Latest Videos

RRR : യുഎസില്‍ റീ റിലീസിന് ആര്‍ആര്‍ആര്‍; വരുന്നത് അണ്‍കട്ട് പതിപ്പ്

By Web TeamFirst Published May 19, 2022, 11:09 AM IST
Highlights

ചിത്രം 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു

ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് എസ് എസ് രാജമൌലിയുടെ ആര്‍ആര്‍ആര്‍ (RRR). ഇന്ത്യന്‍ ബിഗ് സ്ക്രീനിലെ വിസ്‍മയ വിജയം ബാഹുബലി 2നു ശേഷം രാജമൌലിയുടെ സംവിധാനത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ഇത്. ബാഹുബലി 2നോളം വലിയ വിജയമായില്ലെങ്കിലും കൊവിഡിനു ശേഷം ഒരു ഇന്ത്യന്‍ സിനിമ നേടുന്ന അഭിമാനാര്‍ഹമായ ബോക്സ് ഓഫീസ് വിജയമാണ് ആര്‍ആര്‍ആര്‍ നേടിയെടുത്തത്. 

550 കോടി മുതല്‍മുടക്കുള്ള ചിത്രം 1100 കോടി പിന്നിട്ടിട്ടുണ്ട്. തെന്നിന്ത്യന്‍ ബിഗ് റിലീസുകളുടെ ഹിന്ദി പതിപ്പുകള്‍ മികച്ച വിജയം നേടുന്ന ട്രെന്‍ഡിന് തുടര്‍ച്ചയായിരുന്നു ഈ ചിത്രവും. 238  കോടിയാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് നേടിയത്. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷം പകരുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവരികയാണ്. ചിത്രം യുഎസില്‍ റീ റിലീസിന് ഒരുങ്ങുന്നു എന്നതാണ് ആ വിവരം. റീ റിലീസ് എന്നതിനപ്പുറമുള്ള പ്രത്യേകത ചിത്രത്തിന്‍റെ ഇതുവരെ വരാത്ത അണ്‍കട്ട് പതിപ്പാണ് അമേരിക്കയില്‍ പുന:പ്രദര്‍ശനത്തിനെത്തുന്നത് എന്നാണ്. 

re-releasing in USA on June 1st!! 🙌🏻 https://t.co/lUvISLzj2v

— RRR Movie (@RRRMovie)

1000 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ ചിത്രമാണ് ആര്‍ആര്‍ആര്‍. ദംഗല്‍, ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ എന്നീ ചിത്രങ്ങളാണ് 1000 കോടിയിലേറെ നേടിയ മറ്റു രണ്ട് ചിത്രങ്ങള്‍. ഇതില്‍ ദംഗലിന്‍റെ ആഗോള ഗ്രോസ് 2024 കോടിയും ബാഹുബലി 2ന്‍റേത് 1810 കോടിയും ആയിരുന്നു. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയില്‍ ബജ്റംഗി ഭായ്ജാന്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ആര്‍ആര്‍ആര്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. മാര്‍ച്ച് 25ന് തിയറ്ററുകളിലെത്തിയ ചിത്രം ഒരാഴ്ച കൊണ്ട് നേടിയ ആഗോള ഗ്രോസ് തന്നെ 710 കോടി ആയിരുന്നു. ഇന്ത്യയില്‍ നിന്നു മാത്രം ആദ്യവാരം നേടിയ ഗ്രോസ് 560 കോടിയും ആയിരുന്നു. കൊവിഡിനു ശേഷം ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും മികച്ച ആദ്യവാര കളക്ഷന്‍ ആയിരുന്നു ഇത്. ബോളിവുഡിലെ ഈ വര്‍ഷത്തെ വലിയ ഹിറ്റുകളായിരുന്ന സൂര്യവന്‍ശി, ദ് കശ്മീര്‍ ഫയല്‍സ്, 83, ഗംഗുഭായി കത്തിയവാഡി എന്നിവയേക്കാളൊക്കെ മുകളിലാണ് ഈ ആദ്യ വാര കളക്ഷന്‍.

READ MORE : 'ദൃശ്യ'വുമായി താരതമ്യം ചെയ്യാവുന്ന സിനിമയല്ല, 'ട്വല്‍ത്ത് മാനെ'ക്കുറിച്ച് ജീത്തു ജോസഫ്

തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഇതില്‍ തെലുങ്ക് പതിപ്പ് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയായിരുന്നു. ഹിന്ദി പതിപ്പ് ആയിരുന്നു ആദ്യദിന കളക്ഷനില്‍ രണ്ടാം സ്ഥാനത്ത്. 23 കോടിയാണ് ഹിന്ദി പതിപ്പ് നേടിയത്. കന്നഡ പതിപ്പ് 16 കോടിയും തമിഴ് പതിപ്പ് 9.50 കോടിയും മലയാളം പതിപ്പ് 4 കോടിയും ആദ്യദിനം നേടി. കൂടാതെ വിദേശ മാര്‍ക്കറ്റുകളിലും മികച്ച രീതിയിലാണ് ചിത്രം വിതരണം ചെയ്യപ്പെട്ടത്. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ഗള്‍ഫ് മേഖലകളിലെല്ലാം മികച്ച ബുക്കിംഗ് ആണ് ആദ്യവാരം ചിത്രത്തിന് ലഭിച്ചത്. ആദ്യദിനത്തിലെ വിദേശ കളക്ഷന്‍ മാത്രം 70 കോടിയോളം വരും. ലോകമാകെ 10,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തതെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.

tags
click me!