'എന്‍റെ പക്കല്‍ ഹാഷ്‍ടാഗുകള്‍ ഇല്ല'; വര്‍ധിക്കുന്ന ബലാല്‍സംഗ വാര്‍ത്തകളെക്കുറിച്ച് റിമ കല്ലിങ്കല്‍

By Web TeamFirst Published Oct 2, 2020, 12:35 PM IST
Highlights

ഉത്തര്‍ പ്രദേശിലെ ഹാഥ്‍റസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവവും തുടര്‍ന്നുണ്ടായ പൊലീസ് നടപടികളും രാജ്യമൊട്ടാകെ സ്ത്രീസുരക്ഷയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. 

ഫെമിനിസം സംസാരിക്കുന്ന സ്ത്രീകള്‍ ഏതെങ്കിലും വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന ആരോപണമാണ് അവരുടെ പ്രതികരണം 'സെലക്ടീവ്' ആണ് എന്നത്. ഈയിടെ തിരുവനന്തപുരത്ത് അശ്ലീല യുട്യൂബറെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കൈയേറ്റം ചെയ്ത സംഭവം ചര്‍ച്ചയായപ്പോള്‍ അവരും ഇത്തരം വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ നേരിട്ടിരുന്നു. വ്യത്യസ്ത വീക്ഷണകോണുകളില്‍ ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായപ്പോള്‍ തങ്ങളുടെ അഭിപ്രായം അറിയിച്ച സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളും പലപ്പോഴും ഇത്തരത്തിലുള്ള ആരോപണം കേട്ടു. ബലാല്‍സംഗ കേസുകളില്‍ പലപ്പോഴും ഇവരാരും പ്രതികരിക്കാറില്ല എന്ന ആരോപണത്തിന് മറുപടി പറയുകയാണ് റിമ കല്ലിങ്കല്‍. യുപിയിലെ ഹാഥ്‍റസ് സംഭവത്തെ അനുസ്മരിപ്പിക്കുന്ന, ഒരു ചിതയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് റിമയുടെ കുറിപ്പ്.

"എല്ലാ ബലാല്‍സംഗ കേസുകളിലും ഞങ്ങള്‍ സ്ത്രീകള്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ അവര്‍ എന്താണ് അര്‍ഥമാക്കുന്നതെന്ന് എനിക്ക് അത്ഭുതം തോന്നാറുണ്ട്. ഞങ്ങള്‍ എന്തുപറയണമെന്നാണ്..? പെണ്‍കുട്ടി കടന്നുപോയ ഭീതിയെക്കുറിച്ച് ഞങ്ങള്‍ സങ്കല്‍പ്പിച്ചുവെന്നോ? ഞങ്ങള്‍ കരഞ്ഞുവെന്നും കൂട്ടുകാരികളെ വിളിച്ചുവെന്നുമോ? വൈകാരികമായി ഞങ്ങള്‍ ഭയപ്പെടുവെന്നോ? അരക്ഷിതത്വവും ഭയവും ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നുവെന്നോ? ഓരോ തവണയും ഹാഷ്‍ടാഗുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍, ചെയ്യുന്നത് നിര്‍ത്തി സ്ക്രീനിലേക്ക് ഞങ്ങള്‍ തുറിച്ചുനോക്കാറുണ്ടെന്നോ? എന്‍റെ പക്കല്‍ ഹാഷ്‍ടാഗുകള്‍ ഇല്ല", റിമ കല്ലിങ്കല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഉത്തര്‍ പ്രദേശിലെ ഹാഥ്‍റസില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവവും തുടര്‍ന്നുണ്ടായ പൊലീസ് നടപടികളും രാജ്യമൊട്ടാകെ സ്ത്രീസുരക്ഷയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഇന്നലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചിരുന്നു. അതേസമയം കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. ഉത്തര്‍പ്രദേശ് പൊലീസില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. 

click me!