
റിയാലിറ്റി ഷോകളിലൂടെ ലൈം ലൈറ്റിലേക്ക് എത്തിയ റിഷി എസ് കുമാറിന് കരിയർ ബ്രേക്ക് നൽകിയത് ഉപ്പും മുളകുമെന്ന സിറ്റ്കോം ആണ്. ബാലുവിന്റെയും നീലുവിന്റെയും പുത്രൻ വിഷ്ണുവിനെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അഭിനയവും ഡാൻസും പാഷനായി കൊണ്ടുനടക്കുന്ന റിഷിയെ പ്രേക്ഷകർ അടുത്തറിഞ്ഞത് ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതിന് ശേഷമാണ്. സീസൺ ആറിലെ ആറ് ഫൈനലിസ്റ്റുകളിൽ ഒരാൾ റിഷിയായിരുന്നു. അമ്മയും സഹോദരങ്ങളുമാണ് റിഷിയുടെ ലോകം. അവിടേക്ക് കഴിഞ്ഞ ദിവസം മുതൽ ഐശ്വര്യയും എത്തി. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷം കഴിഞ്ഞ ദിവസമാണ് വിവാഹത്തിലൂടെ ഇരുവരും ഒന്നായത്.
ഇപ്പോഴിതാ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ച് പറയുകയാണ് ഇരുവരും. എന്തുകൊണ്ട് ഐശ്വര്യയെ പങ്കാളിയാക്കി എന്ന ചോദ്യത്തിന് റിഷി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. "ഐശ്വര്യ ഒരു വൈഫി മെറ്റീരിയല്‍ ആണ്. ഭയങ്കര കെയറിങ്ങാണ്. പിന്നെ എന്റെ കാര്യങ്ങളിൽ ശ്രദ്ധയുള്ള ആളാണ്". കുറേ നല്ല ക്വാളിറ്റിയുണ്ടെന്നാണ് റിഷി പറഞ്ഞത്. മുടിയനെ ഭർത്താവായി സ്വീകരിക്കാനുള്ള കാരണം ഐശ്വര്യയും വെളിപ്പെടുത്തി. "റിഷി ഹസ്ബെന്റ് മെറ്റീരിയലാണ്. ദേഷ്യപ്പെടുമെന്നേയുള്ളു പാവമാണ്. നല്ല സ്നേഹമുണ്ട്. ഭയങ്കര റൊമാന്റിക്കാണ്". ക്യാമറയ്ക്ക് മുന്നിൽ കാണിക്കുന്നില്ലെന്നേയുള്ളുവെന്ന് ഐശ്വര്യയും പറഞ്ഞു. താലികെട്ടിന്റെ സമയത്തുണ്ടായിരുന്ന ചിന്തയെന്തായിരുന്നുവെന്ന ചോദ്യത്തോട് റിഷി പ്രതികരിച്ചത് ഇങ്ങനെയാണ്... "ഞങ്ങളുടെ ഓട്ടപ്പാച്ചിലായിരുന്നു കല്യാണത്തിന്. മുഹൂർത്തത്തിന്റെ അവസാന അഞ്ച് മിനിറ്റിലാണ് താലി കെട്ടിയത്", സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും പുതിയ ജീവിതത്തെക്കുറിച്ച് പറയുന്നത്.
"താലി കെട്ടിയപ്പോൾ എനിക്ക് ടെൻഷനുണ്ടായിരുന്നില്ല. കൃത്യമായി ചെയ്തു. കഴിഞ്ഞ ആറ് വർഷമായി ഞാൻ ഐശ്വര്യയെ പൊന്നുപോലെയാണ് നോക്കുന്നത്. അതിന് കെട്ടേണ്ട ആവശ്യമില്ല. അവൾക്കും അത് അറിയാം. തുടർന്നും അതുപോലെ തന്നെയാകും ട്രീറ്റ്മെന്‍റ്" എന്നായിരുന്നു റിഷിയുടെ മറുപടി. കല്യാണം എന്തിനാണ് എന്നുള്ള പ്രകൃതക്കാരനാണ് റിഷിയെന്ന് ഐശ്വര്യയും പറഞ്ഞു. താലികെട്ട് സമയത്ത് അച്ഛന്‍ അടുത്തില്ലാത്തതിന്റെ സങ്കടമുണ്ടായിരുന്നെന്നും ഐശ്വര്യ പറയുന്നു. ഹണിമൂണിന് മാൽഡീവ്സിലേക്ക് പറക്കാനാണ് രണ്ടുപേരുടെയും തീരുമാനം. ഈ മാസം തന്നെ ആ യാത്രയുണ്ടാകുമെന്നും റിഷി പറഞ്ഞു.
ALSO READ : 'ത്വര' ഒക്ടോബറില്‍; സ്വിച്ചോണ്‍ കോഴിക്കോട്ട് നടന്നു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ