430 പ്രദര്‍ശനങ്ങള്‍, 58000 ടിക്കറ്റുകള്‍; 'രോമാഞ്ചം' ഏരീസ് പ്ലെക്സില്‍ നിന്ന് നേടിയ കളക്ഷന്‍

Published : Apr 11, 2023, 01:57 PM IST
430 പ്രദര്‍ശനങ്ങള്‍, 58000 ടിക്കറ്റുകള്‍; 'രോമാഞ്ചം' ഏരീസ് പ്ലെക്സില്‍ നിന്ന് നേടിയ കളക്ഷന്‍

Synopsis

ഫെബ്രുവരി 3 മുതല്‍ ഒടിടി റിലീസ് നടക്കുംവരെ ചിത്രം ഏരീസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു

മലയാള സിനിമയില്‍ നിന്ന് ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ആണ് രോമാഞ്ചം. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രം ഏറെക്കാലത്തിന് ശേഷമാണ് മലയാളത്തില്‍ നിന്ന് എത്തുന്നത്. നിരവധി തവണ റിലീസ് മാറ്റിവെക്കപ്പെട്ട ചിത്രം അവസാനം തിയറ്ററുകളില്‍ എത്തിയത് ഫെബ്രുവരി 3 ന് ആയിരുന്നു. 50 ദിവസം തിയറ്ററുകളില്‍ പിന്നിട്ടതിനു ശേഷമായിരുന്നു രോമാഞ്ചത്തിന്‍റെ ഒടിടി റിലീസ്. എന്നാല്‍ ഒടിടി റിലീസിനു ശേഷവും കേരളത്തിലെ ചില മള്‍ട്ടിപ്ലെക്സുകളില്‍ ചിത്രം പ്രദര്‍ശനം തുടരുന്നുമുണ്ട്. ഇപ്പോഴിതാ കേരളത്തിലെ പ്രധാന തിയറ്ററുകളില്‍ ഒന്നായ തിരുവനന്തപുരത്തെ ഏരീസ് പ്ലെക്സില്‍ നിന്ന് രോമാഞ്ചം നേടിയ ലൈഫ് ടൈം കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ഫെബ്രുവരി 3 മുതല്‍ ഒടിടി റിലീസ് നടക്കുംവരെ ചിത്രം ഏരീസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇക്കാലയളവില്‍ 430 പ്രദര്‍ശനങ്ങളാണ് ചിത്രം നടത്തിയത്. വിറ്റത് 58885 ടിക്കറ്റുകള്‍. ആകെ നേടിയ ഗ്രോസ് കളക്ഷന്‍ 1.02 കോടി. കഴിഞ്ഞ വര്‍ഷം തങ്ങള്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രങ്ങളുടെ ലിസ്റ്റ് ഏരീസ് പ്ലെക്സ് ഈ വര്‍ഷാദ്യം പ്രസിദ്ധീകരിച്ചിരുന്നു. ഈ ലിസ്റ്റിലെ കെജിഎഫ് ചാപ്റ്റര്‍ 2 മാത്രമാണ് രോമാഞ്ചത്തേക്കാള്‍ കൂടുതല്‍ ടിക്കറ്റുകള്‍ അവിടെ വിറ്റത്. 67,580 ടിക്കറ്റുകളായിരുന്നു അത്. 46,048 ടിക്കറ്റുകള്‍ വിറ്റ വിക്രവും 39,013 ടിക്കറ്റുകള്‍ വിറ്റ പൊന്നിയിന്‍ സെല്‍വനുമായിരുന്നു രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.

എല്ലാം മറന്ന് ചിരിക്കാന്‍ പറ്റുന്ന ഒരു ചിത്രം ഏറെക്കാലത്തിനു ശേഷമാണ് മലയാളത്തില്‍ സംഭവിക്കുന്നത് എന്നതായിരുന്നു ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്ലസ്. 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോര്‍ഡും ആത്മാവിനെ ക്ഷണിച്ചുവരുത്തലുമൊക്കെ ചേര്‍ത്ത് ഭയത്തിന്‍റെയും അതിലേറെ ചിരിയുടെയും രസക്കൂട്ടിലാണ് നവാഗത സംവിധായകന്‍ ജിത്തു മാധവന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. എന്നാല്‍ ഒടിടി റിലീസില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ALSO READ : ഏപ്രില്‍ 30 ന് സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണി; 'റോക്കി ഭായ്' എന്ന് സ്വയം പരിചയപ്പെടുത്തി ഫോണ്‍ കോള്‍

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു