Rlv Ramakrishnan: 'മണി ചേട്ടൻ്റെ വിയോഗശേഷം ആ സംവിധായകൻ എന്നെ മറന്നില്ല'; അലി അക്ബറിനെ കുറിച്ച് ആർഎൽവി

By Web TeamFirst Published Jan 22, 2022, 1:08 PM IST
Highlights

തങ്ങളുടെ പരിചയത്തിൽ ധാരാളം സിനിമാ സംവിധായകർ ഉണ്ടെങ്കിലും ഇങ്ങനെയൊരു ചേർത്തുനിർത്തലും സമാശ്വാസവും ഉണ്ടായത് അലി സാറിൽ നിന്നാണ് എന്ന് തുറന്നു പറയുന്നതിൽ യാതൊരു മടിയും ഇല്ലെന്നും അദ്ദേഹം കുറിക്കുന്നു.

ഴിഞ്ഞ ദിവസമാണ് ‘1921, പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന്റെ (1921 Puzha Muthal Puzha Vare)ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നത്. രാമസിംഹൻ (Ramasimhan) എന്ന അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. ഈ അവസരത്തിൽ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിലുള്ള സന്തോഷം അറിയിക്കുകയാണ് കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ.

അലി അക്ബർ തന്നെ സംവിധാനം ചെയ്ത ബാംബു ബോയ്സിലാണ് ആദ്യമായി അഭിനയിച്ചതെന്നും ഈ ചിത്രത്തിലും മികച്ചൊരു വേഷമാണ് ചെയ്തിരിക്കുന്നതെന്നും ആർഎൽവി പറഞ്ഞു. പരിചയത്തിൽ ധാരാളം സിനിമാ സംവിധായകർ ഉണ്ടെങ്കിലും ഇങ്ങനെയൊരു ചേർത്തുനിർത്തലും സമാശ്വാസവും ഉണ്ടായത് അലി സാറിൽ നിന്നാണെന്ന് തുറന്നു പറയുന്നതിൽ യാതൊരു മടിയും ഇല്ലെന്നും അദ്ദേഹം കുറിക്കുന്നു. 

ആർ എൽ വി രാമകൃഷ്ണന്റെ വാക്കുകൾ

നിരവധി വാദപ്രതിവാദങ്ങൾക്കൊടുവിൽ വാരിയൻകുന്നൻ പ്രധാന കഥാപാത്രമായി വരുന്ന അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ചാത്തൻ പുലയൻ എന്ന ഒരു മുഴുനീള കഥാപാത്രത്തെ ഞാൻ ഈ ചിത്രത്തിൽഅവതരിപ്പിക്കുന്നു എന്ന സന്തോഷം ഞാൻ നേരത്തെ നിങ്ങളുമായി പങ്കുവച്ചിരുന്നല്ലോ

ഞാൻ ആദ്യമായി മണി ചേട്ടനോടൊപ്പം ഒരു സിനിമാ ലൊക്കേഷനിലേക്ക് പോകുന്നത് പെരുമ്പാവൂരിൽ ചിത്രീകരണം നടന്ന അലി അക്ബർ സംവിധാനം ചെയ്ത മണി ചേട്ടൻ പ്രധാന വേഷം ചെയ്ത ബാംബൂ ബോയ്സിൻ്റെ ലൊക്കേഷനിലേക്കാണ്. അവിടെ ചെന്നപ്പോൾ യാദൃശ്ചികമായി എന്നെ കൊണ്ട് ഒരു കഥാപാത്രം ആ ചിത്രത്തിൽ ചെയ്യിപ്പിച്ചത് അലി അക്ബർ സാറായിരുന്നു.ജെ വില്യംസ് ക്യാമറ ചലിപ്പിച്ച ആ ചിത്രത്തിൽ ജഗതി ശ്രീകുമാർ എന്ന അതുല്യ നടനോടൊപ്പം ആയിരുന്നു ആദ്യ ഷോട്ട്. ഷൂട്ടിങ്ങ് എന്താണെന്ന് കണ്ടിട്ടില്ലാത്ത ഞാൻ വളരെ പരിഭ്രാന്തനായ നിമിഷം.ഒപ്പം കുറേ സിനിമാ നടൻമാരെ നേരിൽ കണ്ട സന്തോഷവും.

നാളുകൾക്കിപ്പുറം മണി ചേട്ടൻ്റെ വിയോഗശേഷം ആ സംവിധായകൻ എന്നെ മറന്നില്ല. ഈ ചിത്രത്തിൽ ചാത്തൻ പുലയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത് എന്നെയായിരുന്നു'. ഞങ്ങളുടെ പരിചയത്തിൽ ധാരാളം സിനിമാ സംവിധായകർ ഉണ്ടെങ്കിലും ഇങ്ങനെയൊരു ചേർത്തുനിർത്തലും സമാശ്വാസവും ഉണ്ടായത് അലി സാറിൽ നിന്നാണ് എന്ന് തുറന്നു പറയുന്നതിൽ യാതൊരു മടിയും ഇല്ല.

ഒരു സംവിധായകരുടെയും മുൻപിൽ ചാൻസ് ചോദിച്ച് പോയിട്ടില്ലാത്ത എന്നെ വിളിച്ച് ഒരു അവസരം തന്ന ഈ സിനിമയെ ഉപേക്ഷിക്കാൻ തോന്നിയില്ല. കാരണം ഈ ചിത്രത്തിലെ ചാത്തൻ പുലയനെ പറ്റി പറഞ്ഞപ്പോൾ അത്രയേറെ ഇഷ്ടമായി. ഒപ്പം ഒരു അടിപ്പൊളി ഗാനരംഗം എനിക്ക് വേണ്ടിയുള്ളതാണെന്ന് പറഞ്ഞ ആ ഗാനം കേട്ടപ്പോൾ ഒട്ടും തന്നെ സംശയം തോന്നിയില്ല. ഈ കഥാപാത്രത്തെ ഞാൻ അവതരിപ്പിക്കാം എന്ന് സമ്മതിച്ചതിൻ്റെ പിറ്റേ ദിവസം അലി അക്ബറും പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരനും മറ്റും ചേർന്ന് ഞാൻ ജോലി ചെയ്യുന്ന കാലടി സംസ്കൃത സർവ്വകലാശാലയിൽ വന്ന് അഡ്വാൻസ് തന്ന് ഉറപ്പിച്ചു.

എൻ്റെ സഹോദരനോടുണ്ടായിരുന്ന എല്ലാ ബഹുമാനവും സ്നേഹവും ആ ലൊക്കേഷനിൽ എനിക്ക് ലഭിച്ചത് ഞാൻ മറക്കില്ല.കല കാണാനും ആസ്വദിക്കാനും മാത്രമാണ്. സിനിമയായാലും സംഗീതമായാലും നൃത്തമായാലും എല്ലാം ഒരു പോലെ തന്നെ.

click me!