ആവേശമാകാൻ ചുമ്മാ കിഴി, രജനികാന്ത് ചിത്രത്തിലെ ഗാനത്തെ കുറിച്ച് എസ് പി ബാലസുബ്രഹ്‍മണ്യം

By Web TeamFirst Published Nov 26, 2019, 9:23 PM IST
Highlights

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന ചിത്രത്തിലെ സുമ്മാ കിഴി എന്ന ഗാനത്തെ കുറിച്ച് ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം.

രജനികാന്ത് നായകനായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രമാണ് ദര്‍ബാര്‍. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ആദ്യത്തെ പാട്ടിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ് ഗാനം ആലപിക്കുന്നത് എന്ന പത്യേകതയുമുണ്ട്. അതിനാല്‍ തന്നെ ആരാധകര്‍ വലിയ ആകാംക്ഷയിലുമാണ്. ദര്‍ബാര്‍ കഴിഞ്ഞാല്‍, രജനികാന്ത് നായകനാകുന്നത് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും സിരുത്തൈ ശിവയുടെ സിനിമ ഒരുക്കുക.

അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ചുമ്മാ കിഴി എന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് വിവേക് ആണ്. നാളെയാണ് ഗാനം പുറത്തിറക്കുകയെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ചുമ്മാ കിഴി എന്ന ഗാനം മികച്ച രീതിയില്‍ അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനം ചെയ്‍തിട്ടുണ്ടെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു.

ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്.

ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്.   1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.   ആദിത്യ അരുണാസലം എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം.

അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

click me!