മകളുടെ അസാന്നിദ്ധ്യത്തില്‍ ഋഷി കപൂറിന് അന്ത്യവിശ്രമം; സംസ്കാരച്ചടങ്ങുകള്‍ വീഡിയോയിലൂടെ കണ്ട് റിദ്ധിമ

By Web TeamFirst Published May 1, 2020, 1:20 PM IST
Highlights

അലിയ ഭട്ടിന്‍റെ മൊബൈലില്‍ ചിത്രീകരിച്ച ലൈവ് സ്ട്രീമിംഗിലൂടെയാണ് റിദ്ധിമ പിതാവിന് 1400 കിലോമീറ്റര്‍ അകലെ ദില്ലിയിലിരുന്ന് യാത്രപറഞ്ഞത്. 

മുംബൈ: റോഡ് മാര്‍ഗ്ഗം ദില്ലിയില്‍ നിന്ന് മുംബൈയിലെത്താന്‍ അനുമതി ലഭിച്ചെങ്കിലും പിതാവും നടനുമായ ഋഷി കപൂറിന്‍റെ സംസ്കാരച്ചടങ്ങുകള്‍ക്കെത്താന്‍ മകള്‍ റിദ്ധിമ കപൂറിനായില്ല. അലിയ ഭട്ടിന്‍റെ മൊബൈലില്‍ ചിത്രീകരിച്ച ലൈവ് സ്ട്രീമിംഗിലൂടെയാണ് റിദ്ധിമ പിതാവിന് 1400 കിലോമീറ്റര്‍ അകലെ ദില്ലിയിലിരുന്ന് യാത്രപറഞ്ഞത്. 

ഋഷി കപൂറിന്‍റെയും നീതു കപൂറിന്‍റെയും മൂത്തമകളാണ് റിദ്ധിമ. ജ്വല്ലറി ഡിസൈനറായ റിദ്ധിമ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ദില്ലിയിലാണ്. രോഗം മൂര്‍ച്ഛിച്ച് ഋഷി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ മുംബൈയിലെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ റിദ്ധിമ തേടിയിരുന്നു. പ്രൈവറ്റ് വിമാനം എന്ന സാധ്യത തേടിയെങ്കിലും ലോക്ക്ഡൗണിനെ തുടര്‍ന്നുള്ള നിബന്ധനകള്‍ മൂലം റോഡ് മാര്‍ഗ്ഗം മുംബൈയിലെത്താനുള്ള അനുമതിയാണ് റിദ്ധിമയ്ക്ക് ലഭിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 18 മണിക്കൂര്‍ യാത്ര ചെയ്താലാണ് റോഡ് മാര്‍ഗ്ഗം മുംബൈയിലെത്താനാകുക. 

എന്നാല്‍ വ്യാഴാച വൈകീട്ടോടെ തന്നെ ഋഷി കപൂറിന്‍റെ സംസ്കാരചടങ്ങുകള്‍ പൂര്‍ത്തിയായി. ഇതോടെ പിതാവിനെ അവസാനമായി ഒരു നോക്കുകാണാന്‍ റിദ്ധിമയ്ക്കായില്ല. ഇപ്പോള്‍ ദില്ലിയില്‍ നിന്ന് മുംബൈയിലെ വീട്ടിലേക്ക് വരികയാണെന്ന് റിദ്ധിമ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരുന്നു. ബന്ധുക്കള്‍ക്ക് പുറമെ അഭിഷേക് ബച്ചന്‍, അയാന്‍ മുഖര്‍ജി, അനില്‍ അംബാനി തുടങ്ങിയവരും സംസ്കാരച്ചടങ്ങുകള്‍ക്ക് എത്തിയിരിന്നു. 

അദ്ദേഹത്തിന്‍റെ ആരാധകരും സഹപ്രവര്‍ത്തകരും ലോക്ക്ഡൗണ്‍ നിയമം പാലിക്കണമെന്നും ആരാധകര്‍ തന്നെ പുഞ്ചിരിയോടെ ഓര്‍ക്കാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നും കണ്ണീരോടെ ഓര്‍ക്കാന്‍ അല്ലെന്നും പ്രസ്താവനനയില്‍ ഋഷി കപൂറിന്‍റെ കുടുംബം വ്യക്തമാക്കിയിരുന്നു. 

രണ്ട് വർഷത്തോളമായി കാൻസർ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. 2018 ലാണ് ഇദ്ദേഹത്തിന് കാൻസർ രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ വൈകിട്ടോടെ നില അതീവ ഗുരുതരമാകുകയായിരുന്നു. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെയാണ് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയത്. കാൻസർ രോഗം സ്ഥിരീകരിച്ചതിന് ശേഷം അമേരിക്കയിലെ ന്യൂയോർക്കിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഒരു വർഷത്തോളം ഇവിടെ കഴിഞ്ഞ താരം 2019 സെപ്തംബറോടെയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. 

രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബാലതാരമായി നിരവധി സിനിമകളിൽ വേഷമിട്ട അദ്ദേഹം 1973 ൽ ബോബി എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി.  ദി ഇന്റേൺ എന്ന ഹോളിവുഡ് സിനിമയുടെ ഹിന്ദി പതിപ്പായ ദി ബോഡിയാണ് ഇദ്ദേഹത്തിന്റെ അവസാന ചിത്രം.


 

click me!