Latest Videos

Sharmaji Namkeen : നായകൻമാര്‍ വരുന്നു. പോകുന്നു, ഇതിഹാസങ്ങള്‍ നിലനില്‍ക്കും, 'ശര്‍മാജി നംകീൻ' ബിടിഎസ് വീഡിയോ

By Web TeamFirst Published Apr 12, 2022, 12:17 PM IST
Highlights

ഋഷി കപൂര്‍ നായകനായ ചിത്രം  'ശര്‍മാജി നംകീൻ' ബിടിഎസ് വീഡിയോ (Sharmaji Namkeen).

ബോളിവുഡിന്റെ ഇതിഹാസ താരം ഋഷി കപൂര്‍ അവസാനമായി അഭിനയിച്ച ശര്‍മാജി നംകീൻ അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ഋഷി കപൂറിന്റെ മരണ ശേഷമെത്തുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് ഹിതേഷ് ഭാട്യ ആണ്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്‍ത ശര്‍മാജി നംകീൻ ബിടിഎസ് വീഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഫറാൻ അക്തര്‍.

നായകൻമാര്‍ വരുന്നു. പോകുന്നു, പക്ഷേ ഇതിഹാസങ്ങള്‍ എന്നന്നേയ്‍ക്കുമായി നിലനില്‍ക്കുന്നു എന്നാണ് വീഡിയോയിലെ വാചകം. ശര്‍മാജി നംകീൻ സിനിമയുടെ സെറ്റിലെ മനോഹര നിമിഷങ്ങള്‍ എന്ന് എഴുതിയാണ്‍ ഫറാൻ അക്തര്‍ മേയ്‍ക്കിംഗ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പിയുഷ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഋഷി കപൂറിന്റെ മരണ ശേഷം പരേഷ് റാവലായിരുന്നു 'ശര്‍മാജി നംകീൻ' പൂര്‍ത്തീകരിച്ചത്. ജൂഹി ചൗള, സുഹൈല്‍ നയ്യാര്‍, ഇഷാ തല്‍വാര്‍. ഷീബ ചദ്ധ, അയേഷ റാസ, സതിഷ് കൗശിക്, പര്‍മീത് സേതി, താരുക് റെയ്‍ന തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ബോധാദിത്യ ബാനര്‍ജിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. മാര്‍ച്ച് 31നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

ഋഷി കപൂര്‍ ചിത്രം വളരെ നേരത്തെ റിലീസ് പ്രഖ്യാപിച്ചതായിരുന്നു. രാജ്യം മൊത്തം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവയ്‍ക്കേണ്ടി വന്നതും ഋഷി കപൂര്‍ മരണപ്പെടുകയും ചെയ്‍ത സാഹചര്യങ്ങളിലാണ് റിലീസ് വൈകിയത്. ഋഷി കപൂര്‍ ചെയ്യാൻ സിനിമയില്‍  ബാക്കിവെച്ച രംഗങ്ങളില്‍ അതേ കഥാപാത്രമായി പരേഷ് റാവല്‍ എത്തുകയായിരുന്നു. വെല്ലുവിളികള്‍ അതിജീവിച്ചാണ് ഒടുവില്‍ ചിത്രം പൂര്‍ത്തിയാക്കിയത്.

ഋഷി കപൂര്‍ ചിത്രമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത് 'ദ ബോഡി'യാണ്. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്‍ത്.  ജീത്തു ജോസഫിന്റെ ആദ്യത്തെ ഹിന്ദി ചിത്രവുമായിരുന്നു 'ദ ബോഡി'. ഇമ്രാൻ ഹാഷ്‍മിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

ദീപിക പദുക്കോണിനൊപ്പമുള്ള ഒരു ചിത്രവും ഋഷി കപൂറിന്റേതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഹിറ്റ് ഹോളിവുഡ് ചിത്രമായ 'ദ ഇന്റേണി'ന്റെ ഹിന്ദി പതിപ്പായിരുന്നു അത്. 2015ല്‍ എത്തിയ ചിത്രം നാൻസി മെയര്‍ ആയിരുന്നു സംവിധാനം ചെയ്‍തത്. അമിതാഭ് ബച്ചനായിരിക്കും ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോള്‍ ഇനി ദീപിക പദുക്കോണിനൊപ്പം അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യൻ ചലച്ചിത്ര ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച നടൻമാരില്‍ ഒരാളായിരുന്നു ഋഷി കപൂര്‍. അര്‍ബുദ ബാധയെ തുടര്‍ന്ന് 2020 ഏപ്രില്‍ 30ന്  രാവിലെയായിരുന്നു ഋഷി കപൂറിന്റെ അന്ത്യം. ഞെട്ടലോടെയാണ് എല്ലാവരും ഋഷി കപൂറിന്റെ മരണ വാര്‍ത്ത കേട്ടത്. ഋഷി കപൂര്‍ ചിത്രം അദ്ദേഹത്തിന്റെ മരണ ശേഷം എത്തുമ്പോള്‍ മികച്ച വരവേല്‍പ് നല്‍കാൻ നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

Read More :  ഋഷി കപൂറിന്റെ അവസാന ചിത്രം, 'ശര്‍മാജി നംകീൻ' ട്രെയിലര്‍

പ്രമുഖ ഇന്ത്യൻ സിനിമ നടനും സംവിധായകനുമായിരുന്ന രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂര്‍. ബാലതാരമായി നിരവധി സിനിമകളിൽ വേഷമിട്ട് പ്രിയങ്കരനായ  ഇദ്ദേഹം 1973 ൽ 'ബോബി' എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി.  പ്രണയ നായകനായി ചിത്രങ്ങളില്‍ നിറഞ്ഞാടി ഒരുപാട് വര്‍ഷം ഋഷി കപൂര്‍ പ്രേക്ഷകഹൃദയം കവര്‍ന്നു. അവസാന കാലത്തെ ചിത്രങ്ങളില്‍ നായകനെന്നതിലുപരി മികച്ച കഥാപാത്രങ്ങള്‍ തേടാനാണ് ഋഷി കപൂര്‍ ശ്രമിച്ചത്.

click me!