ജിസിസിയില്‍ ഗ്രാന്‍ഡ് റിലീസുമായി 'റോഷാക്ക്'; തിയറ്റര്‍ ലിസ്റ്റ് പുറത്തെത്തി

By Web TeamFirst Published Oct 6, 2022, 5:19 PM IST
Highlights

ഡാര്‍ക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

മലയാളത്തിലെ മുന്‍നിര താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ അപ്കമിംഗ് ലിസ്റ്റ് മമ്മൂട്ടിയുടേതാണ്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിനൊപ്പം പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ ഒന്നാണ് നിസാം ബഷീര്‍ സംവിധാനം ചെയ്‍ത റോഷാക്ക്. ചിത്രം നാളെ തിയറ്ററുകളില്‍ എത്തുകയാണ്. മികച്ച സ്ക്രീന്‍ കൌണ്ടോടെയാണ് ചിത്രം റിലീസ് ചെയ്യപ്പെടുന്നത്. ജിസിസി രാജ്യങ്ങളിലെ തിയറ്റര്‍ ലിസ്റ്റ് നിര്‍മ്മാതാക്കള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുഎഇ, ഖത്തര്‍, ബഹ്റിന്‍, കുവൈറ്റ്, ഒമാന്‍, സൌദി അറേബ്യ എന്നിവിടങ്ങളിലായി 151 സ്ക്രീനുകളിലാണ് ചിത്രം എത്തുന്നത്.

മലയാളത്തില്‍ സമീപകാലത്ത് ഇറങ്ങിയ ഏറ്റവും കൌതുകമുണര്‍ത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ ഈ ചിത്രത്തിന്‍റേതായിരുന്നു. ടൈറ്റില്‍ ലുക്ക് മുതല്‍ പ്രീ റിലീസ് ടീസര്‍ വരെ പ്രേക്ഷകരില്‍ ആ കൌതുകം നിലനിര്‍ത്താന്‍ അണിയറക്കാര്‍ക്ക് സാധിച്ചു. ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് ലൂക്ക് ആന്‍റണി എന്നാണ്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് വിതരണം നിര്‍വഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

ALSO READ : 'രാജ രാജ ചോളന്‍റെ കാലത്ത് ഹിന്ദു മതം എന്ന ആശയമില്ല'; വെട്രിമാരന് പിന്തുണയുമായി കമല്‍ ഹാസന്‍

അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷാജി നടുവില്‍ ആണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍, ആന്‍സ് എസ് ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പിആര്‍ഒ പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

click me!