'യവനിക'യുടെ പുതിയ പതിപ്പുകളിൽ എസ്എൽ പുരം സദാനന്ദനില്ല, കെ ജി ജോർജിനെതിരെ വിവാദം

By Web TeamFirst Published Dec 11, 2019, 12:17 PM IST
Highlights

1982 ൽ പുറത്തിറങ്ങിയ സിനിമയുടെ തിരക്കഥാകൃത്തായിരുന്ന എസ്എൽപുരം സദാനന്ദന്‍റെ പേര് ചിത്രത്തിന്‍റെ പുതിയ പതിപ്പുകളിൽ നിന്ന് ഒഴിവാക്കിയെന്ന പരാതിയുമായി അദ്ദേഹത്തിന്‍റെ കുടുംബം രംഗത്തെത്തി

വനിക സിനിമയുടെ തിരക്കഥയെ ചൊല്ലി മലയാള സിനിമയിൽ പുതിയ വിവാദം. 1982 ൽ പുറത്തിറങ്ങിയ സിനിമയുടെ തിരക്കഥാകൃത്തായിരുന്ന എസ്എൽപുരം സദാനന്ദന്‍റെ പേര് ചിത്രത്തിന്‍റെ പുതിയ പതിപ്പുകളിൽ നിന്ന് ഒഴിവാക്കിയെന്ന പരാതിയുമായി അദ്ദേഹത്തിന്‍റെ കുടുംബം രംഗത്തെത്തി. പ്രശസ്തിക്ക് വേണ്ടി സംവിധായകൻ കെ ജി ജോർജ്ജ് നടത്തിയ നീക്കമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.

യവനിക സിനിമയുടെ പഴയ പതിപ്പിൽ തിരക്കഥാകൃത്തിന്‍റെ സ്ഥാനത്ത് കെജി ജോ‍ർജ്ജിനൊപ്പം എസ് എൽ പുരം സദാനന്ദന്‍റെ പേരുമുണ്ടായിരുന്നു. എന്നാൽ യൂട്യൂബിൽ അടക്കം, പുതിയ പതിപ്പുകളിൽ കെജി ജോർ‍‍‍‍‍ജ്ജിന്‍റെ പേര് മാത്രമാണുള്ളത്. ഇതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. 1982 ൽ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന സർക്കാരിന്‍റെ അവാ‍ർഡ് യവനിക സിനിമയ്ക്കായിരുന്നു. ഇത് കെജി ജോർജ്ജും എസ്എൽ പുരവും പങ്കിട്ടു.

ഈ അംഗീകാരം പോലും മായ്ച്ച് കളയുന്ന രീതിയിലാണ് സിനിമയുടെ പുതിയ പതിപ്പുകളിൽ നിന്ന് എസ്എൽപുരത്തെ പൂർണ്ണമായി ഒഴിവാക്കിയെതെന്നും മകൻ ആരോപിക്കുന്നു. 2007 ൽ യവനികയുടെ തിരക്കഥ പുസ്തകമായി ഇറങ്ങിയപ്പോഴും എസ്എൽ പുരത്തിന്‍റെ പേര് ഒഴിവാക്കിയതിനെചൊല്ലി വിവാദം ഉയർന്നിരുന്നു. എന്നാൽ പുസ്തകത്തിൽ പേര് ചേർക്കാൻ വിട്ടുപോയതാണെന്ന കെ ജി ജോർജ്ജിന്‍റെ വിശദീകരണത്തോടെ അന്ന് വിവാദം അവസാനിച്ചു. എന്നാൽ സിനിമയുടെ പുതിയ പതിപ്പുകളിൽ എസ്എൽ പുരത്തിന്‍റെ പേര് പൂർണ്ണമായി വെട്ടിമാറ്റിയിരിക്കുന്നു. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.
 

click me!