
ബാഗ്ദാദ് ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മാമാങ്കം ഡാൻസ് കമ്പനി, 'നെയ്ത്തെ' എന്ന നൃത്താവിഷ്‌കാരത്തിലൂടെ ബെസ്റ്റ് പ്ലേ അവാർഡ് നേടി ചരിത്രം സൃഷ്ടിച്ചു. പ്രശസ്ത അഭിനേത്രിയും നർത്തകിയുമായ റിമ കല്ലിങ്കൽ 2014-ൽ സ്ഥാപിച്ച 'മാമാങ്കം' ഇന്ന് കേരളത്തിലെ മുൻനിര സമകാലിക ഫിസിക്കൽ തിയേറ്റർ-ഡാൻസ് സംഘങ്ങളിൽ ഒന്നാണ്.
കേരളത്തിന്റെ തനത് ശാസ്ത്രീയ, നാടൻ, ആയോധന കലാപാരമ്പര്യങ്ങളെ അടിസ്ഥാനമാക്കി, ആധുനിക ലോക പ്രവണതകളോട് പ്രതികരിക്കുന്ന ഒരു പ്രത്യേക നൃത്തഭാഷയാണ് മാമാങ്കത്തിലൂടെ ലക്ഷ്യമിടുന്നത്.
'നെയ്ത്തെ'യിൽ, ചെന്ദമംഗലത്തെ ഹാൻഡ്‌ലൂം തൊഴിലാളികളുടെയും അവരുടെ ജീവിതത്തിന്റെയും കലയുടെ സഹിഷ്ണുതയുടെയും പശ്ചാത്തലത്തിലാണ് ഫിസിക്കൽ തിയേറ്ററിന്റെ നൃത്തഭാഷയിലൂടെ പുനർസൃഷ്ടിക്കുന്നത്. 2018 ലെ പ്രളയം മൂലം നഷ്ടപ്പെട്ട നെയ്‌ത്തും, അവരുടെ സ്വപ്നങ്ങളും എല്ലാം ആണ് നൃതാവിഷ്‌കരത്തിൻ്റെ പശ്ചാത്തലം. പ്രേക്ഷകരെയും നിരൂപകരെയും ഏറെ ആകർഷിച്ച "നെയ്ത്തെ" സ്റ്റാൻഡിങ് ഒവേഷൻ നേടിയാണ് സമാപിച്ചത്. പലരും ഈ അവതരണത്തെ ഭാഷാതടസ്സങ്ങളെ മറികടന്ന് മനുഷ്യാനുഭവങ്ങളെ ഉൾക്കൊള്ളുന്ന കല എന്ന് വിശേഷിപ്പിച്ചു.
ഈ വിജയത്തിന് പിന്നാലെ മാമാങ്കം 2025 നവംബറിൽ ഒമാനിൽ നടക്കുന്ന പ്രശസ്തമായ അൽ ഡാൻ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. ഇത് മാമാങ്കത്തിൻ്റെയും കേരളത്തിൻ്റെയും ആഗോള കലാരംഗത്തെ സ്ഥാനത്തെ കൂടുതൽ ഉറപ്പിക്കുകയും, ഇന്ത്യയുടെ സാംസ്കാരിക പാദമുദ്രയെ ലോകവേദികളിലേക്ക് വിപുലീകരിക്കുകയും ചെയ്യുന്നു.
നെയ്‌ത്തെ റിമ കല്ലിങ്കലിന്റെ സംവിധാനത്തിലും അശ്വിൻ ജോർജിന്റെ നൃത്തസംവിധാനത്തിലും ആവിഷ്കരിക്കപ്പെട്ടതാണ്. ഗ്രീഷ്മാ നാരായൺ, അലോശി അമൽ, പൂജിത കട്ടിക്കാട്, അനുസ്രീ പി.എസ്, സന്തോഷ് മാധവ്, അഞ്ജു ശ്യാമപ്രസാദ്, അമൃതശ്രീ ഓമനക്കുട്ടൻ, ഭവ്യ ഓമനക്കുട്ടൻ, ഗോപിക മഞ്ജുഷ എന്നിവരുടെ പ്രകടനമാണ് നെയ്ത്തെയിൽ പ്രധാനമായി ഉള്ളത്.
ദൃശ്യഭാവന രൂപപ്പെടുത്തിയിരിക്കുന്നത് ആർട്ട് ഡയറക്ടർ അനിൽ ഇൻസ്പയർ ആണ്. ലൈറ്റ് ഡിസൈനർ ശ്രീകാന്ത് ക്യാമിയോ ആണ് ലൈറ്റിങ്. ലയണൽ ലെഷോയ് ആണ് ശബ്ദരൂപകല്പന ചെയ്തിരിക്കുന്നത്; ടീം മാനേജർ ഗ്രീഷ്മ ബാബു; ഫോട്ടോഗ്രാഫർ ജൈസൺ മാഡനിയും ആയിരുന്നു. നെയ്ത്തെ വഴി കേരളത്തിലെ നെയ്ത്തുകാരുടെ കലയേയും ധൈര്യത്തേയും നൃത്തഭാഷയിലൂടെ ആഗോള വേദിയിലേക്കെത്തിക്കാനാണ് ശ്രമിച്ചതെന്ന് മാമാങ്കം ആർട്ടിസ്റ്റിക് ഡയറക്ടർ റിമ കല്ലിങ്കൽ വ്യക്തമാക്കി.
ഈ നേട്ടം ഇന്ത്യൻ കൺടെംപററി ഡാൻസിന്റെ അതിരുകൾ വികസിപ്പിക്കാനും കേരളത്തിന്റെ കലാപാരമ്പര്യത്തെ ആഗോളതലത്തിൽ പ്രതിനിധീകരിക്കാനും മാമാങ്കം പുലർത്തുന്ന പ്രതിബദ്ധതയെ തെളിയിക്കുന്നു. ഒമാനിലെ അൽ ഡാൻ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഒരുങ്ങുന്ന നെയ്ത്തെ, അതിരുകൾക്കപ്പുറം സംസാരിക്കുന്ന കലയായി മാമാങ്കത്തെയും കേരളത്തെയും ലോക വേദികളിലേക്ക് ഉയർത്തുന്നതാണ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ