
ഡിജിറ്റൽ കാലത്തിന് മുന്‍പുള്ള സിനിമാ നിർമ്മാണത്തിലെ വെല്ലുവിളികളും സർഗാത്മക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും തന്റെ സിനിമാജീവിതത്തിലെ അനുഭവങ്ങളും പങ്കുവെച്ച് ചലച്ചിത്രകാരനും എഴുത്തുകാരനുമായ റുചിർ ജോഷി. 18-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയുടെ ഭാഗമായി, ചലച്ചിത്രകാരിയും സെലക്ഷൻ കമ്മിറ്റി അംഗവുമായ അർച്ചന വാസുദേവിന്റെ നേതൃത്വത്തിൽ നടന്ന ‘ഇൻ കോൺവെർസേഷൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പരാജയം സിനിമാനിർമാണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ ജോഷി, യുവ ചലച്ചിത്രകാരന്മാരോട് ശൂന്യമായൊരു മനസ്സോടെയും വിനയത്തോടെയും സിനിമയെ സമീപിക്കണമെന്നും അഭിപ്രായപ്പെട്ടു. ജീവിതച്ചെലവിനുള്ള വരുമാനവും സർഗാത്മക സ്വാതന്ത്ര്യവും തമ്മിൽ വേർതിരിച്ചുനിർത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
1977-ൽ ഡൽഹിയിൽ നടന്ന ചലച്ചിത്രമേളയിൽ മൈക്കലാഞ്ചലോ ആന്റോണിയോണിയുടെ ദി പാസ്സന്ജർ കണ്ടതാണ് സിനിമയിലേക്ക് തിരിയാൻ പ്രചോദനമായതെന്ന് ജോഷി പറഞ്ഞു. ഫ്രെഡറിക് വൈസ്മാന്റെ ഹോസ്പിറ്റൽ എന്ന ചിത്രം ഡോക്യുമെന്ററി സിനിമയെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാടിൽ മാറ്റമുണ്ടാക്കിയതായി അദ്ദേഹം ഓർത്തെടുത്തു. 1980-കളിലെ കൊൽക്കത്തയിൽ ഡോക്യുമെന്ററി സിനിമകൾ ഒരുക്കുന്നതിനായി ഉണ്ടായിരുന്ന ക്യാമറ, ഫിലിം സ്റ്റോക്ക്, പ്രോസസിംഗ് സൗകര്യങ്ങൾ, സാമ്പത്തിക സഹായം എന്നിവയുടെ പരിമിതികളെക്കുറിച്ചും ജോഷി സംസാരിച്ചു. വിദേശ ടെലിവിഷൻ ശൃംഖലകളിൽ നിന്ന് ലഭിച്ച പിന്തുണ തന്റെ ഇലവൻ മൈൽസ് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ നിർണായകമായതായും അദ്ദേഹം പറഞ്ഞു
ഡോക്യുമെന്ററിയും ഫിക്ഷനും തമ്മിലുള്ള അതിർവരമ്പുകൾ എല്ലായ്പ്പോഴും കർശനമായി നിലനിൽക്കേണ്ടതില്ലെന്നും ഇലവൻ മൈൽസ് ഉൾപ്പെടെയുള്ള തന്റെ സിനിമകളിലൂടെ ഈ സ്വാതന്ത്ര്യം പരീക്ഷിച്ചിട്ടുണ്ടെന്നും ജോഷി പറഞ്ഞു. ഫിലിം സ്കൂളുകളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും സിനിമാനിർമാണത്തിലുണ്ടാക്കിയ മാറ്റങ്ങളും അദ്ദേഹം സൂചിപ്പിച്ചു. പ്രശസ്തനായ ഇന്ത്യൻ നോവലിസ്റ്റും പത്രപ്രവർത്തകനും ചലച്ചിത്ര നിർമ്മാതാവുമാണ് റുചിർ ജോഷി. കൊൽക്കത്തയിൽ ജനിച്ചു വളർന്ന അദ്ദേഹം, കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ വിവിധ മുൻനിര മാധ്യമങ്ങളിൽ കോളം എഴുത്തുകാരനായി പ്രവർത്തിക്കുന്നു. ജോഷി സംവിധാനം ചെയ്ത ഇലവൻ മൈൽസ്, ടെയിൽസ് ഫ്രം പ്ലാനറ്റ് കൊൽക്കത്ത, എന്നീ ഡോക്യുമെന്ററികൾ അന്താരാഷ്ട്ര തലത്തിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ