അതേ സമയം ഇടപ്പള്ളി - വൈറ്റില ദേശീയ പാതയിൽ വച്ച് നടൻ ജോജു ജോർജിന്‍റെ വാഹനം തല്ലിത്തകർത്തതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. വാഹനം തകർത്തതിനും ദേശീയപാത ഉപരോധിച്ചതിനുമാണ് കണ്ടാലറിയാവുന്ന പ്രവർത്തകരെ ഉൾപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത് (Case Registered).
എന്നാൽ മഹിളാ കോൺഗ്രസ് പ്രവർത്തകരെ അസഭ്യം പറഞ്ഞുവെന്ന ആരോപണത്തിന് ജോജുവിനെതിരെ തൽക്കാലം കേസില്ല. പരാതിയിൽ കൂടുതൽ പരിശോധനയ്ക്ക് ശേഷമേ കേസ് റജിസ്റ്റർ ചെയ്യണോ എന്ന കാര്യം തീരുമാനിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി. ജോജു മദ്യപിച്ചിരുന്നുവെന്ന് മഹിളാ കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ പൊലീസിനൊപ്പം പോയ ജോജു ജോർജ് വൈദ്യപരിശോധനയ്ക്ക് വിധേയനായി. തുടർന്ന് ജോജു മദ്യപിച്ചിരുന്നില്ലെന്ന് തെളിഞ്ഞു. ഇതോടെ മദ്യപിച്ചാണ് ജോജു അസഭ്യം പറഞ്ഞതെന്ന മഹിളാ കോൺഗ്രസിന്‍റെ വാദം ദുർബലമാകുകയാണ്.