
എം എ നിഷാദ് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ഒരു അന്വേഷണത്തിന്റെ തുടക്കം' മികച്ച പ്രതികരണങ്ങളോടെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഷൈൻ ടോം ചാക്കോ, വാണി വിശ്വനാഥ്, സമുദ്രകനി, ദുർഗ കൃഷ്ണ തുടങ്ങി എഴുപതോളം പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രം എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവർത്തകനുമായ ജീവൻ തോമസ്സിൻ്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിൻ്റെ ചുരുളുകളുമാണ് പ്രേക്ഷകരോട് സംവദിക്കുന്നത്. സംവിധായകന്റെ പിതാവും ഉന്നത പോലീസ് ഉദ്യോഗസ്ഥനായിരുന്ന എം കുഞ്ഞിമൊയ്തീൻ അദ്ദേഹത്തിന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത് ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ സൂചനകളും ആനുമാനങ്ങളും വികസിപ്പിച്ചാണ് ചിത്രത്തിന്റെ തിരക്കഥ രൂപീകരിച്ചതെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നത് മുതൽ പ്രേക്ഷകർ ആകാംക്ഷയിലായിരുന്നു. യഥാർത്ഥ സംഭവത്തെ ആധാരമാക്കി ഒരുക്കിയ സിനിമ ആയതിനാൽ സിനിമ കണ്ടവർ ആവേശത്തോടെയാണ് അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ജീവൻ തോമസിനെ ഷൈൻ ടോം ചാക്കോയാണ് അവതരിപ്പിച്ചത്. ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തലവൻ ജേക്കബായി വേഷമിട്ടത് സംവിധായകൻ എം എ നിഷാദ് തന്നെയാണ്. ഒരു കാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്ന വാണി വിശ്വനാഥ് ഗംഭീര തിരിച്ചുവരവാണ് ഈ ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന താരത്തിന്റെ കിടിലൻ പെർഫോർമെൻസ് ചിത്രത്തിൽ കാണാം. അഭിനേതാക്കളെല്ലാം അവരുടെ കഥാപാത്രങ്ങളുടെ പ്രധാന്യം ചോർന്നു പോവാതെ പൂർണ്ണതയിലെത്തിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിവേക് മേനോനാണ്. പോലീസിന്റെ അന്വേക്ഷണ പുരോഗതി ക്യാമറയിൽ പകർത്തുന്നതോടൊപ്പം കഥാപാത്രങ്ങളുടെ വൈകാരിക നിമിഷങ്ങൾ പക്വതയോടെ ഒപ്പിയെടുത്തിട്ടുണ്ട്. കോട്ടയം, കുട്ടിക്കാനം. തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ലൊക്കേഷനിലെ മനോഹാരിത ഭംഗിയായി സ്ക്രീനിൽ ഉൾപ്പെടുത്താനും വിവേക് മറന്നില്ല.
കഥാഗതിക്കനുസൃതമായ പശ്ചാത്തല സംഗീതമാണ് എടുത്ത് പറയേണ്ട മറ്റൊരു ഘടകം. മാർക്ക് ഡി മൂസ് പശ്ചാത്തലസംഗീതം ഒരുക്കിയ ചിത്രത്തിനായ് സംഗീതം പകർന്നത് എം ജയചന്ദ്രനാണ്. മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സാങ്കേതിക വശങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്തിട്ടുണ്ട്. മുറുക്കമുള്ള എഡിറ്റിംഗും കാണികള്‍ക്ക് മികച്ച അനുഭവം പകരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ