തെലുങ്കില്‍ 'ഗാന്ധി' സംസാരിച്ചത് എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ ശബ്‍ദത്തില്‍!

By Web TeamFirst Published Sep 25, 2020, 1:39 PM IST
Highlights

തെലുങ്കിന്റെ വെള്ളിത്തിരയില്‍ 'ഗാന്ധി' സംസാരിച്ചത് എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ ശബ്‍ദത്തില്‍ ആയിരുന്നു.


പറഞ്ഞുതീരാത്ത വിശേഷങ്ങളാണ് എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ പേരിനൊപ്പമുണ്ടാകുക. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പാടി റെക്കോര്‍ഡ് ചെയ്യപ്പെട്ട ഗായകൻ. എല്ലാ ഫോര്‍മാറ്റിലും എന്ന പോലെ ഓണ്‍ലൈനിലും തരംഗമായ ഗായകൻ. 24 മണിക്കൂറിനുള്ളില്‍ 21 ഗാനങ്ങള്‍ പാടിയ ഗായകൻ. മികച്ച പിന്നണിഗായകനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ആറ് തവണയാണ് അദ്ദേഹത്തെ തേടിയെത്തിയത്. രാഷ്‍ട്രപിതാവ് മഹാത്മഗാന്ധിയുടെ രൂപത്തിന് വെള്ളിത്തിരയില്‍ ശബ്‍ദം പകര്‍ന്ന ആര്‍ടിസ്റ്റ് എന്ന പ്രത്യേകത കൂടിയുണ്ട് എസ് പി ബാലസുബ്രഹ്‍മണ്യത്തിന്.

റിച്ചാര്‍ഡ് ആറ്റൻബോറോ സംവിധാനം ചെയ്‍ത് ഗാന്ധി എന്ന സിനിമയ്‍ക്കാണ് എസ് പി ബാലസുബ്രഹ്‍മണ്യം ശബ്‍ദം നല്‍കിയത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലെ ഗാന്ധിക്കായിരുന്നു എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ ശബ്‍ദം. ചിത്രത്തിലെ ഗാന്ധിയായ ബെൻ കിംഗ്‍സ്‍ലെ സംസാരിച്ചത് എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റേ ശബ്‍ദത്തില്‍. കമല്‍ഹാസൻ നായകനായ ദശാവതാരം തെലുങ്കിലെത്തിയപ്പോഴും ശബ്‍ദം എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റേതായിരുന്നു.  കമല്‍ഹാസന്റെ ഏഴ് കഥാപാത്രങ്ങള്‍ക്കാണ് എസ് പി ബാലസുബ്രഹ്‍മണ്യം ശബ്‍ദം നല്‍കിയത്. ഒരു പെണ്‍ കഥാപാത്രത്തിന് അടക്കം.

ഗായകനായുള്ള അവാര്‍ഡുകള്‍ വാരിക്കൂട്ടിയ എസ് പി ബാലസുബ്രഹ്‍മണ്യത്തിന്റെ ഡബ്ബിംഗിനും അംഗീകാരം തേടിയെത്തി. മികച്ച പുരുഷ ഡബ്ബിംഗ് കലാകാരനുള്ള  അവാര്‍ഡ് അന്നമയ്യ എന്ന ചിത്രത്തിലും ശ്രി സായ് മഹിമ എന്ന ചിത്രത്തിനുമായിരുന്നു ലഭിച്ചത്. ഹിറ്റ് നായകൻ നന്ദാമുരി ബാലകൃഷ്‍ണയുടെ ശ്രീ രാമ രാജ്യം എന്ന സിനിമ തമിഴിലേക്ക് എത്തിയപ്പോഴും ശബ്‍ദം പകര്‍ന്നത് എസ് പി ബാലസുബ്രഹ്‍മണ്യമായിരുന്നു.

click me!