'ഞാൻ നിങ്ങളെ വെറുക്കുന്നു ദുല്‍ഖര്‍', കത്ത് എഴുതി തെലുങ്ക് യുവ താരം

By Web TeamFirst Published Aug 10, 2022, 3:07 PM IST
Highlights

'സീതാ രാമ'ത്തിന്റെ പ്രവര്‍ത്തകര്‍ക്ക് കത്ത് എഴുതി തെലുങ്ക് യുവ താരം.

ദുല്‍ഖര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'സീതാ രാമം'. ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ 'സീതാ റാം' പ്രവര്‍ത്തകരെ അഭിനന്ദിച്ച് തെലുങ്ക് യുവതാരം സായ് ധരം തേജ് എഴുതിയ ഒരു  കത്താണ് ചര്‍ച്ചയാകുന്നത്.

ഹനുവിനെയും 'സീതാ രാമം' ചിത്രത്തിലെ ഓരോ അഭിനേതാക്കളെയും എടുത്തു പറഞ്ഞ് സാമൂഹ്യ മാധ്യമത്തിലൂടെ അഭിനന്ദിച്ചിരിക്കുകയാണ് സായ് ധരം തേജ്. ദുല്‍ഖറിന്റെ അഭിനയത്തെയും പ്രത്യേകം അഭിനന്ദിക്കുന്നു. ദുല്‍ഖര്‍, നിങ്ങളുടെ പല സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. ഞാൻ നിങ്ങളുടെ സിനിമകളുടെ ആരാധകനാണ്. ഒരു അഭിനേതാവെന്ന നിലയില്‍ നിങ്ങളെ അത്ഭുതത്തോടെ കാണേണ്ടി വന്ന ഈ സിനിമ കാരണം ഞാൻ നിങ്ങളെ വെറുക്കുന്നു. ഓരോ രംഗത്തെയും നിങ്ങളുടെ പെര്‍ഫോര്‍മൻസ് ഞാൻ ആദരവോടെ കാണുകയായിരുന്നു. നടത്തത്തിലും ഇരിപ്പിലും എല്ലാം നിങ്ങള്‍ 'റാം' ആയിരുന്നു. നിങ്ങള്‍ 'റാമാ'യി ജീവിക്കുകയായിരുന്നു- സായ് ധരം തേജ് സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കത്തില്‍ പറയുന്നു.

ప్రియమైన టీమ్ అందరికీ,
మీ సాయి ధరమ్ తేజ్ వ్రాయునది.. ✍️ pic.twitter.com/eQMZk8MdCF

— Sai Dharam Tej (@IamSaiDharamTej)

'സീതാ രാമം' സ്വീകരിച്ച തെലുങ്ക് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. തെലുങ്ക് പ്രേക്ഷകരോട് എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. തെലുങ്കില്‍ ആദ്യമായി ഡബ്ബ് ചെയ്‍ത എന്റെ ചിത്രം 'ഒകെ ബംഗരം' ആയിരുന്നു. എന്റെ ആദ്യത്തെ സിനിമയില്‍ തന്നെ വളരെയധികം സ്‍നേഹം ലഭിക്കുന്നതിന് കാരണമായ മണി സാറിന് നന്ദി. തുടര്‍ന്ന് നാഗിയും വൈജയന്തിയും 'മഹാനടി'യില്‍ അഭിനയിക്കുന്നതിന് എനിക്ക് അവസരം നല്‍കി. ഞാൻ പ്രതീക്ഷിച്ചതിന് അപ്പുറമായിരുന്നു ചിത്രത്തിലെ കഥാപാത്രത്തിന് എനിക്ക് ലഭിച്ച സ്‍നേഹവും ആദരവും. 'കുറുപ്പ്' ഡബ്ബ് ചെയ്‍തപ്പോഴും നിങ്ങള്‍ നല്‍കിയ സ്‍നേഹം ഒരിക്കലും മറക്കാനാവുന്നതല്ല.

'സീതാ രാമ'ത്തിനായി സ്വപ്‍നയും ഹനുവും എന്നെ സമീപിച്ചപ്പോള്‍ എനിക്ക് അറിയാമായിരുന്നു ഞാൻ സുരക്ഷിതമായ കൈകളിലാണ് എന്ന്. നല്ല ഒരു സിനിമ ഞങ്ങള്‍ക്ക് ചെയ്യാനാകും എന്ന് അറിയാമായിരുന്നു. ഒരുപാട് കലാകാരൻമാരുടെയും പ്രതിഭകളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കൂട്ടായ പ്രയ്നത്താലാണ് ഇത് മനോഹരമായത്. ചിത്രത്തിന്റെ റിലീസ് ദിവസം ഞാന്‍ കരഞ്ഞുപോയി. ഹനുവിനോടും, മൃണാളിനോടും രശ്‍മികയോടും സുമന്തിനോടും, വിശാലിനോടും പി എസ് വിനോദിനോടും എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‍നേഹം വാക്കുകളാല്‍ വിശദീകരിക്കാനാകാത്തതാണ്. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞാണ് ദുല്‍ഖര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

 'ലഫ്റ്റനന്റ് റാം' എന്ന കഥാപാത്രമായി ദുൽഖർ  എത്തുന്ന ചിത്രം കശ്‍മിർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി എസ് വിനോദ്, ശ്രേയസ് കൃഷ്‍ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് 'റാം' എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും ഹനു രാഘവപ്പുഡി പറഞ്ഞിരുന്നു.

നിർമ്മാതാക്കൾ: അശ്വിനി ദത്ത്, ബാനർ: സ്വപ്‍ന സിനിമ, അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്‍ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം, പിആർഒ: ആതിര ദിൽജിത്.

Read More : 'സീതാ രാമ'ത്തിന്റെ വിലക്ക് നീങ്ങി, യുഎഇയില്‍ റിലീസ് തീരുമാനിച്ചു

click me!