
സൈജു കുറുപ്പ് നായകനാകുന്ന വെബ് സീരീസാണ് ജയ് മഹേന്ദ്രൻ. സോണിലിവിലൂടെയാണ് സൈജു കുറുപ്പിന്റെ സീരീസ് കാണാനാകുക. സംവിധാനം നിര്‍വഹിക്കുന്നത് ശ്രീകാന്ത് മോഹനാണ്. സീരീസിന്റെ റിലീസ് ഒക്ടോബര്‍ 11നാണ്.
രാഷ്ട്രീയ സ്വാധീനവും ആരെയും കൈയിലെടുക്കാനുള്ള കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാൻ മിടുക്കുള്ള ഓഫിസർ 'മഹേന്ദ്രനാ'ണ് പരമ്പരയുടെ കേന്ദ്രകഥാപാത്രം. എന്നാൽ ആ രാഷ്ട്രീയ തന്ത്രങ്ങളുടെ ഇരയായി 'മഹേന്ദ്രനും' മാറുന്നു. അതോടെ അയാൾക്ക് തന്റെ ഓഫിസിലുണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും നഷ്‍ടമാകുന്നു. അയാളുടെ ആശയങ്ങളും ചിന്താഗതിയുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. സ്വന്തം ജോലി സംരക്ഷിക്കാനും കൈമോശം വന്ന സൽപ്പേര് വീണ്ടെടുക്കാനും 'മഹേന്ദ്രൻ' വല്ലാതെ കഷ്‍ടപ്പെടുന്നു. വേണ്ടിവന്നാൽ അതിന് സിസ്റ്റത്തെ മുഴുവൻ അട്ടിമറിക്കാനും അയാൾ തയ്യാറാകും. ഈ തീക്കളിയിൽ 'മഹേന്ദ്രൻ' ജയിക്കുമോ തോൽക്കുമോ എന്നറിയാൻ സോണി ലിവ് പരമ്പരക്കായി കാത്തിരിക്കാം.
ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഫിലിംമേക്കർ രാഹുൽ റിജി നായരാണ് 'ജയ് മഹേന്ദ്രന്റെ' കഥയെഴുതുന്നതും നിർമിക്കുന്നതും. സൈജു കുറുപ്പിനൊപ്പം, സുഹാസിനി, മിയ, സുരേഷ് കൃഷ്‍ണ, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്‍ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രാഹുൽ റിജി നായർ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. വളരെ വ്യത്യസ്‍തമായ ഇതിവൃത്തവും അവതരണരീതിയുമാണ് ഒരുങ്ങുന്നത്. ചിരിക്കും പ്രധാന്യമുള്ള ഒരു വെബ് സീരീസാണ് ജയ് മഹേന്ദ്രൻ.
സോണി ലിവിന്റെ ഇന്ത്യൻ ഉള്ളടക്കത്തിൽ വ്യത്യസ്‍തതകളും വൈവിധ്യങ്ങളും കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് 'ജയ് മഹേന്ദ്രൻ' എന്ന് ഹെഡ് ഓഫ് കണ്ടന്റ് സൗഗത മുഖർജി പറയുന്നു. ഇന്ത്യക്ക് വേണ്ടി കണ്ടന്റ് ഉണ്ടാക്കുമ്പോൾ, വ്യത്യസ്‍തരായ നിരവധി കാലകരന്മാരുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്നു എന്ന ഗുണമുണ്ട്. ഓരോ ഭാഷയിലും ചിത്രങ്ങൾ നിർമ്മിക്കുമ്പോൾ വ്യത്യസ്‍തങ്ങളായ സംസ്‍കാരങ്ങളെയും വീക്ഷണങ്ങളെയും കൂടി അവതരിപ്പിക്കുകയും അവ തമ്മിലുള്ള അകലം കുറയ്ക്കാനുള്ള അവസരവുമാണ് കിട്ടുന്നത് എന്നും സോണി ലിവ് ഹെഡ് ഓഫ് കണ്ടന്റ് സൗഗത മുഖർജി പറഞ്ഞു. ഒരു ഓഫിസറുടെ ജീവിതം വ്യത്യസ്‍ത വീക്ഷണകോണുകളിലൂടെ അവതരിപ്പിക്കാനാണ് 'ജയ് മഹേന്ദ്രൻ' ശ്രമിക്കുന്നത് എന്ന് പരമ്പരയുടെ നിർമാതാവ് രാഹുൽ റിജി നായർ പറഞ്ഞു. പല ഘട്ടങ്ങളിലായുള്ള അധികാരകേന്ദ്രീകരണം കാരണം സിസ്റ്റം വളരെ സങ്കീർണമായിരിക്കും. പക്ഷെ പ്രേക്ഷകർക്ക് എളുപ്പത്തിൽ മനസ്സിലാക്കാനും അതേസമയം അവർക്ക് ആസ്വദിക്കാനും കഴിയുന്ന ഒരു പരമ്പരയാണ് ഒരുക്കുന്നതെന്നും രാഹുൽ റിജി നായർ ചൂണ്ടിക്കാട്ടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ