സല്‍മാന്‍ വരും; പാന്‍ ഇന്ത്യന്‍ ഹിറ്റ് ആവുമോ തെലുങ്ക് 'ലൂസിഫര്‍'?

By Web TeamFirst Published Aug 26, 2021, 8:04 PM IST
Highlights

ചിരഞ്ജീവിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് സല്‍മാന്‍ ഖാന്‍

ടോളിവുഡിലെ വരാനിരിക്കുന്ന പ്രോജക്റ്റുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയെടുത്ത ഒന്നാണ് ചിരഞ്ജീവി നായകനാവുന്ന 'ഗോഡ്‍ഫാദര്‍'. പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച 'ലൂസിഫറി'ന്‍റെ തെലുങ്ക് റീമേക്ക് ആണ് 'ഗോഡ്‍ഫാദര്‍'. ചിത്രത്തിനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് എത്രത്തോളമുണ്ടെന്നതിന് തെളിവാണ് ദിവസേനയെന്നോണം വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‍റെ താരനിര്‍ണ്ണയും പിന്നെയും വാര്‍ത്തകളില്‍ നിറയുകയാണ്. 

ലൂസിഫറില്‍ പൃഥ്വിരാജ് അവതരിപ്പിച്ച എക്സ്റ്റന്‍ഡഡ് കാമിയോ വേഷമായിരുന്ന 'സയീദ് മസൂദി'നെ തെലുങ്കില്‍ അവതരിപ്പിക്കാന്‍ ചിരഞ്ജീവി സാക്ഷാല്‍ സല്‍മാന്‍ ഖാനെ ക്ഷണിച്ചതായി കഴിഞ്ഞ വാരം തന്നെ വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ കഥാപാത്രത്തില്‍ ആവേശം തോന്നാത്ത സല്‍മാന്‍ ഓഫര്‍ നിരസിച്ചെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ സല്‍മാന്‍ ഖാന്‍ ഗോഡ്‍ഫാദറിന്‍റെ ഭാഗമാകുമെന്നു തന്നെയാണ് പുതിയ വിവരം. ചിരഞ്ജീവിയുടെ 153-ാം ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം ഭാഗമാവുമെന്ന് ഫിലിംഫെയര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിരഞ്ജീവിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നയാളാണ് സല്‍മാന്‍ ഖാന്‍. സല്‍മാന്‍ എത്തുന്നതോടെ ചിത്രത്തിന് പാന്‍ ഇന്ത്യന്‍ അപ്പീല്‍ കൈവരുമെന്നും വിപണിമൂല്യം വര്‍ധിക്കുമെന്നുമാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.

 

അതേസമയം ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ആരൊക്കെ അവതരിപ്പിക്കും എന്നത് സംബന്ധിച്ചും നിരവധി റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ വിവേക് ഒബ്റോയ് അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ ബിജു മേനോന്‍ അവതരിപ്പിക്കുമെന്നും മഞ്ജു വാര്യര്‍ക്കു പകരം നയന്‍താരയും ടൊവിനോയ്ക്കു പകരം വിജയ് ദേവരകൊണ്ടയും എത്തുമെന്നുമൊക്കെ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഔദ്യോഗിസ സ്ഥിരീകരണം വന്നാലേ ഇവ വിശ്വാസത്തിലെടുക്കാനാവൂ. മോഹന്‍ രാജയാണ് 'ലൂസിഫര്‍' തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത്. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ക്കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാവും റീമേക്ക് എത്തുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!