
ബോളിവുഡ് സിനിമാ പ്രേമികൾ ഒന്നങ്കം കാത്തിരിക്കുന്ന സൽമാൻ ഖാൻ(Salman Khan) ചിത്രമാണ് 'ടൈഗർ 3'(Tiger 3). മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കത്രീന കൈഫാണ്(Katrina Kaif ) നായികയായി എത്തുന്നത്. കത്രീനയുടെ വിവഹാ ശേഷം എത്തുന്ന ചിത്രം കൂടിയാണിത്. സിനിമ അടുത്ത വർഷം ഏപ്രിൽ 23ന് റിലീസ് ചെയ്യും.
ഈദ് റിലീസായാണ് ടൈഗർ 3 ആടുത്തവർഷം എത്തുക. ഡേറ്റ് അനൗൺസ്മെന്റിനൊപ്പം ടീസറും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. കത്രീനയുടെ ഫൈറ്റോടു കൂടിയാണ് വീഡിയോ തുടങ്ങുന്നത്. ശേഷം സൽമാൻ ഖാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെയും കാണിക്കുന്നുണ്ട്. വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മാസും ഫൈറ്റും നിറഞ്ഞതാകും ചിത്രമെന്നാണ് വീഡിയോ നൽകുന്ന സൂചന. ആദിത്യ ചോപ്രയാണ് ചിത്രത്തിന്റെ നിർമ്മാണം.
ഏക് താ ടൈഗർ, ടൈഗർ സിന്ദാ ഹേ, മൈനേ പ്യാർ ക്യൂൻ കിയ, പാർട്‌ണർ തുടങ്ങിയ ചിത്രങ്ങളിൽ കത്രീനയും സൽമാനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കത്രീന അഭിനയിച്ച നിരവധി ചിത്രങ്ങളിൽ സൽമാൻ ഖാൻ അതിഥി വേഷങ്ങളിലും എത്തിയിരുന്നു. 2019ൽ പുറത്തിറങ്ങിയ ഭാരത് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.
അക്ഷയ് കുമാറിനൊപ്പം രോഹിത് ഷെട്ടിയുടെ സൂര്യവംശി എന്ന ചിത്രത്തിലാണ് കത്രീന ഒടുവിൽ അഭിനയിച്ചത്. ഹിന്ദി ബിഗ് ബോസ് സീസൺ 15ലാണ് സൽമാൻ ഖാൻ ഇപ്പോൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. അത്തിം എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
നാല് വർഷത്തിനുശേഷം 'കിംഗ് ഖാൻ' സ്ക്രീനിൽ; 'പത്താൻ' ടീസർ, റിലീസ് അടുത്തവർഷം
ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ(Shahrukh Khan) നായകനാകുന്ന പുതിയ ചിത്രം 'പത്താന്റെ' ടീസറും(Pathan Teaser) റിലീസ് തിയതിയും പുറത്തുവിട്ടു. നാല് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം അടുത്ത വർഷം ജനുവരി 25ന് ലോകമെമ്പാടും റിലീസ് ചെയ്യും.
ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതിപ്പിക്കുന്നുണ്ട്. ഇരുവരും പത്താനെ പരിചയപ്പെടുത്തുന്നതാണ് ടീസർ. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോൾ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാൻ നടന്നു വരുന്നതും ടീസറിൽ കാണാം.
'അൽപ്പം വൈകിയെന്ന് അറിയാം. എന്നാലും ഈ തീയതി ഓർത്തുവെച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളിൽ കാണാം', എന്ന് ടീസർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചത്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സൽമാൻ ഖാനും സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
2018ല്‍ പുറത്തെത്തിയ 'സീറോ'യ്ക്കുശേഷമാണ് ഒരു ഷാരൂഖ് ഖാൻ ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ദീപികയും ഷാരൂഖും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആക്ഷന്‍ ഡ്രാമ വിഭാഗത്തിൽപ്പെടുന്നതാണ് ചിത്രം. 2020ന്റെ അവസാനം ചിത്രീകരണമാരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. യാഷ് രാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.