സല്‍മാന്‍ ഖാന് വധഭീഷണി; ബിഷ്ണോയ് സമുദായം നടനെ വെറുതെ വിടില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ്

By Web TeamFirst Published Sep 24, 2019, 8:57 PM IST
Highlights

''ഇന്ത്യന്‍ നിയമത്തില്‍ നിന്ന് സല്‍മാന്‍ ഖാന്‍ രക്ഷപ്പെടുമായിരിക്കും, എന്നാല്‍ ബിഷ്ണോയ് സമുദായത്തിന്‍റെ നിയമത്തില്‍ നിന്ന് അയാള്‍ രക്ഷപ്പെടില്ല'' എന്നാണ് പോസ്റ്റില്‍....

ജയ്പൂര്‍: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ സമൂഹമാധ്യമത്തിലൂടെ വധഭീഷണി. കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസില്‍ കോടതിയില്‍ വിചാരണനടക്കുന്നതിനിടെയാണ് സല്‍മാന്‍ ഖാന് നേരെ വധഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഗാരി ഷൂട്ടര്‍ എന്നയാണ് ഫേസ്ബുക്കിലൂടെ വധഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. സോപു എന്ന ഗ്രൂപ്പിലാണ് ഹിന്ദിയില്‍ വധഭീഷണി പോസ്റ്റ് ചെയ്തത്. 

ഇന്ത്യന്‍ നിയമത്തില്‍ നിന്ന് സല്‍മാന്‍ ഖാന്‍ രക്ഷപ്പെടുമായിരിക്കും, എന്നാല്‍ ബിഷ്ണോയ് സമുദായത്തിന്‍റെ നിയമത്തില്‍ നിന്ന് അയാള്‍ രക്ഷപ്പെടില്ലെന്നാണ് പോസ്റ്റ്. കൃഷ്ണ മൃഗത്തെ സംരക്ഷിക്കുകയും മൃഗങ്ങളെ ദൈവമായി കാണുകയും ചെയ്യുന്ന വിഭാഗമാണ് ബിഷ്ണോയ് സമൂഹം. സല്‍മാന്‍ ഖാന് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ജോദ്പൂര്‍ ഡിസിപി ധര്‍മേന്ദ്ര സിംഗ് യാദവ് പറഞ്ഞു. 

സംരക്ഷിത വനമേഖലയില്‍ അനധികൃതമായി കടന്നു, വംശനാശ ഭീഷണി നേരിടുന്ന മാനിനെ കൊലപ്പെടുത്തി, ലൈസന്‍സ് ഇല്ലാത്ത ആയുധം വേട്ടയ്ക്കായി ഉപയോഗിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സല്‍മാനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ വിചാരണ നേരിടാന്‍ സല്‍മാന്‍ ഖാന്‍ വെള്ളിയാഴ്ച കോടതിയിലെത്തുമെന്നാണ് കരുതുന്നത്. 

1998 സെപ്റ്റംബർ 26ന് ജോദ്പൂരിലെ ഭവാദിൽ വച്ചും 28ന് ഗോദാഫാമിൽ വച്ചുമാണ് സൽമാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. 2007-ല്‍ ഈ കേസില്‍ അഞ്ചുകൊല്ലം തടവിന് ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഓരാഴ്ചത്തെ ജയില്‍വാസത്തിനുശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു. 1998 ഒക്ടോബറില്‍ ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരങ്ങള്‍ രാജസ്ഥാനിലെ ജോധ്പൂരിലെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. കങ്കാണി ഗ്രാമത്തില്‍ രാത്രി വേട്ടയ്ക്കിറങ്ങിയ ഖാനും സംഘവും കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നായിരുന്നു കേസ്. 

click me!